കേരള- ബ്രിട്ടന്‍ നിക്ഷേപ സഹകരണം സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് കരുത്തു പകരുമെന്ന് ആന്റോ ആന്റണി എംപി. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന ബസിനസ് മീറ്റില്‍ കേരളം: ഇന്ത്യയുടെ വളരുന്ന നിക്ഷേപ മേഖല എന്ന വിഷയത്തില്‍ ഇന്ത്യന്‍ സംഘത്തെ പ്രതിനിധീകരിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളം ചുവപ്പുനാടയില്‍നിന്നു മുക്തമായിക്കൊണ്ടിരിക്കുകയാണെന്നും ഏകജാലക സംവിധാനത്തിലൂടെ നിക്ഷേപ സൌഹാര്‍ദ സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞെന്നും ബ്രിട്ടീഷ് പാര്‍ലമെന്റംഗങ്ങളുടെ ചോദ്യത്തിനു മറുപടിയായി സംസ്ഥാന തൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. കേരളത്തില്‍ വിദഗ്ധ തൊഴില്‍ പരിശീലനത്തിനു കൂടുതല്‍ അവസരങ്ങളൊരുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബ്രിട്ടീഷ് പാര്‍ലമെന്റംഗം വീരേന്ദ്ര ശര്‍മ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ പ്രവാസികളുടെ ക്ഷേമത്തിനുള്ള മികച്ച സംഭാവനകള്‍ക്കുള്ള അവാര്‍ഡ് ആന്റോ ആന്റണി ഏറ്റുവാങ്ങി. മികച്ച വ്യവസായ സംരഭകനുള്ള പുരസ്കാരം ജോര്‍ജ് എം. മുത്തൂറ്റും ജോണ്‍ പോള്‍ ആലൂക്കയും വിനോദ സഞ്ചാര വികസനത്തിനുള്ള പുരസ്കാരം ടി. ഹരിദാസിനും സമ്മാനിച്ചു.
എംഎല്‍എമാരായ മോന്‍സ് ജോസഫ്, ടി.യു. കുരുവിള, അബ്ദു ള്‍ റഹ്മാന്‍ രണ്ടത്താണി, സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ ചെയര്‍മാന്‍ ടി.പി. ശ്രീനിവാസന്‍ എന്നിവരും 20 പ്രമുഖ വ്യവസായ ഗ്രൂപ്പുകളുടെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. കേരളത്തിന്റെ നിക്ഷേപ സാധ്യതകളുമായി ബന്ധപ്പെട്ട് ആദ്യമായാണ് ഇത്തരമൊരു ചടങ്ങ് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ സംഘടിപ്പിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല