1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 12, 2024

സ്വന്തം ലേഖകൻ: യുഎഇയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും യുഎഇ പാസ് മൊബൈല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണ്ടിവരും. കാരണം തൊഴില്‍ സംബന്ധിയായ എല്ലാ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും ഇനി മുതല്‍ യുഎഇ പാസ് ലോഗിന്‍ ചെയ്യേണ്ടി വരും. ഒക്ടോബര്‍ 18 മുതല്‍ യുഎഇ പാസ് അക്കൗണ്ട് വഴി മാത്രമേ ഉപയോക്താക്കള്‍ക്ക് മന്ത്രാലയത്തിന്‍റെ സേവനങ്ങള്‍ ആക്സസ് ചെയ്യാന്‍ കഴിയൂ എന്ന് ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം അറിയിച്ചു.

യുഎഇയിലെ ആയിരക്കണക്കിന് സര്‍ക്കാര്‍ സേവനങ്ങള്‍ ആക്സസ് ചെയ്യാന്‍ ഉപയോഗിക്കാവുന്ന ഒരൊറ്റ ലോഗിന്‍ അക്കൗണ്ടാണ് യുഎഇ പാസ്. ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കുന്നത് മുതല്‍ നിങ്ങളുടെ വൈദ്യുതി അടയ്ക്കുന്നത് വരെയുള്ള എല്ലാ ഓണ്‍ലൈന്‍ സേവനങ്ങളും ഇതിലൂടെ ലഭിക്കും. യുഎഇ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഒരൊറ്റ ഡിജിറ്റല്‍ ഐഡന്‍റിറ്റിയായി വര്‍ത്തിക്കുന്നതിനായി ഡിജിറ്റല്‍ ദുബായ്, ടെലികമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്‍മെന്‍റ് റെഗുലേറ്ററി അതോറിറ്റി (ടിഡിആര്‍എ), അബുദാബിയിലെ ഗവണ്‍മെന്‍റ് എനേബിള്‍മെന്‍റ് വകുപ്പ് എന്നിവ ചേര്‍ന്നാണ് യുഎഇ പാസ് വികസിപ്പിച്ചത്.

യുഎഇ പാസിന് എങ്ങനെ അപേക്ഷിക്കാം?

  1. യുഎഇ പാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ യുഎഇ പാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയാണ് ആദ്യപടി. ആപ്പിള്‍, ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ക്ക് ആപ്പ് ലഭ്യമാണ്. ആപ്പ് ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍, ‘അക്കൗണ്ട് സൃഷ്ടിക്കുക’ എന്നതില്‍ ടാപ്പ് ചെയ്യുക. നിബന്ധനകളും വ്യവസ്ഥകളും പരിശോധിച്ച് നിങ്ങള്‍ അവ വായിച്ചുവെന്ന് സ്ഥിരീകരിക്കുന്ന ബോക്സ് ചെക്ക് ചെയ്യുക. ശേഷം ‘തുടരുക’ എന്നതില്‍ ടാപ്പ് ചെയ്യുക.

  1. എമിറേറ്റ്‌സ് ഐഡി സ്‌കാന്‍ ചെയ്യുക

തുടര്‍ന്ന് നിങ്ങളുടെ എമിറേറ്റ്‌സ് ഐഡി സ്‌കാന്‍ ചെയ്യാന്‍ ആവശ്യപ്പെടും. ‘അതെ, ഇപ്പോള്‍ സ്‌കാന്‍ ചെയ്യുക’ എന്നതില്‍ ടാപ്പ് ചെയ്ത് നിങ്ങളുടെ ക്യാമറ ആക്സസ് ചെയ്യാന്‍ ആപ്പിനുള്ള അനുമതികള്‍ ന്രല്‍കുക. തുടര്‍ന്ന് നിങ്ങളുടെ എമിറേറ്റ്‌സ് ഐഡിയുടെ രണ്ടു വശങ്ങളും സ്‌കാന്‍ ചെയ്യുക. എമിറേറ്റ്‌സ് ഐഡി സ്‌കാന്‍ ചെയ്ത ശേഷം ആപ്പ് നിങ്ങളുടെ മുഴുവന്‍ പേര്, എമിറേറ്റ്‌സ് ഐഡി നമ്പര്‍, ജനന തീയതി, ദേശീയത, ലിംഗം, എമിറേറ്റ്‌സ് ഐഡി കാലഹരണ തീയതി എന്നിവ കാണിക്കും. ഈ വിശദാംശങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പരിശോധിച്ച് ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം ‘സ്ഥിരീകരിക്കുക’ ക്ലിക്കുചെയ്യുക.

  1. മൊബൈല്‍ നമ്പര്‍, ഇമെയില്‍ പരിശോധന

തുടര്‍ന്ന് നിങ്ങളുടെ മൊബൈല്‍ നമ്പറും ഇമെയില്‍ വിലാസവും നല്‍കാന്‍ ആവശ്യപ്പെടും. ആപ്പ് നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്കും ഇമെയില്‍ വിലാസത്തിലേക്കും ഒറ്റത്തവണ പാസ്വേഡ് അയയ്ക്കും. അവ നല്‍കി മൊബൈല്‍ നമ്പറും ഇമെയില്‍ വിലാസവും പരിശോധിച്ച് സ്ഥിരീകരണം നല്‍കിയാല്‍ അടുത്ത ഘട്ടത്തിലേക്ക് പോകാം. യുഎഇ പാസ് ഉപയോഗിക്കുന്നതിന് നാലക്ക പിന്‍ സൃഷ്ടിക്കാന്‍ നിങ്ങളോട് ആവശ്യപ്പെടും. സര്‍ക്കാര്‍ സേവനങ്ങള്‍ ആക്സസ് ചെയ്യാന്‍ ആപ്പ് ഉപയോഗിക്കുമ്പോഴെല്ലാം ഈ പിന്‍ ആവശ്യമായിവരും. തുടര്‍ന്ന് ആപ്പ് ഫേസ് വെരിഫിക്കേഷന്‍ അനുവദിക്കാന്‍ ആവശ്യപ്പെടും.

‘ഞാന്‍ തയ്യാറാണ്’ എന്നതില്‍ ടാപ്പ് ചെയ്യുക, തുടര്‍ന്ന് ആപ്പ് മുഖം സ്‌കാന്‍ ചെയ്യും. ഫെയ്‌സ് സ്‌ക്രീനിങ്ങിലൂടെ ആപ്പ് നിങ്ങളുടെ ഐഡന്‍റിറ്റി പരിശോധിച്ചുകഴിഞ്ഞാല്‍, ഒരു പാസ്‍വേഡ് സജ്ജീകരിക്കാന്‍ നിങ്ങളോട് ആവശ്യപ്പെടും. അത് നിങ്ങള്‍ക്ക് ലോഗിന്‍ ചെയ്യാന്‍ ഉപയോഗിക്കാം. പാസ്‍വേഡ് വിജയകരമായി സജ്ജീകരിക്കുന്നതോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി.

സര്‍ക്കാര്‍ ബില്ലുകള്‍ അടയ്ക്കുക, ഒരു ബിസിനസ്സ് രജിസ്റ്റര്‍ ചെയ്യുക, പരാതി ഫയല്‍ ചെയ്യുക, വീസ സ്‌പോണ്‍സര്‍ ചെയ്യുക എന്നിവ ഉള്‍പ്പെടെ 5,000 ലധികം വ്യത്യസ്ത സേവനങ്ങള്‍ ഇതുവഴി നിങ്ങള്‍ക്ക് ആക്സസ് ചെയ്യാന്‍ കഴിയും. ഇതിനു പുറമെ, ലേബര്‍ കാര്‍ഡ്, തൊഴില്‍ കരാര്‍ എന്നിവ ആക്‌സസ് ചെയ്യാനും യുഎഇ പാസ് ആവശ്യമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.