1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 14, 2024

സ്വന്തം ലേഖകൻ: ബ്രിട്ടിഷ് മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഓർമക്കുറിപ്പുകളിൽ നരേന്ദ്ര മോദിക്ക് വൻ പ്രശംസ. മാറ്റത്തിന്റെ നായകനെന്നു വിശേഷിപ്പിച്ചാണ് ഈയാഴ്ച പുറത്തിറങ്ങുന്ന ‘അൻലീഷ്ഡ്’ എന്ന സ്മരണകളിൽ ഇന്ത്യൻ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചകൾ ജോൺസൺ ഓർത്തെടുക്കുന്നത്.

മോദിയുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽ നക്ഷത്രസ്പർശമുള്ള ഊർജാനുഭവം തനിക്കുണ്ടായെന്ന് ജോൺസൺ പറയുന്നു. അന്ന് ബോറിസ് പ്രധാനമന്ത്രിയായിട്ടില്ല, ലണ്ടൻ നഗരത്തിന്റെ മേയറായിരുന്നു. തെംസ് നദിയുടെ ഓരത്തുള്ള സിറ്റി ഹാൾ ഓഫിസിൽ ജോൺസനെ കാണാൻ മോദിയെത്തി.

അവിടെ ടവ‍ർ ബ്രിജിനു സമീപം മോദിയെ കാണാനെത്തിയ ആൾക്കൂട്ടം. അവർക്കു മുന്നിലേക്ക് ഇരുവരും ചെന്നു. മോദി ജോൺസന്റെ കരം പിടിച്ചുയർത്തി ഹിന്ദിയിൽ എന്തോ ഉരുവിട്ടു. ‘അർഥം മനസ്സിലായില്ലെങ്കിലും നക്ഷത്രസ്പർശമുള്ള അത്ഭുതകരമായ ഊർജാനുഭവം എനിക്കുണ്ടായി’ എന്നാണ് ആ നിമിഷത്തെപ്പറ്റി ജോൺസൺ എഴുതുന്നത്. ‘ആസ്ട്രൽ എനർജി’ സമ്മാനിച്ച ആദ്യ കാഴ്ചയിൽത്തന്നെ ഉറ്റസൗഹൃദം മൊട്ടിട്ടു. മോദിയുമായി പിന്നീടുള്ള എല്ലാ കൂടിക്കാഴ്ചകളും പ്രിയങ്കരമായി.

അതിനു മുൻപ് 2012ൽ ഇന്ത്യ സന്ദർശിക്കുമ്പോ‍ൾ, ‘ഹിന്ദു ദേശീയവാദി’ നേതാവിനെ കാണുന്നത് അത്ര പന്തിയായിരിക്കില്ല എന്ന് ബ്രിട്ടിഷ് വിദേശകാര്യ മന്ത്രാലയം തനിക്കു മുന്നറിയിപ്പു നൽകിയിരുന്ന കാര്യവും ജോൺസൺ പരാമർശിക്കുന്നുണ്ട്.

ഇന്ത്യയുമായുള്ള സ്വതന്ത്രവ്യാപാര കരാറിന്റെ പ്രാരംഭ ചർച്ചകൾക്കു വഴിയൊരുക്കിയതിന്റെ ബഹുമതി ജോൺസൺ അവകാശപ്പെടുന്നുണ്ട്. ഈ കരാറിന്റെ വഴിയിൽ ചിന്തിക്കാൻ മോദി പറ്റിയ കൂട്ടായിരുന്നെന്നും എഴുതുന്നു. ‘ബ്രിട്ടൻ ആൻഡ് ഇന്ത്യ’ എന്ന പേരിൽ ഒരധ്യായം തന്നെ ഇന്ത്യാസൗഹൃദ വിവരണത്തിനായി ജോൺസൺ നീക്കിവച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.