വിവാഹേതരബന്ധം തെളിയിക്കപ്പെടുന്ന സ്ത്രീകളെ പരസ്യമായി ചാട്ടവാറടിക്കുന്ന ശിക്ഷാരീതി നിര്‍ത്തലാക്കാന്‍ മാലെ ദ്വീപിനോട് യു.എന്‍. മനുഷ്യാവകാശവിഭാഗം മേധാവി നവി പിള്ള ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്കെതിരായ ഏറ്റവും മനുഷ്യത്വഹീനവും തരംതാണതുമായ അക്രമമെന്ന് ഈ ശിക്ഷാരീതിയെ വിശേഷിപ്പിച്ച നവി പിള്ള, ഒരു ജനാധിപത്യരാജ്യത്തിന്റെ നിയമവ്യവസ്ഥ്യയ്ക്കകത്ത് ഇതിന് സ്ഥാനമുണ്ടാവരുതെന്ന് മാലെ ദ്വീപിന്റെ പാര്‍ലമെന്റായ മജ്ലിസില്‍ പറഞ്ഞു.
ലിംഗസമത്വത്തിനായി രാജ്യം നടത്തുന്ന ശ്രമങ്ങളെ പ്രകീര്‍ത്തിച്ച നവി പിള്ള സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ വിവേചനങ്ങള്‍ തുടരുന്നതായി ചൂണ്ടിക്കാട്ടി. ഈ പ്രശ്നത്തില്‍ ദേശീയചര്ച്ചയ്ക്ക് പാര്‍ലമെന്റംഗങ്ങള്‍ നേതൃത്വംവഹിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സ്ത്രീകളുടെ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ പാര്‍ലമെന്റ് ഗാര്‍ഹികപീഡനത്തിനെതിരെ നിയമം പാസ്സാക്കണമെന്ന് യു.എന്‍. മനുഷ്യാവകാശമേധാവി നിര്‍ദേശിച്ചു.
3,30,000 സുന്നി മുസ്ലിങ്ങള്‍ താമസിക്കുന്ന ഈ ദ്വീപുരാഷ്ട്രം പ്രധാനപ്പെട്ട ടൂറിസംകേന്ദ്രമാണ്. കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെങ്കിലും 2006ല്‍ പരസ്യമായ ചാട്ടവാറടിക്ക് വിധേയരായ 184 പേരില്‍ 146 ഉം സ്ത്രീകളായിരുന്നുവെന്ന് മാലെദ്വീപ് വാര്‍ത്താ ഏജന്‍സി മിനിവാന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2009ല്‍ 100 ചാട്ടവാറടിക്ക് ശിക്ഷിക്കപ്പെട്ട പതിനെട്ടുകാരി ബോധംകെട്ട് വീണ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഈ ശിക്ഷാരീതിക്ക് മൊറട്ടേറിയം പ്രഖ്യാപിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല