1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 9, 2024

സ്വന്തം ലേഖകൻ: മില്‍ട്ടണ്‍ കൊടുങ്കാറ്റ് ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ അമേരിക്കയിലെ ഫ്ലോറിഡയില്‍ കൂട്ടപ്പലായനം. റ്റാമ്പ ബേയിലേക്ക് ചുഴലിക്കാറ്റടിക്കുന്നതിനു മുൻപ് ജനങ്ങളോട് ഒഴിയാനാണ് അധികൃതർ നിർദേശിച്ചിരിക്കുന്നത്. ഏകദേശം 10 ലക്ഷത്തോളം പേരാണ് ഫ്ലോറിഡയില്‍ നിന്ന് സുരക്ഷിത താവളങ്ങള്‍ തേടിയിറങ്ങിയിരിക്കുന്നത്. ഫ്ലോറിഡയില്‍ നിന്ന് ഒഴിയാൻ തയാറായില്ലെങ്കില്‍ മരണമാണ് കാത്തിരിക്കുന്നതെന്നാണ് ജനങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന മുന്നറിയിപ്പ്.

ജനങ്ങള്‍ തെരുവിലേക്ക് ഇറങ്ങിയതോടെ ഗതാഗതക്കുരുക്കും ഇന്ധനക്ഷാമവും രൂക്ഷമാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കാറ്റഗറി 5ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരം അല്ലെങ്കില്‍ വ്യാഴാഴ്ച രാവിലെയോടെ കരതൊട്ടേക്കും. ജനജീവിതം ദുഷ്കരമാക്കിയ ഹെലൻ കൊടുങ്കാറ്റില്‍ നിന്ന് ഫ്ലോറിഡ മുക്തമാകുന്നതിന് മുൻപാണ് മില്‍ട്ടണ്‍ എത്തുന്നത്. 1921ന് ശേഷം ആദ്യമായാണ് റ്റാമ്പ ബേയിലേക്ക് ചുഴലിക്കാറ്റ് നേരിട്ടെത്തുന്നത്.

ബാധിക്കപ്പെടാൻ സാധ്യതയുള്ള മേഖലയില്‍ തുടരാൻ തീരുമാനിക്കുന്നവർ മരണമായിരിക്കും തിരഞ്ഞെടുക്കുക എന്ന റ്റാമ്പ മേയർ ജെയിൻ കാസ്റ്റർ വ്യക്തമാക്കി. അത്യാവശ്യ രേഖകളും സാധനങ്ങളും എടുത്താണ് ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങള്‍ തേടിയിറങ്ങുന്നത്. പരമാവധി 270 കിലോമീറ്റർ വേഗതയില്‍ വരെ മില്‍ട്ടണ്‍ എത്തിയേക്കാമെന്നാണ് അമേരിക്കൻ നാഷണല്‍ ഹറിക്കെയിൻ സെന്റർ അറിയിക്കുന്നത്.

പ്രാദേശിക സമയം രാത്രി ഏഴ് മണിക്ക് (ഇന്ത്യൻ സമയം ഇന്ന് രാവിലെ 5.30) ചുഴലിക്കാറ്റ് റ്റാമ്പയുടെ തെക്കുപടിഞ്ഞാറ് 710 കിലോമീറ്റർ ദൂരെയാണ്. കിഴക്കു-വടക്കുകിഴക്ക് ഭാഗത്തേക്കാണ് നീങ്ങുന്നത്. നിലവിലെ വേഗത 17 കിലോമീറ്ററാണ്.

ഫ്ലോറിഡയിലേക്ക് അടുക്കുമ്പോഴേക്കും മില്‍ട്ടണ്‍ കൂടുതല്‍ വ്യാപിച്ചേക്കുമെന്നും ഹറിക്കെയിൻ സെന്റർ അറിയിച്ചു. ചുഴലിക്കാറ്റിനൊപ്പം മിന്നല്‍ പ്രളയം ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.

മില്‍ട്ടണ്‍ ചുഴലിക്കാറ്റ് അമേരിക്കയെ സാമ്പത്തികമായും ബാധിക്കുമെന്നാണ് വിലയിരുത്തല്‍. അമേരിക്കയുടെ ജിഡിപിയുടെ 2.8% മില്‍ട്ടണിന്റെ പാതയിലാണെന്നാണ് യുഎസ് സാമ്പത്തിക വിദഗ്ധനായ റയാൻ സ്വീറ്റ് വ്യക്തമാക്കുന്നത്.

നിരവധി തീരദേശ കൗണ്ടികളാണ് ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിട്ടുള്ളത്. റ്റാമ്പയിലെ ഹില്‍സ്‌ബറൊ കൗണ്ടി ഉള്‍പ്പെടെയാണിത്. സെന്റ്. പീറ്റേഴ്‌സ്ബർഗ് ഉള്‍പ്പെടുന്ന പിനെല്ലസ് കൗണ്ടി അഞ്ച് ലക്ഷം പേരോടാണ് ഒഴിയാൻ ആവശ്യപ്പെട്ടത്. ലീ കൗണ്ടിയില്‍ 4.16 ലക്ഷം പേരോടും സുരക്ഷിതതാവളങ്ങളിലേക്ക് മാറാൻ നിർദേശിച്ചിട്ടുണ്ട്.

ഫ്ലോറിഡയിലെ 17% ഗ്യാസ് സ്റ്റേഷനുകളിലും ഇന്ധനമില്ലെന്നാണ് റിപ്പോർട്ടുകള്‍. അറ്റ്‌ലാന്റിക്ക് ചരിത്രത്തിലെ തന്നെ ഏറ്റവും വേഗതയില്‍ ശക്തിയാർജിക്കുന്ന കൊടുങ്കാറ്റായി മില്‍ട്ടണ്‍ മാറുകയാണ്. ചൊവ്വാഴ്ച കാറ്റഗറി നാലിലായിരുന്ന കൊടുങ്കാറ്റ് അതിവേഗമാണ് ശക്തിപ്രാപിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.