‘മുംബൈ പൊലീസ്’ എന്ന പ്രൊജക്ട് ആലോചനാഘട്ടം മുതല്‍തന്നെ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. സഞ്ജയ് – ബോബി ടീമിന്‍റെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമ. പൃഥ്വിരാജും ആര്യയും ഒന്നിക്കുന്ന ചിത്രം. പൂര്‍ണമായും മുംബൈയില്‍ ചിത്രീകരിക്കുന്ന സിനിമ. ഈ പ്രൊജക്ടിന്‍റെ ഔട്ട്‌ലൈന്‍ ഇതായിരുന്നു. എന്നാല്‍ ചിത്രത്തില്‍ നിന്ന് പൃഥ്വിരാജിനെ ഒഴിവാക്കി എന്ന വാര്‍ത്തയാണ് പിന്നീട് കേട്ടത്. പകരം മമ്മൂട്ടി നായകനാകുന്നു എന്നും റിപ്പോര്‍ട്ടുകള്‍ വന്നു.
മമ്മൂട്ടി നായകനാകുമോ എന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. എന്നാല്‍ പൃഥ്വിരാജിനെ ഈ പ്രൊജക്ടില്‍ നിന്ന് ഒഴിവാക്കിയതായി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് അറിയിക്കുന്നു. തന്‍റെ സിനിമയ്ക്കിടയില്‍ മറ്റൊരു സിനിമ ചെയ്യാന്‍ പോകുന്ന നായകനെ തനിക്കാവശ്യമില്ലെന്ന് റോഷന്‍ ആന്‍ഡ്രൂസ് തുറന്നടിക്കുന്നു.
“പൃഥ്വിരാജിനെയാണ് മുംബൈ പോലീസിലേക്ക് ആദ്യം പരിഗണിച്ചത്. പക്ഷേ, അദ്ദേഹം വളരെ തിരക്കുള്ള നടനായി മാറിയിരിക്കുകയാണ്. അതുകൊണ്ട് അദ്ദേഹം ഈ സിനിമയില്‍ ഉണ്ടാവില്ല. തിരക്കുകള്‍ എല്ലാവര്‍ക്കും വേണം. എന്നാല്‍, ഒരു നടന്‍ ഒരു സിനിമയുമായി കരാര്‍ ചെയ്താല്‍ പിന്നെ ആ സിനിമയില്‍ പൂര്‍ണ്ണമായും ശ്രദ്ധിക്കണം. അതിനിടയിലുള്ള മറ്റു തിരക്കുകള്‍ ശരിയാവില്ല. എന്നെ സംബന്ധിച്ചിടത്തോളം മുംബൈ പോലീസ് എന്ന സിനിമയില്‍ അറുപത് ദിവസം കൃത്യമായി ഷൂട്ടിംഗിന് സഹകരിക്കുന്ന ഒരു നടനെയാണ് ആവശ്യം. അതിനിടയില്‍ മറ്റൊരു സിനിമ ചെയ്യാന്‍ പോകുന്ന നടനെ എനിക്ക് ആവശ്യമില്ല” – ഒരു പ്രമുഖ സിനിമാ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു.
തന്‍റെ സിനിമയോട് പൂര്‍ണമായ അര്‍പ്പണ ബോധത്തോടെ സഹകരിക്കുന്ന നടനെ മാത്രമേ മുംബൈ പൊലീസിലേക്ക് തെരഞ്ഞെടുക്കൂ എന്ന് റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു. സിനിമ സംവിധായകരുടേതായിരിക്കണമെന്നും എങ്കില്‍ മാത്രമേ മലയാള സിനിമയില്‍ ശക്തമായ മാറ്റങ്ങള്‍ സംഭവിക്കുകയുള്ളൂ എന്നും റോഷന്‍ വ്യക്തമാക്കി.
“ഒരു നടനെ കാസ്റ്റ് ചെയ്യുമ്പോള്‍ അയാളുടെ തിരക്കുകളും നമ്മള്‍ പരിഗണിക്കേണ്ടതുണ്ട്. പക്ഷേ, എപ്പോഴും തിരക്കുകള്‍ പറയുന്നത് എങ്ങനെ അംഗീകരിക്കാന്‍ പറ്റും. സംവിധായകര്‍ക്കും തിരക്കുകളില്ലേ. മലയാള സിനിമയിലെ സംവിധായകരൊന്നും പണിയില്ലാതെ വെറുതെയിരിക്കുന്നവരല്ല. അത് തുറന്നു പറയാന്‍ സംവിധായകര്‍ക്ക് കഴിയണം. എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് മുംബൈ പൊലീസിന്‍റെ തിരക്കഥയില്‍ വിശ്വാസമുണ്ട്. പുതുമുഖത്തെ വച്ചാണെങ്കിലും ഈ സിനിമ ചെയ്യാനുള്ള ധൈര്യവുമുണ്ട്” – റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല