സ്വന്തം ലേഖകൻ: കുടിയേറ്റം കൂടിയതും സ്വന്തമായി വീട് വാങ്ങുക എന്നത് പ്രയാസമേറിയ കാര്യവും ആയതോടെ യുകെയില്‍ വാടക വീടുകളുടെ നിരക്ക് കുതിച്ച് കയറുന്നു. ഇപ്പോള്‍ത്തന്നെ ശമ്പളത്തിന്റെ നല്ലൊരു ശതമാനവും വാടകയ്ക്ക് പോകുകയാണ്. ഉയര്‍ന്ന പണപ്പെരുപ്പം നിലനില്‍ക്കുന്നതിനാല്‍ ഭക്ഷണത്തിനും മറ്റ് ചെലവുകള്‍ക്കും ഒക്കെ പണം കണ്ടെത്താന്‍ യുകെയില്‍ എത്തുന്ന പലരും ബുദ്ധിമുട്ടുന്നു. വാടക വീടുകളുടെ മാത്രമല്ല, മറ്റ് പ്രോപ്പര്‍ട്ടികളുടെയും നിരക്ക് ഉയരുകയാണ്. സമീപ വര്‍ഷങ്ങളിലും നിരക്ക് വര്‍ധന തുടരുമെന്നാണ് സൂചന. വീടുകളുടെ ഡിമാന്‍ഡ് ഉയരുന്നഅവസരം പ്രോപ്പര്‍ട്ടി ഡവലപ്പര്‍മാരും വാടകക്ക് വീടു നല്‍കുന്നവരും പരമാവധി മുതലാക്കിക്കൊണ്ടിരിക്കുന്നു.
റെക്കോര്‍ഡ് വാടകയാണ് ബ്രിട്ടനിലിപ്പോള്‍. സ്റ്റുഡിയോ അപ്പാര്‍ട്മെന്റുകളും ചെറിയ വീടുകളും ഒന്നും കിട്ടാനില്ലാത്തതാണ് സ്ഥിതി. പുതിയ പ്രോപ്പര്‍ട്ടികള്‍ക്കായി ചോദിക്കുന്ന ശരാശരി വാടക പ്രതിമാസം 1.40 ലക്ഷം രൂപയാണ്. ലണ്ടനില്‍ ആണെങ്കില്‍ തുക വീണ്ടും ഉയരും. യുകെയിലെ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിലെ വലിയ കുതിച്ചുചാട്ടം വരും വര്‍ഷങ്ങളിലും തുടരുമെന്നാണ് സൂചന. കഴിഞ്ഞ പത്ത് മാസത്തിലെ ഏറ്റവും വലിയ വിലക്കയറ്റമാണ് വിപണിയില്‍ ഉണ്ടായിരിക്കുന്നത്. വീടുകളുടെ വിലയില്‍ ഏകദേശം 1.5 ശതമാനം മുതലാണ് വര്‍ധന. ശരാശരി ഭവന വില 5.7 ലക്ഷം രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. 370,000 പൗണ്ടൊക്കെ സാധാരണമായിരിക്കുന്നു.
യുകെയിലെ ഏറ്റവും വലിയ പ്രോപ്പര്‍ട്ടി വെബ്സൈറ്റ് ആയ റൈറ്റ് മൂവിന്റെ കണക്കുകള്‍ അനുസരിച്ച് വീടുകള്‍ വാങ്ങാന്‍ ശ്രമിക്കുന്നവരുടെ എണ്ണത്തിലുള്ള വര്‍ദ്ധനവും വീടിന്റെ വില കുതിച്ചുയരാനുള്ള കാരണമാണ്. പ്രോപ്പര്‍ട്ടി മാര്‍ക്കറ്റില്‍ മുതല്‍ മുടക്കിയവരെ സംബന്ധിച്ചിടത്തോളം വില വര്‍ദ്ധനവ് ഗുണകരമായ കാര്യമാണ്. എന്നാല്‍ യുകെയിലെത്തി ഒരു വീട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന പുതിയ കുടിയേറ്റക്കാര്‍ക്ക് ഇത് തിരിച്ചടിയാണ്. വാടകയ്ക്ക് വീടുകള്‍ അന്വേഷിക്കുന്നവര്‍ക്ക് നിലവിലെ സാഹചര്യത്തില്‍ വാടക വീടിനായി വന്‍ തുകയാണ് ചെലവഴിക്കേണ്ടി വരുന്നത്. യുകെയിലെ സാമ്പത്തിക മാന്ദ്യവും നിലവിലെ സാഹചര്യങ്ങളും പരിശോധിച്ചാല്‍ ഇനി കുടിയേറ്റം ലക്ഷ്യമിടുന്നവര്‍ക്ക് കാര്യങ്ങള്‍ അത്ര ശുഭകരമല്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല