1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 14, 2024

സ്വന്തം ലേഖകൻ: ഇലോൺ മസ്‌കിന്റെ ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്‌സിന്റെ ബഹിരാകാശ വിക്ഷേപണത്തിലെ പുത്തൻ വിജയത്തിന് അഭിനന്ദനപ്രവാഹം. വിക്ഷേപണ ശേഷം മടങ്ങിവന്ന റോക്കറ്റ് ബൂസ്റ്ററിനെ യന്ത്രക്കൈ കൊണ്ട് ലോഞ്ച്പാഡിൽ തിരിച്ചെത്തിച്ച സ്‌പേസ് എക്‌സ് സ്റ്റാർഷിപ്പ് പരീക്ഷണത്തിന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ ഉൾപ്പെടെ ദശലക്ഷക്കണക്കിന് ആളുകളാണ് അഭിനന്ദനങ്ങൾ അറിയിച്ചത്.

ഞായറാഴ്ച നടത്തിയ അഞ്ചാം സ്റ്റാർഷിപ്പ് പരീക്ഷണത്തിലാണ് സ്റ്റാർഷിപ്പിൽ നിന്ന് വേർപെട്ട് താഴേക്കിറങ്ങിയ സൂപ്പർ ഹെവി റോക്കറ്റിനെ കമ്പനി ‘മെക്കാസില്ല’ എന്ന് വിളിക്കുന്ന പുതിയതായി വികസിപ്പിച്ച യന്ത്രകൈകൾ ഉപയോഗിച്ച് ലോഞ്ച്പാഡിലേക്ക് തിരിച്ചെത്തിച്ചത്.

”അഭിനന്ദനങ്ങൾ, വീഡിയോ പലതവണ കണ്ടു, അവിശ്വസനീയം” സുന്ദർ പിച്ചൈ എക്‌സിൽ കുറിച്ചു. വ്യവസായി ആനന്ദ് മഹീന്ദ്രയും മസ്കിന് അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്.

ഇന്ത്യൻ സമയം വൈകീട്ട് ആറ് മണിയോടെയാണ് ടെക്‌സാസിലെ ബോക്കാചികയിൽ നിന്ന് സ്റ്റാർഷിപ്പിന്റെ അഞ്ചാം പരീക്ഷണ ദൗത്യം വിജയം കണ്ടത്‌. രണ്ടാം സ്‌റ്റേജായ സ്റ്റാർഷിപ്പ് റോക്കറ്റിനെ ബഹിരാകാശത്തെത്തിക്കുന്നതിനായി സൂപ്പർ ഹെവി റോക്കറ്റിലെ റാപ്റ്റർ എഞ്ചിനുകൾ മികച്ച രീതിയിൽ പ്രവർത്തിച്ചു. സ്റ്റാർഷിപ്പിൽ നിന്ന് വേർപെട്ടതിന് ശേഷമാണ് സൂപ്പർഹെവി തിരിച്ചിറങ്ങിയത്.

ഇത് ആദ്യമായാണ് സ്റ്റാർഷിപ്പ് പരീക്ഷണ ദൗത്യത്തിൽ ഉപയോഗിച്ച സൂപ്പർ ഹെവി റോക്കറ്റ് വീണ്ടെടുക്കുന്നത്. മുമ്പ് നടത്തിയ പരീക്ഷണ ദൗത്യങ്ങളിലെല്ലാം റോക്കറ്റ് ബൂസ്റ്ററിനെ കടലിൽ പതിപ്പിക്കുകയാണ് ചെയ്ത്.

ഫാൽക്കൺ 9 റോക്കറ്റുകളുടെ ബൂസ്റ്ററുകൾ ഈ രീതിയിൽ വീണ്ടെടുക്കാറുണ്ട്. എന്നാൽ ഫാൽക്കൺ 9 ബൂസ്റ്ററുകളിൽ ഘടിപ്പിച്ചിരിക്കുന്ന ലെഗ്ഗുകൾ ഉപയോഗിച്ച് അവയെ തറയിൽ ഇറക്കുകയാണ് പതിവ്. സ്റ്റാർഷിപ്പിന് വേണ്ടി ഉപയോഗിക്കുന്ന ഭാരമേറിയ സൂപ്പർ ഹെവി റോക്കറ്റിൽ ഇത് പ്രായോഗികമല്ലാത്തതിനാലാവണം പ്രത്യേകം യന്ത്രക്കൈകൾ വികസിപ്പിച്ചത്. സ്റ്റാർഷിപ്പിന്റെ രണ്ടാം സ്റ്റേജ് കടലിൽ പതിച്ചതായി കമ്പനി സ്ഥിരീകരിച്ചു. റോക്കറ്റ് തിരിച്ചിറങ്ങുന്നതിന്റെ ദൃശ്യങ്ങൾ സ്‌പേസ് എക്‌സ് പുറത്തുവിട്ടിട്ടുണ്ട്.

ആർട്ടെമിസ് ദൗത്യത്തിൽ ഉൾപ്പടെ ഭാവി ചാന്ദ്ര ദൗത്യങ്ങൾക്കും ചൊവ്വാ ദൗത്യങ്ങൾക്കും വേണ്ടിയാണ് സ്‌പേസ് എക്‌സ് സ്റ്റാർഷിപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.