1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 2, 2024

സ്വന്തം ലേഖകൻ: ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഡോക്യുമെന്‍റ് അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ പുതിയ കേന്ദ്രത്തിലേക്ക് മാറ്റിയതായി കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു. ഒക്ടോബര്‍ 7 മുതലാണ് പുതിയ മാറ്റം നിലവില്‍ വരിക. ദുബായ്, നോര്‍ത്തേണ്‍ എമിറേറ്റ്സ് എന്നിവിടങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്കും വിദേശികള്‍ക്കും ഡോക്യുമെന്‍റ് അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ക്കായി മിഷന്‍റെ ഔട്ട്സോഴ്സ് സേവന ദാതാവ് അടുത്തയാഴ്ച മുതല്‍ കൂടുതല്‍ വിശാലമായ കേന്ദ്രത്തിലേക്ക് മാറുമെന്ന് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍ അറിയിച്ചു. അറ്റസ്റ്റേഷന്‍ സെന്‍ററിന്‍റെ പുതിയ കെട്ടിടം തിങ്കളാഴ്ച ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഉദ്ഘാടനം ചെയ്യും.

നിലവില്‍ ഐവിഎസ് ഗ്ലോബല്‍ അറ്റസ്റ്റേഷന്‍ സെന്‍ററിന്‍റെ ഓഫീസുകള്‍ ഔദ് മേത്തയിലെ ബിസിനസ് ആട്രിയത്തിലാലാണ് സ്ഥിതി ചെയ്യുന്നത്. തിങ്കളാഴ്ച മുതല്‍, ഔദ് മേത്തയിലെ അല്‍ നാസര്‍ സെന്‍ട്രലിലെ ഓഫീസ് നമ്പര്‍ 302, 104 എന്നിവയിലേക്ക് കേന്ദ്രം മാറുമെന്ന് കമ്പനിയുടെ വെബ്സൈറ്റിലെ അറിയിപ്പില്‍ പറയുന്നു. നസ്ര്‍ ക്ലബ്ബിന്‍റെ അവസാനത്തില്‍, റൗണ്ട് എബൗട്ടിന്‍റെ ഇടതുവശത്താണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. സ്ഥലംമാറ്റ നടപടികളുടെ ഭാഗമായി ഒക്ടോബര്‍ 5 ശനിയാഴ്ച കമ്പനി അടച്ചിടുമെന്നും അറിയിച്ചു.

നിലവില്‍ 4,000 ചതുരശ്ര അടിയിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ പുതിയ സെന്‍ററില്‍ 6,400 ചതുരശ്ര അടി വിശാലതയുണ്ടാവും. അപേക്ഷകര്‍ക്ക് കാത്തിരിക്കാനും മറ്റുമുള്ള മതിയായ സൗകര്യത്തോട് കൂടിയതാണ് പുതിയ കേന്ദ്രം. ഭാവിയില്‍ കൗണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടതുണ്ടെങ്കില്‍ അതിനുള്ള സ്ഥലവും ഇവിടെ ലഭ്യമാണ്.

പ്രതിദിനം ശരാശരി 250 അറ്റസ്റ്റേഷന്‍ സേവനങ്ങളാണ് കോണ്‍സുലേറ്റ് നടത്തുന്നതെന്ന് കോണ്‍സല്‍ ജനറല്‍ പറഞ്ഞു. ചില ദിവസങ്ങളില്‍ എണ്ണം 400 വരെ ഉയരാം. പരമാവധി 48 മണിക്കൂറിനുള്ളില്‍ എല്ലാ അപേക്ഷകളും പ്രോസസ്സ് ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തല്‍, സത്യവാങ്മൂലം, പവര്‍ ഓഫ് അറ്റോര്‍ണി, വില്‍ പത്രം, കമ്പനി രേഖ, സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ തുടങ്ങിയ സേവനങ്ങളാണ് ഇവിടെ നിന്ന് നല്‍കുന്നത്.

എസ്ജിഐവിഎസിന്‍റെ വെബ്സൈറ്റ് വഴിയുള്ള അപ്പോയിന്‍റ്മെന്‍റ് ബുക്കിങ് സംവിധാനം അതേപടി തുടരും. പതിവ് അപ്പോയിന്‍റ്മെന്‍റിനും അതേ ദിവസം തന്നെ രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നതിന് ഉയര്‍ന്ന നിരക്കില്‍ പ്രീമിയം അപ്പോയിന്‍റ്മെന്‍റിനുമുള്ള വ്യവസ്ഥകള്‍ എന്നിവയില്‍ മാറ്റമില്ല. പഴയ സ്ഥലത്തുനിന്നും ഒരു കിലോമീറ്ററിനുള്ളിലാണ് പുതിയ സ്ഥലമെന്നും ദുബായ് മെട്രോയെ ആശ്രയിക്കുന്ന അപേക്ഷകര്‍ക്ക് ഔദ് മേത്ത മെട്രോ സ്റ്റേഷന്‍ വഴി വരാമെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം, മെഡിക്കല്‍ കേസുകള്‍ക്കും അറ്റസ്റ്റേഷന്‍ സെന്‍റെര്‍ സന്ദര്‍ശിക്കാന്‍ കഴിയാത്ത പ്രായമായ അപേക്ഷകര്‍ക്കും കോണ്‍സുലേറ്റ് ഹോം സേവനങ്ങള്‍ നല്‍കുന്നുണ്ട്. അത്തരത്തിലുള്ള അപേക്ഷകര്‍ക്ക് ഹോം സേവനങ്ങള്‍ ലഭിക്കുന്നതിന് രേഖകളുടെ ഒരു പകര്‍പ്പ് സഹിതം vcppt.dubai@mea.gov.in എന്ന വിലാസത്തിലേക്ക് ഇമെയില്‍ വഴി അപേക്ഷ നല്‍കിയാല്‍ മതിയാവും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.