1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 17, 2024

സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും നല്ല വിമാനക്കമ്പനിയെ കണ്ടെത്താന്‍ ടെലെഗ്രാഫ് ട്രാവല്‍ ശാസ്ത്രീയ സമീപനത്തിലൂടെ നടത്തിയ സര്‍വേയില്‍ ഒന്നാമതെത്തിയത് യുകെ മലയാളികളുടെ പ്രിയ എയര്‍ലൈന്‍ എമിറേറ്റ്‌സ്. ലോകത്തിലെ വിമാനക്കമ്പനികളെ 30 ല്‍ അധികം മാനദണ്ഡങ്ങളുടെ അളവുകോലിലൂടെ പരിശോധിച്ചണ് റാങ്കിങ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്.

തൊണ്ണൂറോളം വിമാനക്കമ്പനികളെ, ലെഗ്‌റൂം, സമയ കൃത്യത, അനുവദിക്കുന്ന ബാഗേജ്, റൂട്ട് നെറ്റ്വര്‍ക്ക്, ഹോം എയര്‍പോര്‍ട്ടിന്റെ ഗുണനിലവാരം, വിമാനങ്ങളുടെ കാലപ്പഴക്കം, റിവാര്‍ഡ് പോഗ്രാമുകളുടെ മൂല്യം, വിമാനത്തില്‍ നല്‍കുന്ന ഭക്ഷണങ്ങളുടെ സ്വാദ് എന്ന് തുടങ്ങി 30 ല്‍ അധികം മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

അതോടൊപ്പം ആഗോളാടിസ്ഥാനത്തില്‍ നടന്ന, വിമാനക്കമ്പനികളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട പ്രധാന സര്‍വ്വേ ഫലങ്ങളും പരിഗണിക്കപ്പെട്ടു. ഇതിനോടൊപ്പം 30,000 ഓളം വായനക്കാര്‍ വോട്ടിംഗില്‍ പങ്കെടുത്ത കഴിഞ്ഞ വര്‍ഷത്തെ ടെലെഗ്രാഫ് ട്രാവല്‍ അവാര്‍ഡ് ഫലങ്ങളും പരിഗണിച്ചിരുന്നു. ഈ വിശകലനത്തില്‍ അനുവദിക്കപ്പെട്ട ബാഗേജ് മുതല്‍ സമയ കൃത്യതക്ക് വരെ വോട്ട് നേടി ദുബായ് ആസ്ഥാനമായ എമിറേറ്റ്‌സ് ആണ് ഒന്നാം സ്ഥാനത്ത് എത്തിയത്. ഏറ്റവും അധികം ഡബിള്‍ ഡെക്കര്‍ എയര്‍ബസ് 3എ 380 വിമാനങ്ങള്‍ ഓപ്പറേറ്റ് ചെയ്യുന്നതും ഈ വിമാനക്കമ്പനിയാണ്. എക്കോണമിയുള്‍പ്പടെ എല്ലാ ക്ലാസ്സുകളിലും മതിയായ ലെഗ് റൂം നല്‍കുന്നു എന്നതും ഇവരുടെ പ്രത്യേകതയാണ്.

ഖത്തര്‍ എയര്‍വെയ്‌സ് ആണ് ബ്രിട്ടീഷുകാര്‍ക്ക് സുസമ്മതമായ രണ്ടാമത്തെ മികച്ച എയര്‍ലൈന്‍. ഏറ്റവും മികച്ച ബിസിനസ്സ് ക്ലാസിനും പുറമെ പുതിയതായി അവതരിപ്പിച്ച ഫസ്റ്റ് ക്ലാസും ഈ നേട്ടം കൈവരിക്കാന്‍ ഖത്തര്‍ എയര്‍വെയ്‌സിനെ സഹായിച്ചു. എക്കോണമി ക്ലാസ്സിലെ യാത്രക്കാര്‍ക്കും മികച്ച സേവനമാണ് ഇവര്‍ നല്‍കുന്നത്. എന്നാല്‍, പ്രീമിയം എക്കോണമി നല്‍കുന്നില്ല എന്നതാണ് ഇവരുടെ ഒരു കുറവായി യാത്രക്കാര്‍ പരാമര്‍ശിച്ചത്.

എ 380 യുടെ അപ്പര്‍ ക്ലാസില്‍ മികച്ച ഫസ്റ്റ് ക്ലാസ്സ് ഒരുക്കിയ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ആണ് മൂന്നാം സ്ഥാനത്തുള്ളത്. തുകല്‍ കസേര, പ്രത്യേകം കിടക്ക, 3 ഇന്‍ 1 എച്ച് ഡി ടച്ച് സ്‌ക്രീന്‍ മോണിറ്റര്‍ തുടങ്ങിയ സൗകര്യങ്ങള്‍ അടങ്ങിയ ഓരോ സ്യൂട്ടും ഓരോ മിനി അപ്പാര്‍ട്ട്‌മെന്റ് പോലെയാണ്. അതേസമയം പ്രീമിയം എക്കോണമിയില്‍ എമിറേറ്റ്‌സി ലുള്ളത്ര സൗകര്യങ്ങള്‍ ഇല്ല എന്നതു മറ്റൊരു വസ്തുത. ഹോങ്കോംഗ് ആസ്ഥാനമായ കാത്തെ പസെഫിക് നാലാം സ്ഥനത്ത് എത്തിയപ്പോള്‍ ന്യൂസിലാന്‍ഡിന്റെ ഓള്‍ നിപ്പോള്‍ എയര്‍വേയ്‌സ് അഞ്ചാം സ്ഥാനം കരസ്ഥമാക്കി.

120 രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ടര്‍ക്കിഷ് എയര്‍ലൈന്‍സ് ആറാം സ്ഥാനം നേടിയപ്പോള്‍, ലോകത്തിലെ തന്നെ ഏറ്റവും മികച്ച പ്രീമിയം ഓഫറുകളുടെ ബലത്തില്‍ ജപ്പാന്‍ എയര്‍ലൈന്‍സ് ഏഴാം സ്ഥാനത്തെത്തി. അടുത്തിടെ, ചില ഹ്രസ്വദൂര റൂട്ടുകളില്‍, വിമാനത്തിനുള്ളില്‍ നല്‍കുന്ന സൗജന്യ ഭക്ഷണ പാനീയങ്ങള്‍ നിര്‍ത്തലാക്കിയെങ്കിലും എയര്‍ ഫ്രാന്‍സ് ഇന്നും യാത്രക്കാര്‍ക്ക് പ്രിയങ്കരമാണെന്നത് അവരുടെ എട്ടാം സ്ഥാനം സൂചിപ്പിക്കുന്നു.

അബുദാബി ആസ്ഥാനമായ എത്തിഹാദ് ഒന്‍പതാം സ്ഥാനത്തും കൊറിയന്‍ എയര്‍ പത്താം സ്ഥാനത്തും എത്തി. എയര്‍ ഇന്ത്യയ്ക്ക് നാല്‍പത്തിയേഴാം സ്ഥാനം മാത്രം ആണ് ലഭിച്ചത്. വീസ്താരയും ഇന്‍ഡിഗോയും എയര്‍ ഇന്ത്യയ്ക്കും താഴെയായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.