സ്വന്തം ലേഖകൻ: ഹമാസിന്റെ പരമോന്നത നേതാവ് യഹ്യ സിൻവർ വധിക്കപ്പെട്ടതായി ഇസ്രേലി വിദേശകാര്യമന്ത്രി ഇസ്രയേൽ കാറ്റ്സ് സ്ഥിരീകരിച്ചു. ഒക്ടോബർ ഏഴ് ഭീകരാക്രമണത്തിന്റെ സൂത്രധാരനായ സിൻവറിനെ ഇന്നലെ ഇസ്രേലി സേന വധിക്കുകയായിരുന്നുവെന്ന് കാറ്റ്സ് അറിയിച്ചു.
ഗാസയിൽ കൊല്ലപ്പെട്ട മൂന്നു തീവ്രവാദികളിലൊരാൾ സിൻവർ ആകാമെന്ന് ഇസ്രേലി സേന നേരത്തേ അറിയിച്ചിരുന്നു. ഡിഎൻഎ സാന്പിൾ അടക്കം പരിശോധിച്ചാണ് മരണം സ്ഥിരീകരിച്ചത്.
സിൻവറിന്റെ മരണത്തോടെ ഹമാസിന്റെ മുതിർന്ന നേതൃനിര തുടച്ചുനീക്കപ്പെട്ടു. മറ്റു മുതിർന്ന നേതാക്കളായ ഇസ്മയിൽ ഹനിയ, മുഹമ്മദ് ദെയിഫ് എന്നിവരെ ഇസ്രയേൽ നേരത്തേ വധിച്ചിരുന്നു.
ഇസ്മയിൽ ഹനിയ ജൂലൈ അവസാനം ടെഹ്റാനിൽ കൊല്ലപ്പെട്ടതോടെയാണു സിൻവർ ഹമാസിന്റെ പരമോന്നത നേതൃപദവിയായ പോളിറ്റ്ബ്യൂറോ ചെയർമാനായത്.
ഗാസയിലുള്ള ബന്ദികളെ പരിചയാക്കിയാണ് ഇയാൾ ഒളിവിൽ കഴിഞ്ഞതെന്നു പറയുന്നു. സിൻവർ വധിക്കപ്പെട്ട സൈനിക നടപടിയിൽ ബന്ദികൾക്ക് അപായമില്ലെന്നാണ് ഇസ്രേലി സേന അറിയിച്ചത്.
ഗാസയിലെ ഖാൻ യൂനിസ് സ്വദേശിയായ സിൻവർ 22 വർഷം ഇസ്രേലി ജയിലിലായിരുന്നു.2011ൽ ഹമാസിന്റെ കസ്റ്റഡിയിലുണ്ടായിരുന്ന ഗിലാദ് ഷാലിദ് എന്ന ഇസ്രേലി സൈനികനെ വിട്ടയയ്ക്കാൻ മോചിപ്പിക്കപ്പെട്ട 1,026 പലസ്തീൻ തടവുകാരിൽ ഒരാൾ സിൻവറായിരുന്നു.
2017 മുതൽ ഗാസയിലെ ഹമാസിന്റെ നേതൃചുമതല സിൻവറിനായിരുന്നു. ഈ പദവിയുണ്ടായിരുന്ന ഇസ്മയിൽ ഹനിയ പോളിറ്റ് ബ്യൂറോ ചെയർമാനായി ഉയർത്തപ്പെടുകയും ഗാസയിൽനിന്നു ഖത്തറിലേക്കു താമസം മാറ്റുകയും ചെയ്ത പശ്ചാലത്തിലായിരുന്നു ഇത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല