1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 13, 2024

സ്വന്തം ലേഖകൻ: മറ്റേതൊരു ജി 7 രാജ്യങ്ങളിലേതിനേക്കാള്‍ വേഗതയിലാണ് ബ്രിട്ടനില്‍ നവജാത ശിശുക്കളുടെ എണ്ണം കുറയുന്നതെന്ന് സെന്റര്‍ ഫോര്‍ പ്രോഗ്രസ്സീവ് പോളിസി (സി പി പി) റിപ്പോര്‍ട്ടില്‍ പറയുന്നു. 2010 മുതല്‍ ഇതാണ് പ്രവണതയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പ്രത്യുദ്പാദന നിരക്കില്‍ ഉണ്ടായത് 18.8 ശതമാനത്തിന്റെ കുറവാണെന്നും അതില്‍ പറയുന്നു. കഴിഞ്ഞ 12 വര്‍ഷക്കാലത്തിനിടയില്‍ ഏതൊരു ജി 7 രാജ്യങ്ങളിലും ഉണ്ടായതില്‍ വെച്ച് ഏറ്റവും വലിയ ഇടിവാണിത്.

സി പി പിയുടെ വിശകലന പ്രകാരം, ഇറ്റലിയാണ് ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്. അമേരിക്ക, കാനഡ, ഫ്രാന്‍സ്, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ യഥാക്രമം തൊട്ടു പിന്നിലെ സ്ഥാനങ്ങളിലുണ്ട്. ദാരിദ്ര്യവും തൊഴിലില്ലായ്മയും ആളുകള്‍ക്ക് ജീവിതത്തോട് വിരക്തി ജനിപ്പിച്ചതാകാം ഇതിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് മറ്റ് രാജ്യങ്ങളെക്കാള്‍ കൂടുതലായി അനുഭവപ്പെടുന്നത് ബ്രിട്ടനിലാണെന്നും വിലയിരുത്തപ്പെടുന്നു. സാമൂഹ്യ സുരക്ഷയില്‍ സര്‍ക്കാരിന്റെ സാമ്പത്തിക ഇടപെടലുകള്‍ കുറഞ്ഞതും ഇതിന് കാരണമായിട്ടുണ്ട്.

ഇത്തരത്തില്‍ പ്രത്യുദ്പാദന നിരക്ക് കുറയുന്നത് രാജ്യത്തിന്റെ സാമ്പത്തിക ഘടനയെ പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. കാലക്രമേണ, തൊഴില്‍ക്ഷമതയുള്ള പ്രായത്തിലുള്ളവര്‍ സമൂഹത്തില്‍ കുറയുകയും പെന്‍ഷന്‍കാരുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്യും. ഇത് രാജ്യത്തിന്റെ സമ്പദ്ഘടനക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തും. മാത്രമല്ല, കാലക്രമേണ രാജ്യത്തെ തൊഴിലുകള്‍ക്കായി വിദേശ തൊഴിലാളികളെ കൂടുതലായി ആശ്രയിക്കേണ്ട സാഹചര്യവും ഉണ്ടാകാം.

മാതാപിതാക്കള്‍ ഇരുവരും ജോലിക്കാരാണെങ്കില്‍ പോലും, രണ്ടാമത് ഒരു കുട്ടിയെ വളര്‍ത്താനുള്ള സാഹചര്യമല്ല ഉള്ളത് എന്ന് ഒരു കുട്ടിയുടെ മാതാവായ കെയ്റ്റ് ഡേ പറയുന്നു. വിദ്യാഭ്യാസം ഉള്‍പ്പടെ എല്ലാത്തിനും ചെലവേറുകയാണ്. ഈ സാഹചര്യത്തില്‍, ഒന്നിലധികം കുട്ടികള്‍ വേണമെന്ന് ആഗ്രഹമുള്ളവര്‍ പോലും അതിന് തയ്യാറാകുന്നില്ല എന്നും അവര്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.