1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 2, 2024

സ്വന്തം ലേഖകൻ: ഉപഭോക്താക്കള്‍ നല്‍കുന്ന ടിപ്പ് മുഴുവനും ജോലിക്കാര്‍ക്ക് തന്നെ ലഭിക്കുന്ന തരത്തിലുള്ള പുതിയ നിയമം പാസായിരിക്കുകയാണ്. പണമായി നല്‍കിയാലും, കാര്‍ഡ് ഉപയോഗിച്ച് നല്‍കിയാലും ഉപഭോക്താക്കള്‍ ടിപ്പിനായി മാറ്റിവെച്ച തുക മുഴുവനായും ജോലിക്കാര്‍ക്ക് നല്‍കണം എന്നതാണ് പുതിയ നിയമം. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലാന്‍ഡ്, വെയ്ല്‍സ് എന്നിവിടങ്ങളിലെ മുപ്പത് ലക്ഷത്തിലധികം വരുന്ന, സേവന മേഖലയിലെ ജീവനക്കാര്‍ക്ക് ഇത് സഹായകരമാകും. ഇന്നലെ മുതലാണ് നിയമം പ്രാബല്യത്തില്‍ വന്നത്.

തൊഴിലുടമകള്‍, ഉപഭോക്താക്കളില്‍ നിന്നും ലഭിച്ച ടിപ്പ് നല്‍കാതെ പിടിച്ചു വെച്ചാല്‍ തൊഴിലാളികള്‍ക്ക് എംപ്ലോയ്‌മെന്റ് ട്രിബ്യൂണലിനെ സമീപിച്ച് നിയമനടപടികള്‍ സ്വീകരിക്കാം. വിവിധ സേവന മേഖലകളില്‍ ഇത് ബാധകമാണെങ്കിലും, റെസ്റ്റോറന്റുകള്‍, കഫേ, ബാര്‍, പബ്, ഹെയര്‍ ഡ്രസ്സര്‍മാര്‍, ടാക്സി ഡ്രൈവര്‍മാര്‍ എന്നിവര്‍ക്കായിരിക്കും ഇത് കൂടുതല്‍ പ്രയോജനപ്പെടുക. ഈ നിയമമനുസരിച്ച്, ലഭിച്ച ടിപ്പ് മുഴുവനായും അത് ലഭിച്ച മാസത്തിന്റെ തൊട്ടടുത്ത മാസം അവസാനത്തിന് മുന്‍പായി ജോലിക്കാര്‍ക്ക് നല്‍കണം.

ടിപ്പ് ലഭിക്കുന്ന തുകക്കും ജോലിക്കാര്‍ നികുതി നല്‍കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട നിയമത്തില്‍ മാറ്റങ്ങള്‍ ഒന്നും വരുത്തിയിട്ടില്ല. വലിയൊരു പരിധിവരെ തൊഴിലാളികള്‍ക്ക് സാമ്പത്തിക സംരക്ഷണം നല്‍കുന്ന നിയമമാണിതെന്നാണ് സേവന മേഖലകളില്‍ ജോലി ചെയ്യുന്ന ജോലിക്കാര്‍ പറയുന്നത്. യുണൈറ്റ് യൂണിയനും ഇതിനെ സ്വാഗതം ചെയ്തിട്ടുണ്ട്. ബ്രിട്ടനിലെ ഏറ്റവും കുറഞ്ഞ വേതനം കൈപ്പറ്റുന്ന വിഭാഗമാണിതെന്നും, ഇത്തരത്തിലുള്ള ഒരു നിയമം തീര്‍ച്ചയായും അവര്‍ക്ക് ഉപകാരപ്പെടുമെന്നും യുണൈറ്റിന്റെ ഹോസ്പിറ്റാലിറ്റി ഓര്‍ഗനൈസര്‍ ആയ ബ്രിയാന്‍ സിംപ്‌സണ്‍ പറയുന്നു.

ഈ നിയമം സുതാര്യതയോടും നീതിപൂര്‍വ്വകമായും പ്രവര്‍ത്തിക്കും എന്നാണ് ബ്ലാക്ക്‌സ് സോളിസിറ്റേഴ്‌സ് പങ്കാളി ടോം മോയെസ് പറയുന്നത്. ഓരോ മൂന്ന് മാസം കൂടുമ്പോഴും ടിപ്പുകള്‍ എങ്ങനെയാണ് ജോലിക്കാര്‍ക്കിടയില്‍ വിതരണം ചെയ്യപ്പെടുന്നത് എന്നതിന്റെ വിശദമായ കണക്ക് ജോലിക്കാര്‍ക്ക് ആവശ്യപ്പെടാം. ഈ നിയമം പക്ഷെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ പാസ്സാക്കിയിട്ടില്ല. ആ നടപടി സ്വീകാര്യമല്ല എന്നാണ് യുണൈറ്റ് യൂണിയന്‍ പറയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.