സ്വന്തം ലേഖകൻ: വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് ചെന്നൈയിലെ മേല്‍പ്പാലത്തില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് ജനങ്ങള്‍. വീടുകളിലെ പാര്‍ക്കിങ് സ്ഥലത്ത് വെള്ളം കയറുമെന്ന് ഭയന്നാണ് വേളാച്ചേരി മേല്‍പ്പാലത്തില്‍ വാഹനങ്ങള്‍ നിരയായി നിര്‍ത്തിയിട്ടത്. കഴിഞ്ഞ വര്‍ഷം കനത്ത മഴയുണ്ടായപ്പോഴും വേളാച്ചേരി മേല്‍പ്പാലത്തെയാണ് ഒട്ടേറെപ്പേര്‍ ആശ്രയിച്ചത്.
കനത്ത മഴയുണ്ടാകുമെന്ന് തിങ്കളാഴ്ച മുന്നറിയിപ്പു വന്നപ്പോള്‍ത്തന്നെ വേളാച്ചേരി, പള്ളിക്കരണി പ്രദേശത്തുള്ളവര്‍ തങ്ങളുടെ കാറുകള്‍ മേല്പ്പാലത്തിലെത്തിച്ച് സുരക്ഷിതമാക്കിയിരുന്നു. അതിനിടെ, അനധികൃത പാര്ക്കിങ്ങിന്റെപേരില് വാഹനയുടമകളില്‍നിന്ന് 500 രൂപവീതം പോലീസ് പിഴ ചുമത്തുന്നതായി ആക്ഷേപമുയര്‍ന്നു. എന്നാല്‍, ചെന്നൈ ട്രാഫിക് പോലീസ് ഇത് നിഷേധിച്ചു.
വാഹനങ്ങള്‍ മാറ്റാന്‍ ആവശ്യപ്പെടുകയാണ് ചെയ്തതെന്ന് അവര്‍ പറഞ്ഞു. എന്നാല്‍, ചില വാഹനയുടമകള്‍ മഴ കുറയുന്നതുവരെ വാഹനങ്ങള്‍ തിരിച്ചെടുക്കില്ലെന്ന് അറിയിച്ചു. വാഹനത്തില്‍ വെള്ളം കയറിയാലുണ്ടാകുന്ന നഷ്ടവുമായി താരതമ്യം ചെയ്യുമ്പോള്‍ പിഴ നല്കാന് തയ്യാറാണെന്നും ചിലര്‍ പ്രതികരിച്ചു.
മേല്‍പ്പാലത്തില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ക്ക് പിഴ ചുമത്തരുതെന്ന് പോലീസുകാര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ചെന്നൈ പോലീസ് എക്സില്‍ കുറിച്ചു. വേളാച്ചേരി മേല്‍പ്പാലത്തില്‍ കാറുകള്‍ നിരന്നുകിടക്കുന്ന ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല