സ്വന്തം ലേഖകൻ: ലാവോസിലേക്ക് സൈബർ തട്ടിപ്പുകൾക്കായി ഇന്ത്യക്കാരെ അയക്കാൻ നേതൃത്വം നൽകിയത് അഞ്ചുപേരടങ്ങുന്ന സംഘമാണെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.). ചൈനീസ് തട്ടിപ്പുകാർക്കായി ഇന്ത്യക്കാരെ അയക്കുന്ന മനുഷ്യക്കടത്ത് സംഘങ്ങൾക്കെതിരേ എൻ.ഐ.എ. പ്രത്യേക കോടതിയിൽ നൽകിയ കുറ്റപത്രത്തിലാണ് ഇത് സൂചിപ്പിക്കുന്നത്. നൂറിലധികം മലയാളികൾ തട്ടിപ്പിനിരയായിരുന്നു.
വിവിധ നിയമവിരുദ്ധപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മനുഷ്യക്കടത്തുകാരുടെ സുസംഘടിതമായ ശൃംഖല അന്വേഷണത്തിൽ കണ്ടെത്തിയതായും കുറ്റപത്രത്തിലുണ്ട്. ലാവോസിലെ ഗോൾഡൻ ട്രയാംഗിൾ സ്പെഷ്യൽ ഇക്കണോമിക് മേഖലയിലെ കോൾ സെന്റർ-ക്രിപ്റ്റോ കറൻസി തട്ടിപ്പിലാണ് ഇരകളെ പങ്കാളികളാക്കുന്നത്. ആഗോള ഓൺലൈൻ തട്ടിപ്പിന്റെ കേന്ദ്രമാണ് ലാവോസിലെ ഗോൾഡൻ ട്രയാംഗിൾ.
യൂറോപ്യൻ, അമേരിക്കൻ പൗരന്മാരെ ലക്ഷ്യമിട്ട് സൈബർ തട്ടിപ്പുകൾ നടത്താൻ യുവാക്കൾ നിർബന്ധിതരായെന്നും കുറ്റപത്രത്തിലുണ്ട്. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള മുഖ്യസൂത്രധാരൻ കമ്രാൻ ഹൈദർ, മൻജൂർ ആലം, സാഹിൽ, ആശിഷ്, പവൻ യാദവ് എന്നിവർക്കെതിരേയാണ് ബുധനാഴ്ച പ്രത്യേകകോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കേരളത്തിൽനിന്നുള്ളവരും പ്രതിപ്പട്ടികയിലുണ്ടെന്നാണ് സുചന. രണ്ടുമാസംമുൻപ് രണ്ടുപേരെ കൊച്ചിയിൽനിന്ന് പിടികൂടിയിരുന്നു. ലാവോസിലെ ചൈനീസ് കമ്പനിയിൽ ജോലിവാഗ്ദാനംചെയ്ത് നൂറിലധികം പേരെയാണ് കൊച്ചിയിൽനിന്നും കടത്തിയത്.
അലി ഇന്റർനാഷണൽ സർവീസസ് എന്ന കൺസൾട്ടൻസി സ്ഥാപനത്തിലൂടെയാണ് തട്ടിപ്പ് മുഖ്യമായും നടത്തിയത്. യുവാക്കളിൽനിന്നും തട്ടിപ്പുകാർ പണംതട്ടി. ജോലിക്കെന്നും പറഞ്ഞ് ആളുകളെ കണ്ടെത്തി കടത്താൻ കൂട്ടുനിന്നത് പവൻ യാദവാണ്.
വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈലുകൾ ഉപയോഗിച്ച് അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽനിന്നുള്ള ആളുകളുമായി ചാറ്റുചെയ്യുന്നതിനാണ് യുവാക്കളെ നിയോഗിച്ചത്. ക്രിപ്റ്റോ കറൻസികളിൽ നിക്ഷേപം നടത്താൻ ആവശ്യപ്പെട്ടായിരുന്നു തട്ടിപ്പുകൾ. വിമാന ടിക്കറ്റുകളും രേഖകളും നൽകി അതിർത്തികടത്താൻ സഹായിച്ചതും പ്രതികളാണെന്ന് കുറ്റപത്രത്തിൽ പറയുന്നു.
ലാവോസിലെ ചൈനീസ് കമ്പനിയിൽ ജോലിനൽകാമെന്ന പേരിൽ വൻതുക ആദ്യം ഓൺലൈനായി ഇരകളിൽനിന്നു വാങ്ങും. മാർക്കറ്റിങ് എക്സിക്യുട്ടീവ്, കസ്റ്റമർ സപ്പോർട്ട് സർവീസ് തസ്തികകൾ വാഗ്ദാനംചെയ്താണ് റിക്രൂട്ട് ചെയ്യുന്നത്. ഏജന്റുമാർ തട്ടിക്കൂട്ട് അഭിമുഖവും നടത്തും. ലാവോസിലെത്തിച്ചാൽ ഇരകളെ വിൽക്കും. ഓൺലൈനിലൂടെ അമേരിക്കൻ, യൂറോപ്യൻ പൗരന്മാരെ കബളിപ്പിച്ച് പണംതട്ടലാണ് ജോലി. ജോലിചെയ്യാൻ വീസമ്മതിച്ചാൽ ശാരീരികമായും മാനസികമായും പീഡിപ്പിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല