സ്വന്തം ലേഖകൻ: ബ്രിട്ടനില്‍ താമസിക്കുന്നവരില്‍ 100 ല്‍ ഓരാള്‍ വീതം അനധികൃതമായാണ് താമസിക്കുന്നതെന്ന് ഓക്സ്‌ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ പഠനഫലം വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന വസ്തുതകളാണ്. അനുവാദമില്ലാതെ ഏഴര ലക്ഷത്തോളം അഭയാര്‍ത്ഥികളാണ് ബ്രിട്ടീഷ് അതിര്‍ത്തിക്കുള്ളില്‍ താമസിക്കുന്നത് എന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, മറ്റേതൊരു യൂറോപ്യന്‍ രാജ്യത്തേക്കാള്‍ കൂടുതലാണ് ബ്രിട്ടനിലെത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണം.
അനധികൃതമായി എത്തിയ 3 ലക്ഷത്തോളം പേര്‍ ഫ്രാന്‍സില്‍ അനൂമതിയില്ലാതെ താമസിക്കുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്. ജര്‍മ്മനിയില്‍ ഇത് 7 ലക്ഷമാണെന്ന് കണക്കാക്കപ്പെടുന്നു. അതിനേക്കാള്‍ വളരെ കൂടുതലാണ് യു കെയിലുള്ള അനധികൃത അഭയാര്‍ത്ഥികളുടെ എണ്ണം. ഇക്കഴിഞ്ഞ ഞായറാഴ്ച ചെറുയാനങ്ങളിലായി ചാനല്‍ കടന്ന് 973 അനധികൃത അഭയാര്‍ത്ഥികള്‍ യു കെയില്‍ എത്തി എന്ന വാര്‍ത്ത വന്നതിന് തൊട്ടു പിന്നാലെയാണ് ഈ റിപ്പോര്‍ട്ടും പുറത്തു വരുന്നത്. ഈ വര്‍ഷം ഒരു ദിവസം ഏത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ ഏറ്റവും കൂടുതല്‍ ആണിത്.
ഇതോടെ ഈ വര്‍ഷം ഇതുവരെ ചാനല്‍ കടന്നെത്തുന്നവരുടെ എണ്ണം 26, 612 ആയി. കഴിഞ്ഞ വര്‍ഷം ഇതേ തീയതി വരെ അവരുടെ എണ്ണം 25,330 ആയിരുന്നു. 2022 ല്‍ ഇത് 33,611 ഉം. കഴിഞ്ഞ ദിവസം ചാനല്‍ കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ രണ്ട് വ്യത്യസ്ത അപകടങ്ങളിലായി ഒരു സ്ത്രീയും രണ്ട് വയസ്സുള്ള ഒരു കുട്ടിയും രണ്ട് പുരുഷന്മാരും മരണമടഞ്ഞിരുന്നു. റുവാണ്ടന്‍ പദ്ധതി എടുത്തു കളഞ്ഞതോടെ, ബ്രിട്ടനില്‍ കുടിയേറുവാന്‍ ബുദ്ധിമുട്ടാണ് എന്ന ചിന്ത ആളുകളില്‍ നിന്നും നീങ്ങി എന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ആരോപിക്കുന്നു.
അതേസമയം, മനുഷ്യക്കടത്ത് സംഘങ്ങളെ തകര്‍ക്കുവാന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ മുതല്‍ മുടക്ക് നടത്തുമെന്നാണ് ലേബര്‍ സര്‍ക്കാര്‍ പറയുന്നത്. അത് മാത്രം പോരെന്നും കൂടുതല്‍ നടപടികള്‍ വേണമെന്നുമാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് മത്സരിക്കുന്ന ജെയിംസ് ക്ലെവര്‍ലിയും റോബര്‍ട്ട് ജെന്റിക്കും ആവശ്യപ്പെടുന്നത്. അനധികൃത കുടിയേറ്റക്കാരെ ബ്രിട്ടനില്‍ വരുന്നതില്‍ നിന്നും പിന്തിരിപ്പിക്കണമെന്നും, അവര്‍ ഇവിടെയെത്തിയാല്‍ രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ നിന്നും അകറ്റണമെന്നുമാണ് ക്ലെവര്‍ലി പറയുന്നത്. അതായത്, ബ്രിട്ടീഷ് നികുതിദായകരുടെ ചിലവില്‍ അവര്‍ സുഖിച്ച് കഴിയുന്നത് ഒഴിവാക്കണം എന്ന് അര്‍ത്ഥം.
ചാനല്‍ മാര്‍ഗ്ഗം അഭയാര്‍ത്ഥികള്‍ എത്തുന്നത് വര്‍ദ്ധിച്ചു വരികയാണെന്നും, അത് തടയുവാനുള്ള കടുത്ത നടപടികള്‍ അതിവേഗം എടുക്കണമെന്നും മുന്‍ ഇമിഗ്രേഷന്‍ മന്ത്രി കൂടിയായ റോബര്‍ട്ട് ജെന്റിക് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ സുരക്ഷ അതീവ അപകടത്തിലാണെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം, അതിര്‍ത്തി കൂടുതല്‍ സുരക്ഷിതമാക്കുവാന്‍ 75 മില്യന്‍ പൗണ്ടിന്റെ പദ്ധതി ഉടന്‍ നടപ്പിലാക്കുമെന്ന് ഹോം സെക്രട്ടറി യുവെറ്റ് കൂപ്പര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല