1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 12, 2024

സ്വന്തം ലേഖകൻ: ഇസ്രയേലുമായുള്ള സംഘർഷത്തിൽ ​ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ. തിരിച്ചടിക്ക് ഒരുങ്ങുന്ന ഇസ്രയേലിനെ ഏതെങ്കിലും വിധത്തിൽ സഹായിക്കുന്ന രാജ്യങ്ങൾ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നാണ് ഭീഷണി. വ്യോമാതിർത്തിയോ സൈനിക താവളങ്ങളോ ഉപയോഗിച്ച് ടെഹ്‌റാനെതിരെ ഒരു ഗൾഫ് രാജ്യം സ്വീകരിക്കുന്ന ഏതൊരു നടപടിയും മുഴുവൻ ​ഗൾഫ് രാജ്യങ്ങളും ഒരുമിച്ച് സ്വീകരിച്ച നടപടിയായി കണക്കാക്കുമെന്നും അതിന് അനുസരിച്ച് പ്രതികരിക്കുമെന്നും ഇറാൻ വ്യക്തമാക്കി.

ഇറാന്റെ മുന്നറിയിപ്പിന് പിന്നാലെ ഇറാൻ തങ്ങളുടെ എണ്ണ ശേഖരങ്ങളിൽ ആക്രമണം നടത്തുമോ എന്ന ആശങ്കയിലാണ് ​ഗൾഫ് രാജ്യങ്ങൾ. ഒക്ടോബർ ഒന്നിന് ഇരുനൂറോളം റോക്കറ്റുകളാണ് ഇറാൻ ഇസ്രയേലിന് നേരെ അയച്ചത്. ലെബനനിലും ​ഗാസയിലും ഇസ്രയേൽ നടത്തുന്ന ആക്രമണത്തിനും ഹിസ്ബുള്ള നേതാവ് ഹസൻ നസറല്ലയുടെ കൊലപാതകത്തിനുമുള്ള തിരിച്ചടിയായിരുന്നു ഇറാന്റെ ആക്രമണം.

തിരിച്ചടിക്കാനുള്ള ഒരുക്കങ്ങൾ ഇറാൻ നടത്തുന്നതായാണ് റിപ്പോർട്ട്. ഇറാന്റെ എണ്ണശേഖരമാണ് ഇസ്രയേലിന്റെ ലക്ഷ്യമെന്ന വാദവും ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇസ്രയേലിനോട് ഇറാന്റെ എണ്ണ ശേഖരങ്ങളെ ലക്ഷ്യം വെക്കരുതെന്ന് ആവശ്യപ്പെടണമെന്ന് യുഎസിനോട് ​ഗൾഫ് രാജ്യങ്ങൾ അഭ്യർത്ഥിച്ചിട്ടുണ്ട്.

മൂന്നാഴ്ചയായി സൈനികനടപടി തുടരുന്ന ലെബനനില്‍ ഹിസ്ബുള്ളയെ ലക്ഷ്യമാക്കി ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെടുകയും 117 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബരാഷീതിലെ അഗ്‌നിരക്ഷാസേനയുടെ കേന്ദ്രത്തിലാണ് അന്ന് ആക്രമണമുണ്ടായത്. തെക്കന്‍ ലെബനനിലെ പന്ത്രണ്ടിലേറെ ഗ്രാമങ്ങളിലുള്ളവരോട് വടക്കോട്ട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സൈന്യം നിര്‍ദേശം നല്‍കിയിരുന്നു.

വ്യോമാക്രമണത്തിനൊപ്പം തെക്കന്‍ ലെബനനിലെ ഹിസ്ബുള്ളയുടെ താവളങ്ങള്‍ ലക്ഷ്യമിട്ട് ഈ മാസം ഒന്നുമുതല്‍ കരയാക്രമണവും നടത്തുന്നുണ്ട്. മിസൈലുകള്‍, റോക്കറ്റ് വിക്ഷേപണസ്ഥലങ്ങള്‍, നിരീക്ഷണഗോപുരങ്ങള്‍, ആയുധപ്പുരകള്‍ എന്നിവ തകര്‍ത്തെന്ന് ഇസ്രയേല്‍ പറഞ്ഞു. ഇസ്രയേല്‍ അതിര്‍ത്തിയിലേക്കെത്താന്‍ ഹിസ്ബുള്ള ഉപയോഗിച്ചിരുന്ന തുരങ്കങ്ങളും ഇസ്രയേല്‍ നശിപ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.