1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 17, 2024

സ്വന്തം ലേഖകൻ: ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിനെ കനേഡിയന്‍ മണ്ണില്‍ കൊലപ്പെടുത്തിയതിന് പിന്നില്‍ ഇന്ത്യയുടെ പങ്ക് ആരോപിച്ചത് വ്യക്തമായ തെളിവ് ഇല്ലാതെയെന്ന് സമ്മതിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ‘ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിജ്ജറിന്റെ കൊലയ്ക്ക് പിന്നില്‍ ഇന്ത്യയാണെന്ന ആരോപണം ഉന്നയിച്ചത്.

ഇന്ത്യയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് കനേഡിയന്‍ അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ടപ്പോള്‍ ഇന്ത്യ തെളിവ് കൈമാറാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആ ഘട്ടത്തില്‍ കൃത്യമായ തെളിവ് ഇല്ലായിരുന്നുവെന്നാണ്’ ട്രൂഡോ ഇപ്പോള്‍ സമ്മതിച്ചിരിക്കുന്നത്. ഫോറിന്‍ ഇന്റര്‍ഫിയറന്‍സ് കമ്മിഷന് മുമ്പാകെയാണ് ട്രൂഡോ ഇക്കാര്യം അറിയിച്ചത്.

‘ഇന്ത്യയോട് സഹകരിക്കാന്‍ കാനഡ ആവശ്യപ്പെട്ടു. എന്നാല്‍ ഇന്ത്യ തെളിവാണ് ആവശ്യപ്പെട്ടത്. കൂടുതല്‍ അന്വേഷണത്തിന് സഹകരിക്കാനും ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളോട് ആവശ്യപ്പെട്ടു. കാരണം ആ സമയത്ത് കാനഡയുടെ പക്കല്‍ ഉണ്ടായിരുന്നത് പ്രാഥമിക വിവരങ്ങളായിരുന്നുവെന്നും ട്രൂഡോ പറഞ്ഞു.

കൂടുതല്‍ തെളിവുകള്‍ ആ ഘട്ടത്തിലുണ്ടായിരുന്നില്ല. ഇന്ത്യ തെളിവുകള്‍ ആവശ്യപ്പെട്ടപ്പോള്‍ നല്‍കാന്‍ സാധിക്കാതിരുന്നത് ഇതിനാലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വിഷയം സംസാരിച്ചിരുന്നതായും ട്രൂഡോ അറിയിച്ചു. കാനഡയില്‍ നടന്ന നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഭരണകൂടത്തിനു പങ്കുണ്ടെന്നും ഇതിനു തെളിവുകള്‍ തങ്ങളുടെ കൈയ്യിലുണ്ടെന്നുമാണ് ട്രൂഡോ നേരത്തെ പരസ്യമായി പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്രബന്ധം തന്നെ ഉലയുന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്.

നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയോട് തെളിവുകള്‍ നല്‍കാന്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നുവെങ്കിലും തെളിവുകളെല്ലാം നല്‍കിയിരുന്നുവെന്നായിരുന്നു ട്രൂഡോയുടെ വാദം. ഇന്ത്യയുടെ പങ്കിന് ശക്തമായ തെളിവുകളുണ്ടെന്നും ട്രൂഡോ അവകാശപ്പെട്ടിരുന്നു. ഇന്ത്യന്‍ ഹൈകമ്മീഷണര്‍ അടക്കമുള്ള ആറ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നായിരുന്നു ആരോപണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.