1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 14, 2024

സ്വന്തം ലേഖകൻ: റോഡ് ക്രോസിങ്ങിനായി അനുവദിക്കപ്പെട്ടതല്ലാത്ത ഇടങ്ങളിലൂടെ റോഡ് മുറിച്ചുകടക്കുന്ന കാല്‍നട യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി ദുബായ് പോലീസ്. ജെയ് വാക്കിങ് എന്ന് വിളിക്കപ്പെടുന്ന നിയമവിരുദ്ധമായ റോഡ് ക്രോസിങ് മൂലമുണ്ടാവുന്ന അപകടങ്ങളുടെ തോത് വലിയ തോതില്‍ വര്‍ധിച്ചുവന്ന സാഹചര്യത്തിലാണ് പോലീസിന്‍റെ ഈ മുന്നറിയിപ്പ്. ഇത്തരം അശ്രദ്ധമായ റോഡ് ക്രോസിങ്ങുകള്‍ കാല്‍നട യാത്രക്കാരെ മാത്രമല്ല, വാഹനങ്ങളെയും അപകടത്തിലാക്കുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.

തങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും അപകടമുണ്ടാക്കുന്ന രീതിയില്‍ അനുവാദമില്ലാത്ത ഇടങ്ങളില്‍ റോഡ് മുറിച്ചുകടന്നതിനും ട്രാഫിക് സിഗ്നലുകളിലെ കാല്‍നടയാത്രക്കാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചതിനും ഈ വര്‍ഷത്തിന്‍റെ തുടക്കം മുതല്‍ നായിഫ് പോലീസ് സ്റ്റേഷന്‍ 37 കാല്‍നടയാത്രക്കാര്‍ക്ക് പിഴ ചുമത്തിയതായി നായിഫ് പോലീസ് സ്റ്റേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഉമര്‍ മൂസ ആഷൂര്‍ അറിയിച്ചു. ഫെഡറല്‍ ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 89 പ്രകാരം കാല്‍നട ട്രാഫിക് സിഗ്നലുകളുടെ ലംഘനത്തിനും അനധികൃത സ്ഥലങ്ങളില്‍ റോഡ് മുറിച്ചുകടക്കുന്നതിനും 400 ദിര്‍ഹം പിഴ ലഭിക്കും.

കഴിഞ്ഞ വര്‍ഷം നിര്‍ദിഷ്ട സ്ഥലങ്ങളിലൂടെ അല്ലാതെ ആളുകള്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് എട്ട് പേര്‍ മരിക്കുകയും 339 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും അദ്ദേഹം അറിയിച്ചു. 2023-ല്‍ 44,000 കാല്‍നടയാത്രക്കാരില്‍ നിന്നാണ് ഈ രീതിയുള്ള നിയമവിരുദ്ധ റോഡ് ക്രോസിങ്ങിന് പിഴ ഈടാക്കിയത്. ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്ന കാല്‍നടയാത്രക്കാര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. റോഡ് ക്രോസിങ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിനൊപ്പം അനുവദനീയമായ ഇടങ്ങളില്‍ റോഡ് മുറിച്ചുകടക്കുമ്പോഴും റോഡിലൂടെ വാഹനങ്ങള്‍ വരുന്നില്ലെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രമേ റോഡിലേക്ക് കാലെടുത്ത് വയ്ക്കാവൂ എന്നും അദ്ദേഹം വ്യക്തമാക്കി.

കാല്‍നടയാത്രക്കാര്‍ ക്രോസിങ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുകയും റോഡ് മുറുച്ചുകടക്കുമ്പോള്‍ ജാഗ്രത പാലിക്കുകയും ചെയ്താല്‍ അപകട സംഭവങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാനാകും. അതേസമയം, കാല്‍നടയാത്രക്കാര്‍ റോഡ് മുറിച്ചുകടക്കാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ വാഹനങ്ങള്‍ ശ്രദ്ധയോടെയും അനുവദനീയമായ വേഗതയിലും മാത്രമേ പോകാവൂ എന്നും അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷമാദ്യം ദുബായിലുണ്ടായ അപകടത്തില്‍ കാല്‍നടയാത്രക്കാര്‍ക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് ഒരു ഡ്രൈവര്‍ക്കും രണ്ട് കാല്‍നടയാത്രക്കാര്‍ക്കും പിഴ ചുമത്തിയിരുന്നു. ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് കണ്ടെത്തിയാണ് അപകടത്തിന് കാരണക്കാരനായ അറബ് ഡ്രൈവറെ ദുബായ് ട്രാഫിക്ക് കോടതി ശിക്ഷിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.