1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 26, 2011

അന്തര്‍ദേശീയ നിരീക്ഷകരെ അനുവദിക്കണമെന്ന അറബിലീഗിന്റെ അന്ത്യശാസനം സിറിയന്‍ ഭരണകൂടം നിരാകരിച്ചു. എട്ടു മാസമായി നടക്കുന്ന രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് നിരീക്ഷകരെ അയയ്ക്കാന്‍ അറബിലീഗ് തീരുമാനിച്ചത്. ഇതു സംബന്ധിച്ച കരാറില്‍ ഒപ്പുവയ്ക്കാന്‍ ഇന്നലെവരെ സിറിയയ്ക്കു സമയം അനുവദിച്ചിരുന്നു.

എന്നാല്‍ സമയം കഴിഞ്ഞിട്ടും സിറിയയില്‍നിന്നു പ്രതികരണം ഉണ്ടാവാത്ത സാഹചര്യത്തില്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് അറബി ലീഗ് ആലോചന തുടങ്ങി. ഇന്നു കൂടുന്ന യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും. രണ്ടാഴ്ച മുമ്പ് സിറിയയെ അറബിലീഗില്‍ നിന്നു സസ്പെന്‍ഡ് ചെയ്തിരുന്നു.

ഇതേസമയം, സിറിയയില്‍ വിദേശ ഇടപെടല്‍ പാടില്ലെന്ന് റഷ്യയും ചൈനയും താക്കീതു നല്‍കിയിരിക്കുകയാണ്. അറബിലീഗിന്റെ മധ്യസ്ഥശ്രമങ്ങള്‍ക്കു ശേഷവും സിറിയയില്‍ രക്തച്ചൊരിച്ചില്‍ തുടരുകയാണ്. വ്യാഴാഴ്ച 47 പേര്‍ക്കു ജീവഹാനി നേരിട്ടു. ഇതില്‍ 16 സൈനികരും ഉള്‍പ്പെടുന്നു.

സിറിയയിലെ ജനാധിപത്യ പ്രക്ഷോഭം നിര്‍ണായക ഘട്ടത്തിലെത്തിയിരിക്കുകയാണെന്നു നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും സൈന്യത്തിന്റെയും സഹായത്തോടെ പ്രക്ഷോഭം അടിച്ചമര്‍ത്താമെന്ന വ്യാമോഹത്തിലാണു പ്രസിഡന്റ് അസാദ്. എന്നാല്‍, സൈന്യത്തില്‍ തന്നെ പലരും കൂറുമാറി എതിരാളികളോടൊപ്പം ചേര്‍ന്നു. സിറിയയ്ക്ക് ജീവകാരുണ്യ സഹായം എത്തിക്കുന്നതിനെക്കുറിച്ച് പാശ്ചാത്യരാജ്യങ്ങള്‍ ആലോചന തുടങ്ങി. അസാദ് രാജിവയ്ക്കണമെന്നു സിറിയയുടെ അയല്‍രാജ്യമായ ടര്‍ക്കിയുടെ പ്രധാനമന്ത്രി എര്‍ദോഗന്‍ നിര്‍ദേശിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.