1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 18, 2024

സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ ട്രാഫിക് പിഴ കുടിശ്ശികയില്‍ പ്രഖ്യാപിച്ച 50 ശതമാനം ഇളവ് ആറുമാസം കൂടി നീട്ടിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കാലാവധി ഇന്ന് ഒക്ടോബര്‍ 18ന് അവസാനിക്കാനിരിക്കെയാണ് ഇളവ് നീട്ടിക്കൊണ്ടുള്ള തീരുമാനം പ്രഖ്യാപിച്ചത്. പുതിയ ഉത്തരവ് പ്രകാരം 2025 ഏപ്രില്‍ 18 വരെയാണ് ഇളവോട് കൂടി പിഴ കുടിശ്ശിക അടയ്ക്കാനുള്ള അവസരം നീട്ടി നല്‍കിയിരിക്കുന്നത്.

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും നിര്‍ദേശ പ്രകാരമാണ് പിഴ ഇളവ് ആറു മാസം കൂടി നീട്ടിയതെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 2024 ഏപ്രില്‍ 18ന് മുൻപ് നടത്തിയ എല്ലാ ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ക്കുമാണ് ഈ ഇളവ് ബാധകമാവുക. ഓരോ ലംഘനത്തിനും ഒറ്റത്തവണയായോ വെവ്വേറെയായോ പിഴ അടയ്ക്കാന്‍ പദ്ധതി പ്രകാരം സൗകര്യമുണ്ടാകും. അതേസമയം ഏപ്രില്‍ 18നു ശേഷമുള്ള പുതിയ പിഴകള്‍ക്ക് 25 ശതമാനം ഇളവും അനുവദിച്ചിട്ടുണ്ട്.

പിഴയിളവ് കാലാവധി ആരംഭിക്കുന്നതിന്റെ തലേദിവസം വരെ രേഖപ്പെടുത്തിയിട്ടുള്ള എല്ലാ ലംഘനങ്ങള്‍ക്കും ചുമത്തപ്പെട്ട പിഴകള്‍ക്കും ഇളവ് ബാധകമാണ്. സൗദി പൗരന്മാര്‍, പ്രവാസികള്‍, സന്ദര്‍ശകര്‍, ജിസിസി പൗരന്മാര്‍ എന്നിവരുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സുപ്രധാന സംരംഭം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം, ഏപ്രില്‍ 18നുശേഷം നടന്ന ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 75 ബാധകമാകുമെന്നും ഒറ്റത്തവണ ലംഘനങ്ങള്‍ക്ക് 25 ശതമാനം ഇളവ് നല്‍കുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് വെളിപ്പെടുത്തി. ഇളവ് കാലാവധി കഴിഞ്ഞാല്‍ ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള മൊത്തം പിഴകളും പൂര്‍ണമായും അടയ്ക്കേണ്ടിവരുമെന്നും അധികൃതര്‍ അറിയിച്ചു.

ട്രാഫിക് ലംഘനങ്ങളുടെ പിഴ എളുപ്പത്തില്‍ അടയ്ക്കുന്നതിന് സദദ് പേയ്‌മെന്റ് സംവിധാനത്തിലും ഇഫ പ്ലാറ്റ്‌ഫോമിലും സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും അഡയരക്ടറേറ്റ് വ്യക്തമാക്കി. അതേസമയം, ട്രാഫിക് പിഴ ഇളവ് ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മൊബൈലിലും ഇമെയിലിലും മറ്റും വരുന്ന സംശയാസ്പദമായ ലിങ്കുകള്‍, ഫോണ്‍ കോളുകള്‍, സേവനം വാഗ്ദാനം ചെയ്തു വരുന്ന വെബ്‌സൈറ്റുകള്‍ എന്നിവയുടെ കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.