സ്വന്തം ലേഖകൻ: ഗാസ നേരിട്ട നാശം ലബനനും നേരിടേണ്ടിവരുമെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഭീഷണി. ഗാസയിൽ കാണുന്ന നാശവും ദുരിതവും ഒഴിവാക്കുന്നതിനു ലബനീസ് ജനത ഹിസ്ബുള്ള ഭീകരരെ പുറത്താക്കണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടു.
ലബനീസ് ജനതയെ അഭിസംബോധന ചെയ്ത് വീഡിയോ സന്ദേശം പുറപ്പെടുവിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ രക്ഷിക്കാനുള്ള അവസരം ലബനീസ് ജനതയ്ക്കുണ്ട്. ദീർഘകാല യുദ്ധത്തിലേക്കു ലബനൻ നിപതിക്കുന്നതു തടയാം. ലബനനെ ഹിസ്ബുള്ള മുക്തമാക്കിയാൽ ഈ യുദ്ധം അവസാനിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തെക്കൻ ലബനനിൽ കരയാക്രമണം വ്യാപിപ്പിച്ച ഇസ്രേലി സേന കൂടുതൽ പ്രദേശങ്ങളിലുള്ളവരോട് ഒഴിഞ്ഞുപോകാൻ നിർദേശിച്ചു. നേരത്തേ നൂറിലധികം ഗ്രാമങ്ങളിലുള്ളവരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിരുന്നു. ഇസ്രേലി സേനയുടെ പുതിയ ഉത്തരവോടെ ലബനന്റെ നാലിലൊന്നു പ്രദേശത്തെ ജനങ്ങളും ഒഴിഞ്ഞുപോകാൻ നിർബന്ധിതരാണെന്നു യുഎൻ വൃത്തങ്ങൾ പറഞ്ഞു.
ഇസ്രേലി സൈനിക നടപടി ആരംഭിച്ചശേഷം ലബനനിൽ 12 ലക്ഷം പേർ അഭയാർഥികളായി. നാലു ലക്ഷം പേർ അയൽരാജ്യമായ സിറിയയിലേക്കു പലയാനം ചെയ്തു. സിറിയൻ അഭ്യന്തരയുദ്ധത്തിൽ ലബനനിൽ അഭയം തേടിയവരാണ് ഇതിൽ ഭൂരിഭാഗവും. ലബനീസ് തലസ്ഥാനമായ ബെയ്റൂട്ടിലെ തെരുവുകളിൽ ഒട്ടേറെപ്പേർ അഭയം തേടിയിട്ടുണ്ട്.
തെക്കൻ ലബനനിലും ബെയ്റൂട്ടിലും ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ വ്യോമാക്രമണം നടത്തുന്നുണ്ട്. 185 ഹിസ്ബുള്ള കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രേലി സേന ഇന്നലെ അറിയിച്ചു. തെക്കൻ ലബനനിൽ ഹിസ്ബുള്ളകളുമായി നേരിട്ട് ഏറ്റുമുട്ടലും ഉണ്ടായി.
ഇസ്രേലി സൈനികരെ പതിയിരുന്നാക്രമിച്ചെന്നും ചില പ്രദേശങ്ങളിൽനിന്നു തുരത്തിയെന്നും ഹിസ്ബുള്ളകൾ അവകാശപ്പെട്ടു. ഇസ്രയേലിലെ ഹൈഫ നഗരത്തിനോടു ചേർന്ന കാർമൽ, മനാസെ പ്രദേശങ്ങളിലേക്കു ഹിസ്ബുള്ളകൾ റോക്കറ്റ് വിട്ടു.
ഇസ്രേലി സേന ഗാസയിൽ നടത്തുന്ന ആക്രമണത്തിൽ മരണം 42,000 പിന്നിട്ടു. ഒരു വർഷം പൂർത്തിയായ യുദ്ധത്തിൽ 42,010 പലസ്തീനികളാണു മരിച്ചതെന്ന് ഹമാസിന്റെ ആരോഗ്യവകുപ്പ് ഇന്നലെ അറിയിച്ചു. കൊല്ലപ്പെട്ടവരിൽ ഭീകരരുടെയും സാധാരണജനങ്ങളുടെയും കണക്ക് വേർതിരിച്ചു നല്‍കിയിട്ടില്ല.
വടക്കൻ ഗാസയിലെ ജബലി യയിൽ ഇസ്രേലി സേനയും ഹമാസ് ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. ഹമാസിന്റെ 45 കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രേലി സേന ഇന്നലെ അറിയിച്ചു. വടക്കൻ ഗാസയിലുള്ളവർ ഒഴിഞ്ഞു പോകണമെന്ന് ഇസ്രേലി സേന നിർദേശിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല