സ്വന്തം ലേഖകൻ: വർധിച്ചുവരുന്ന പ്രാദേശിക സംഘർഷങ്ങൾക്കിടയിൽ മധ്യപൂർവദേശത്തിന്റെ പല ഭാഗങ്ങളിലും വ്യോമപാതകൾ അടച്ചതിനാൽ യുഎഇ ആസ്ഥാനമായുള്ള എയർലൈനുകൾ ഒട്ടേറെ വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തു. എമിറേറ്റ്‌സ്, ബ്രിട്ടിഷ് എയർവേയ്‌സ്, ലുഫ്താൻസ, ഖത്തർ എയർവേയ്‌സ്, ദുബായ്, ദോഹ, അബുദാബി തുടങ്ങിയ പ്രമുഖ മിഡിൽ ഈസ്റ്റ് ഹബ്ബുകളിലേക്കുള്ള 80-ഓളം വിമാനങ്ങൾ ചൊവ്വാഴ്ച, ക്വയ്റോ, യൂറോപ്യൻ നഗരങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലേക്ക് തിരിച്ചുവിട്ടു. ട്രാക്കിങ് സേവനമായ ഫ്ലൈറ്റ് റഡാർ24 (FlightRadar24)-ൽ ഇതേക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാണ്.
പല എയർലൈനുകളും ഈ മേഖലയിലേക്കുള്ള വിമാനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയോ അല്ലെങ്കിൽ ബാധിത വ്യോമാതിർത്തി ഉപയോഗിക്കുന്നത് ഒഴിവാക്കുകയോ ചെയ്തതായി അധികൃതർ പറഞ്ഞു. ദുബായുടെ മുൻനിര വിമാനക്കമ്പനിയായ എമിറേറ്റ്‌സ് ഇറാഖ് (ബസ്ര, ബാഗ്ദാദ്), ഇറാൻ (ടെഹ്‌റാൻ), ജോർദാൻ (അമ്മാൻ) എന്നിവിടങ്ങളിലേയ്ക്കു ഇന്നും നാളെ(3)യും പറക്കേണ്ട എല്ലാ വിമാനങ്ങളും റദ്ദാക്കി. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയും ഉപയോക്താക്കൾക്കുണ്ടാകുന്ന അസൗകര്യങ്ങൾ ഒഴിവാക്കാൻ ശ്രമങ്ങൾ നടത്തുകയും ചെയ്യുന്നതായി അറിയിച്ചു.
ഇറാഖ്, ഇറാൻ, ജോർദാൻ എന്നിവിടങ്ങളിലേയ്ക്ക് ദുബായ് വഴി ട്രാൻസിറ്റ് ചെയ്യുന്ന യാത്രക്കാർക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ യാത്ര ചെയ്യാൻ സാധിക്കില്ലെന്നും എയർലൈൻ അറിയിച്ചു. മേഖലയിലെ പ്രക്ഷുബ്ധമായ സാഹചര്യത്തെ തുടർന്ന് എല്ലാ കുവൈത്ത് വിമാനങ്ങളുടെയും റൂട്ടുകളിൽ മാറ്റം വരുത്തിയെന്ന് കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA) അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയെ മുൻനിർത്തിയാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്.
റൂട്ടുകളിലെ മാറ്റം കാരണം ചില വിമാനങ്ങൾ കുവൈത്തിൽ വൈകിയെത്തുമെന്ന് എവിയേഷന്‍ സേഫ്റ്റി ആൻഡ് എയര്‍ ട്രന്‍സ്‌പോര്‍ട്ട് അഫേഴ്‌സ് ആക്ടിങ് ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അല്‍ രാജ്ഹി വ്യക്തമാക്കി. എല്ലാ കുവൈത്ത് വിമാനങ്ങളും സുരക്ഷിതമാണ്. കുവൈത്തിലേക്കും മറ്റ് വിമാനത്താവളങ്ങളിലേക്കും സുരക്ഷിതമായ രീതിയിൽ വിമാനങ്ങളുടെ വരവ് ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിമാനങ്ങളുടെയും റൂട്ടുകളിൽ മാറ്റം വരുത്തിയ സാഹചര്യത്തിൽ യാത്രക്കാർ തങ്ങളുടെ യാത്രാ പദ്ധതികളിൽ അനുബന്ധ മാറ്റങ്ങൾ വരുത്തേണ്ടതായി വന്നേക്കാം. വിമാന കമ്പനികളുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വിവരങ്ങൾ പരിശോധിക്കുന്നത് നല്ലതാണ്.
പശ്ചിമേഷ്യയെ കൂടുതല്‍ സംഘര്‍ഷഭരിതമാക്കി ഇറാന്‍ ഇസ്രയേലിനെ ആക്രമിച്ചതോടെ വിമാന സര്‍വീസുകളും മുടങ്ങി. ജര്‍മ്മനിയില്‍ നിന്ന് പുറപ്പെട്ട് പശ്ചിമേഷ്യന്‍ മേഖലയുടെ ആകാശത്ത് കൂടെ സഞ്ചരിച്ച് ഇന്ത്യയില്‍ എത്തേണ്ടിയിരുന്ന രണ്ട് വിമാനങ്ങള്‍ പാതിവഴിയില്‍ തിരികെ ജര്‍മ്മനിയിലേക്ക് മടങ്ങി. ജര്‍മ്മന്‍ വിമാന കമ്പനിയായ ലുഫ്താന്‍സയുടെ വിമാനങ്ങളാണ് ചൊവ്വാഴ്ച രാത്രി തിരികെ പോയത്.
ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട LH 756, ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട LH 752 എന്നീ വിമാനങ്ങള്‍ തുര്‍ക്കിയ്ക്ക് മുകളിലെത്തിയപ്പോഴാണ് ഇറാന്‍ ഇസ്രയേലിനെതിരെ മിസൈല്‍ ആക്രമണം നടത്തിയത്. തുടര്‍ന്ന് അടിയന്തരമായി വിമാനങ്ങള്‍ തിരികെ ഫ്രാങ്ക്ഫര്‍ട്ടിലേക്ക് തിരിച്ചുവിടുകയായിരുന്നു.
പിന്നാലെ ഇന്ത്യയില്‍ നിന്ന് ജര്‍മ്മനിയിലേക്കുള്ള മടക്ക വിമാനങ്ങള്‍ ലുഫ്താന്‍സ റദ്ദാക്കി. നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഇറാഖ്, ഇറാന്‍, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളുടെ വ്യോമപാതയിലൂടെ ഇനി സര്‍വീസ് ഉണ്ടാകില്ലെന്ന് ലുഫ്താന്‍സ അറിയിച്ചു.
സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ സ്വീസ് എയർലൈന്‍സും ഈ രാജ്യങ്ങളുടെ മുകളിലൂടെ സര്‍വീസ് ഉണ്ടാകില്ല എന്ന് വ്യക്തമാക്കി. ഇന്ത്യ ഉള്‍പ്പെടെയുള്ള തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഇതുകാരണം 15 മിനിറ്റോളം അധികം സമയമെടുക്കും. ഇസ്രയേല്‍, ലൈബനന്‍ എന്നീ രാജ്യങ്ങളുടെ വ്യോമപാതയും തങ്ങള്‍ ഒഴിവാക്കുന്നതായി സ്വീസ് അറിയിച്ചു.
പശ്ചിമേഷ്യയ്ക്ക് മുകളിലൂടെ പറക്കുന്ന എല്ലാ വിമാനങ്ങളുടേയും സുരക്ഷ ഓരോ ദിവസവും വിലയിരുത്തപ്പെടുന്നുണ്ടെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചത്. ഇതനുസരിച്ച് ആവശ്യമെങ്കില്‍ സര്‍വീസുകളില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല