സ്വന്തം ലേഖകൻ: എല്ലാ വിമാനങ്ങളില്‍ നിന്നും പേജറുകളും വാക്കി ടോക്കികളും നിരോധിച്ച് ഇറാന്‍. ഇസ്രയേലിന്റെ സംഘര്‍ഷ പരമ്പരയ്ക്ക് പിന്നാലെയാണ് ഇറാന്റെ തീരുമാനം. മൊബൈല്‍ ഫോണുകള്‍ ഒഴികെയുള്ള എല്ലാ ഇലക്ട്രോണിക് കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങളും വിമാനങ്ങളിലും കാര്‍ഗോകളിലും നിരോധിച്ചതായി ഇറാന്റെ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ വക്താവ് ജാഫര്‍ യാസെര്‍ലോയെ ഉദ്ധരിച്ച് ഐഎസ്എന്‍എ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പിനെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ പേജര്‍, വാക്കി ടോക്കി ആക്രമണത്തില്‍ 39 പേരാണ് കൊല്ലപ്പെട്ടത്. അക്രമത്തില്‍ ഏകദേശം 3000ത്തിലധികം പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തിന് പിന്നാലെ ദുബായ് കേന്ദ്രീകൃത എയര്‍ലൈനുകളില്‍ പേജര്‍ വാക്കി ടോക്കികള്‍ നിരോധിച്ചിരുന്നു.
അതേസമയം ലെബനനില്‍ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രയേല്‍. കഴിഞ്ഞ ദിവസം സെന്‍ട്രല്‍ ബെയ്റൂത്തില്‍ നടന്ന ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. 117 പേര്‍ക്ക് പരുക്കേറ്റു. അപ്രതീക്ഷിതമായി നടന്ന ആക്രമണത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. ഹിസ്ബുള്ള നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് ലെബനന്റെ തെക്കന്‍മേഖലയിലുണ്ടായ ആക്രമണത്തില്‍ പത്ത് അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു.
ബരാഷീതിലെ അഗ്‌നിരക്ഷാസേനയുടെ കേന്ദ്രത്തിലായിരുന്നു ആക്രമണം നടന്നത്. തെക്കന്‍ ലെബനനിലെ പന്ത്രണ്ടിലേറെ ഗ്രാമങ്ങളിലുള്ളവരോട് വടക്കോട്ട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സൈന്യം നിര്‍ദേശിച്ചിരുന്നു.
സെപ്റ്റംബര്‍ 28ഓടെയാണ് ഇസ്രയേല്‍-ഹിസ്ബുള്ള ആക്രമണം ശക്തിപ്രാപിച്ചത്. ആക്രമണത്തില്‍ 1400 ലെബനന്‍കാര്‍ കൊല്ലപ്പെട്ടിരുന്നു. ഹിസ്ബുള്ള അംഗങ്ങളും സാധാരണക്കാരും ഇതില്‍ ഉള്‍പ്പെടും. പന്ത്രണ്ട് ലക്ഷത്തോളം പേര്‍ ഭവനരഹിതരായി. രണ്ടാഴ്ചയ്ക്കിടെ 3.75 ലക്ഷം പേര്‍ സിറിയയിലേക്ക് പലായനം ചെയ്തതായി ലെബനന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല