സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിൽ തൊഴിലെടുക്കാൻ സ്വദേശികളെ പ്രാപ്തമാക്കുന്നതിനുള്ള പരിശീലന പരിപാടിക്ക് തൊഴിൽ മന്ത്രാലയം തുടക്കം കുറിച്ചു. തൊഴിൽ മന്ത്രാലയവും ദോഹ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്രാജ്വേറ്റ് സ്റ്റഡീസും തമ്മിൽ ഒപ്പുവെച്ച സഹകരണ കരാറിന്റെ ഭാഗമായി കസ്റ്റമർ സർവിസ് എന്ന തലക്കെട്ടിലാണ് പരിശീലന പരിപാടിക്ക് തുടക്കമിട്ടിരിക്കുന്നത്.
ഹൈസ്കൂൾ ഡിപ്ലോമ നേടിയവരും സ്വകാര്യ മേഖലയിൽ തൊഴിൽ തേടുന്നവരുമായ ഖത്തരികളെയും സ്വദേശി വനിതകളുടെ കുട്ടികളെയും യോഗ്യരാക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. തൊഴിൽ വിപണിയിൽ പ്രവേശിക്കുമ്പോൾ വ്യക്തികൾക്ക് പ്രഫഷനൽ പരിശീലനവും ആവശ്യമായ തയാറെടുപ്പും മന്ത്രാലയത്തിന്റെ പരിപാടി ഉറപ്പുവരുത്തും.
‘കവാദർ’ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് പരിശീലന അവസരങ്ങളും പുനരധിവാസ പരിപാടികളും നൽകാനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളാണ് കസ്റ്റമർ സർവിസ് പരിപാടിയിലൂടെ പ്രതിഫലിക്കുന്നതെന്ന് മന്ത്രാലയത്തിലെ റിഹാബിലിറ്റേഷൻ ആൻഡ് സ്കിൽ ഡെവലപ്മെൻറ് വകുപ്പ് ഉപമേധാവി മുഹമ്മദ് സാലിം അൽ ഖുലൈഫി പറഞ്ഞു.
മൂന്നാം ദേശീയ വികസന നയം സാക്ഷാത്കരിക്കുന്നതിന് സംഭാവന നൽകാൻ വിവിധ മേഖലകളിൽ ഉയർന്ന വൈദഗ്ധ്യമുള്ള തദ്ദേശീയരെ വളർത്തുകയാണ് ഇതിലൂടെ ലക്ഷ്യമെന്നും അൽ ഖുലൈഫി കൂട്ടിച്ചേർത്തു. പരിശീലന പരിപാടികളിൽ പങ്കെടുക്കുന്ന ട്രെയിനികൾക്കായി പ്രതിമാസ സ്റ്റൈപ്പൻഡും രാജ്യത്തുടനീളമുള്ള വിവിധ സ്ഥാപനങ്ങളിൽ ഫീൽഡ് പരിശീലനവും ഉൾപ്പെടെ വിവിധ ആനുകൂല്യങ്ങൾ മന്ത്രാലയം നൽകും.
സ്വകാര്യ കമ്പനികളിൽ ലഭ്യമായ ഉപഭോക്തൃ സേവന സ്ഥാനങ്ങളിലേക്ക് പരിശീലനം തേടുന്നവർക്ക് അന്താരാഷ്ട്ര അംഗീകാരത്തോടെയുള്ള പ്രഫഷനൽ സർട്ടിഫിക്കറ്റുകളും നൽകും.
മൂന്ന് മുതൽ നാല് മാസം വരെയാണ് കസ്റ്റമർ സർവിസ് സ്പെഷലൈസ്ഡ് പ്രോഗ്രാമിന്റെ കാലയളവ്. ഉപഭോക്താക്കളെ സ്വീകരിക്കുമ്പോഴും അവരുടെ അന്വേഷണങ്ങളിൽ പ്രതികരിക്കുമ്പോഴും ട്രെയിനികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും ആശയവിനിമയ ശേഷി വളർത്തുന്നതിനുമുള്ള നിരവധി പരിശീലന പരിപാടികളും ഇതിലുൾപ്പെടും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല