1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 18, 2024

സ്വന്തം ലേഖകൻ: കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ കുവൈത്തില്‍ നിന്ന് ആറ് ലക്ഷത്തോളം പ്രവാസികളെ പല കാരണങ്ങളാല്‍ കുവൈത്തില്‍ നിന്ന് നാടുകടത്തിയിട്ടുണ്ടെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 354,168 പുരുഷന്മാരും 230,441 സ്ത്രീകളും ഉള്‍പ്പെടെ 595,211 പേരെയാണ് ആഭ്യന്തര മന്ത്രാലയത്തിലെ നാടുകടത്തല്‍ വകുപ്പ് രാജ്യത്തു നിന്ന് പുറത്താക്കിയതായി വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജാസിം അല്‍ മിസ്ബാഹ് വെളിപ്പെടുത്തി. കഴിഞ്ഞ 33 വര്‍ഷത്തെ കണക്കാണിത്.

നാടുകടത്തപ്പെട്ടവരില്‍ 10,602 കുടുംബങ്ങളും ഉണ്ടെന്നും അധികൃതര്‍ അറിയിച്ചു. പൊതു സുരക്ഷ, ട്രാഫിക്, റെസ്‌ക്യൂ, റെസിഡന്‍സി അഫയേഴ്‌സ്, ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് എന്നിവയുള്‍പ്പെടെ വിവിധ സുരക്ഷാ മേഖലകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനകളില്‍ പിടിക്കപ്പെടുന്നവരാണ് പുറത്താക്കപ്പെട്ടവരില്‍ ഏറെയും. വിവിധ കേസുകളില്‍ കോടതി നാടുകടത്താന്‍ വിധിക്കുന്ന സംഭവങ്ങളുമുണ്ട്.

ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ വിഭാഗങ്ങള്‍ റഫര്‍ ചെയ്യുന്ന വ്യക്തികളുടെ നാടുകടത്തല്‍ നടപടിക്രമങ്ങള്‍ മൂന്ന് ദിവസത്തിനകം പൂര്‍ത്തിയാക്കാനാണ് ഡിപ്പാര്‍ട്ട്മെന്റ് ലക്ഷ്യമിടുന്നതെന്ന് ബ്രിഗേഡിയര്‍ അല്‍മിസ്ബാഹ് ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഡിപ്പാര്‍ട്ട്മെന്റ് കഴിഞ്ഞ വര്‍ഷം 42,000 പ്രവാസികളെയും 25,000 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെയും നാടുകടത്തിയതായി അദ്ദേഹം വെളിപ്പെടുത്തി. നാടുകടത്തപ്പെട്ടവര്‍ക്ക് തിരികെ നാട്ടിലേക്കുള്ള പോകുന്നതിനുള്ള വിമാന ടിക്കറ്റ് എടുത്തുനല്‍കേണ്ട ഉത്തരവാദിത്തം സ്‌പോണ്‍സര്‍മാരാണ്. ഇവര്‍ക്കുള്ള ടിക്കറ്റ് റിസര്‍വേഷന്‍ വേഗത്തിലാക്കാന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ കെട്ടിടത്തിലെ രണ്ട് ട്രാവല്‍ ഓഫീസുകള്‍ വഴി പ്രോസസ്സ് ഇത് ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാസ്പോര്‍ട്ടോ മറ്റേതെങ്കിലും യാത്രാ രേഖയോ ഉപയോഗിച്ചാണ് നാടുകടത്തല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നത്. അതിനുശേഷം വ്യക്തിയുടെ വിരലടയാളം പതിക്കും. ഇവരെ താല്‍ക്കാലിക ഷെല്‍ട്ടറുകളില്‍ നിന്ന് സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിച്ച് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മാറ്റുന്നതിന് മുമ്പ് അവരെ നാടുകടത്താനുള്ള ക്രമീകരണങ്ങള്‍ ചെയ്യുമെന്നും ബ്രിഗേഡിയര്‍ വ്യക്തമാക്കി.

വിവിധ കേസുകളില്‍ പിടിക്കപ്പെട്ട് നാടുകടത്താന്‍ വിധിക്കപ്പെട്ട സുലൈബിയയിലെ പുതിയ കെട്ടിടം ഏകദേശം 90 ശതമാനം പൂര്‍ത്തിയായതായി അദ്ദേഹം അറിയിച്ചു. നാടുകടത്തപ്പെട്ട സ്ത്രീകളെ താമസിയാതെ അവിടേക്ക് മാറ്റാന്‍ കഴിയും. ഈ കെട്ടിടത്തില്‍ സന്ദര്‍ശകര്‍ക്കായി ഒരു വലിയ ഹാള്‍, അഭിഭാഷകര്‍ക്കുള്ള ഇടം, അന്തേവാസികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ഒരു സൂപ്പര്‍മാര്‍ക്കറ്റ്, കൂടാതെ ഹരിത പ്രദേശങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.

നാടുകടത്തല്‍ കാത്തിരിക്കുന്നവരെ മനുഷ്യാവകാശത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ പാലിച്ചും രാജ്യത്തെ പ്രസക്തമായ നിയമങ്ങളും കുവൈത്ത് കക്ഷിയായ അന്താരാഷ്ട്ര, പ്രാദേശിക ഉടമ്പടികളും പാലിച്ചുകൊണ്ടും കൈകാര്യം ചെയ്യുന്നതില്‍ ഡിപ്പാര്‍ട്ട്മെന്റ് ശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. എല്ലാ തടവുകാരോടും ആവശ്യമായ ബഹുമാനത്തോടും അന്തസ്സോടും കൂടിയാണ് പെരുമാറുന്നത്. രാജ്യം വിടുന്നതുവരെ അവര്‍ക്ക് ഭക്ഷണവും ആരോഗ്യ പരിരക്ഷയും നല്‍കുന്നു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി പ്രത്യേക ക്ലിനിക്കുകളും ഉണ്ടെന്നും അദ്ദേഹം അറിയിച്ചു.

നാടുകടത്തല്‍ കേന്ദ്രത്തില്‍ എത്തുന്നവര്‍ക്ക് പാസ്പോര്‍ട്ടോ എമര്‍ജന്‍സി ട്രാവല്‍ ഡോക്യുമെന്റോ ലഭ്യമാണെങ്കില്‍, നാടുകടത്തല്‍ പ്രക്രിയ കഴിയുന്നത്ര വേഗത്തില്‍ പൂര്‍ത്തിയാക്കും. ശരാശരി 72 മണിക്കൂര്‍ കൊണ്ട് ഇവരെ നാട്ടിലേക്ക് അയക്കും. തങ്ങളുടെ പൗരന്മാര്‍ക്ക് യാത്രാ രേഖകള്‍ നല്‍കുന്നതില്‍ ചില എംബസികളുടെ സഹകരണമില്ലായ്മ, പബ്ലിക് പ്രോസിക്യൂഷന്റെ നിലവിലുള്ള യാത്രാ നിരോധനം, കോടതി കേസ് തുടങ്ങിയവ കാരണം നാട്ടിലക്കുള്ള യാത്രകള്‍ വൈകാനിടയുണ്ടെന്നും അദ്ദേഹം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.