സ്വന്തം ലേഖകൻ: ഉന്നത വിദ്യാഭ്യസ മേഖലയിൽ സഹകരണം കൂടുതൽ ശക്തമാക്കി ഇന്ത്യയും ഒമാനും. ഇതിന്റെ ഭാഗമായി സംയുക്ത ഡിഗ്രി പ്രോഗ്രാം തുടങ്ങാൻ തീരുമാനിച്ചു. സുഹാർ യൂനിവേഴ്സിറ്റിയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം) റോഹ്തക്കും ആണ് സംയുക്ത ഡിഗ്രി പ്രോഗ്രാം തുടങ്ങാൻ ധാരണയിലെത്തിയത്. ഇതുസംബന്ധിച്ച കരാർ ഇന്ത്യൻ അംബാസഡർ അമിത് നാരങ്, സുഹാർ സർവകലാശാലയുമായി ഒപ്പുവെച്ചു.
ചടങ്ങിൽ ഒമാൻ ഉന്നത വിദ്യാഭ്യാസ, ഗവേഷണ, ഇന്നൊവേഷൻ മന്ത്രി ഡോ. റഹ്മ ബിൻത് ഇബ്രാഹിം ബിൻ സഈദ് അൽ മഹ്റൂഖിയ്യ പങ്കെടുത്തു. ഉഭയകക്ഷി വിദ്യാഭ്യാസ ശ്രമങ്ങളിൽ പുതിയ നാഴികക്കല്ല് എഴുതിച്ചേർക്കുന്നതാണ് ഈ സഹകരണം.
ഉന്നതവിദ്യാഭ്യാസത്തിൽ ഇന്ത്യയും ഒമാനും തമ്മിൽ വർധിച്ചുവരുന്ന സഹകരണത്തെയും ഈ മേഖലയിലെ ഭാവി സഹകരണത്തിനുള്ള സാധ്യതകളെയും കുറിച്ച് അംബാസഡർ സംസാരിച്ചു. മാനേജ്മെന്റിലായിരിക്കും സംയുക്ത ബിരുദം തുടങ്ങുക. ഒമാനിൽനിന്ന് നിരവധി വിദ്യാർഥികൾ ഇന്ത്യയിൽ നിലവിൽ പഠനം നടത്തുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല