സ്വന്തം ലേഖകൻ: മൂന്നാഴ്ചയോളമായി ഇസ്രയേൽ സൈനികനടപടി തുടരുന്ന ലെബനനിൽ വീണ്ടും വ്യോമാക്രമണം. സെൻട്രൽ ബയ്റൂത്തിൽ ഹിസ്ബുള്ളയെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടതായി ലെബനൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. 117 പേർക്ക് പരിക്കേറ്റു. അക്രമത്തിന്റെ കൂടുതൽ വിശദാംശങ്ങൾ വ്യക്തമല്ല.
ദിവസങ്ങൾക്ക് മുമ്പ് ലെബനന്റെ തെക്കൻമേഖലയിലുണ്ടായ ആക്രമണത്തിൽ 10 അഗ്നിരക്ഷാസേനാംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു. ബരാഷീതിലെ അഗ്നിരക്ഷാസേനയുടെ കേന്ദ്രത്തിലാണ് അന്ന് ആക്രമണമുണ്ടായത്. തെക്കൻ ലെബനനിലെ പന്ത്രണ്ടിലേറെ ഗ്രാമങ്ങളിലുള്ളവരോട് വടക്കോട്ട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം നിർദേശം നൽകിയിരുന്നു.
വ്യോമാക്രമണത്തിനൊപ്പം തെക്കൻ ലെബനനിലെ ഹിസ്ബുള്ളയുടെ താവളങ്ങൾ ലക്ഷ്യമിട്ട് ഈ മാസം ഒന്നുമുതൽ കരയാക്രമണവും നടത്തുന്നുണ്ട്. മിസൈലുകൾ, റോക്കറ്റ്വിക്ഷേപണസ്ഥലങ്ങൾ, നിരീക്ഷണഗോപുരങ്ങൾ, ആയുധപ്പുരകൾ എന്നിവ തകർത്തെന്ന് ഇസ്രയേൽ പറഞ്ഞു. ഇസ്രയേൽ അതിർത്തിയിലേക്കെത്താൻ ഹിസ്ബുള്ള ഉപയോഗിച്ചിരുന്ന തുരങ്കങ്ങൾ നശിപ്പിച്ചെന്നും അറിയിച്ചു.
സെപ്റ്റംബർ അവസാനം ശക്തിപ്രാപിച്ച ഇസ്രയേൽ-ഹിസ്ബുള്ള ഏറ്റമുട്ടലിൽ 1400-ഓളം ലെബനൻകാർ മരിച്ചു. ഹിസ്ബുള്ള അംഗങ്ങളും സാധാരണക്കാരും ഇതിലുൾപ്പെടും. 12 ലക്ഷം പേർക്ക് വീടുവിട്ടുപോകേണ്ടിവന്നു. രണ്ടാഴ്ചയ്ക്കിടെ 3.75 ലക്ഷം പേർ സിറിയയിലേക്കു പലായനംചെയ്തതായി ലെബനീസ് സർക്കാർ പറഞ്ഞു.
കഴിഞ്ഞ ദിവസം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അമേരിക്കയുടെ വിദേശകാര്യ വക്താവ് മാത്യു മില്ലറും നടത്തിയ ചില പ്രതികരണങ്ങള്‍ ലെബനനിലെ യുദ്ധം ഉടനെങ്ങും തീരില്ലെന്നും അത് മിക്കവാറും ഭരണമാറ്റത്തിലേ കലാശിക്കൂവെന്നും സൂചന നല്‍കുന്നതാണ്. ഹിസ്ബുള്ളയെ തങ്ങളുടെ അതിര്‍ത്തികള്‍ക്കുള്ളില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയാണെങ്കില്‍ ഗാസയുടേതുപോലുള്ള വിധിയായിരിക്കും ലെബനനും ഉണ്ടാവുകയെന്ന് നെതന്യാഹു ലെബനീസ് ജനതയ്ക്ക് മുന്നറിയിപ്പ് നല്കി.
അമേരിക്കയാവട്ടെ, ലെബനനില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന ആവശ്യത്തില്‍നിന്ന് പിന്നോട്ട് പോവുകയും ചെയ്തു. കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും നെതന്യാഹുവും തമ്മില്‍ ടെലിഫോണ്‍ ചര്‍ച്ച നടന്നിരുന്നു. ഇറാനില്‍ ഇസ്രയേല്‍ നടത്താനിരിക്കുന്ന പ്രത്യാക്രമണവും ചര്‍ച്ചയായെന്ന് നിരീക്ഷകര്‍ കരുതുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല