1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 18, 2024

സ്വന്തം ലേഖകൻ: കൂടുതല്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഓണ്‍ അറൈവല്‍ വീസ ഓഫറുമായി യുഎഇ. യൂറോപ്യന്‍ യൂണിയന്‍, യുഎസ്, യുകെ എന്നിവിടങ്ങളിലേക്ക് ടൂറിസ്റ്റ് വീസ കൈവശമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്കാണ് പുതുതായി യുഎഇയില്‍ പ്രവേശിക്കുന്നതിനുള്ള പ്രീ-എന്‍ട്രി വീസ നിബന്ധനയില്‍ ഇളവ് ഏര്‍പ്പെടുത്തിയത്. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

നേരത്തെ, യുഎസ്, യുകെ, യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളില്‍ എന്നിവിടങ്ങളില്‍ താമസ വീസയുള്ള ഇന്ത്യക്കാര്‍ക്ക് മാത്രമായിരുന്നു ഇതുവരെ യുഎഇയില്‍ ഓണ്‍ അറൈവല്‍ വീസ അനുവദിച്ചിരുന്നത്. ഈ ആനുകൂല്യം ഇവിടങ്ങളില്‍ ടൂറിസ്റ്റ് വീസ കൈവശമുള്ളവര്‍ക്കു കൂടി ബാധകമാവുന്ന രീതിയില്‍ പ്രീ എന്‍ട്രി വീസ ഇളവ് വ്യാപിപ്പിച്ചിരിക്കുകയാണ് യുഎഇ.

കൂടാതെ, സന്ദര്‍ശകര്‍ക്ക് യുഎസ്, യുകെ, യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ എന്നിവയിലേക്കുള്ള അവരുടെ ടൂറിസ്റ്റ് വീസയ്ക്ക് കാലാവധിയുണ്ടെങ്കില്‍ ബാധകമായ ഫീസ് അടച്ചതിന് ശേഷം യുഎഇയിലെ താമസ കാലം നീട്ടാനും അനുമതിയുണ്ട്. എന്നാല്‍ പാസ്‌പോര്‍ട്ടിന് കുറഞ്ഞത് ആറ് മാസത്തെ കാലാവധി വേണമെന്ന നിബന്ധനയോടെയാണിത്.

വീസ സേവനങ്ങളുടെ പുതുക്കിയ ഫീസ് ഷെഡ്യൂളും അതോറിറ്റി പ്രഖ്യാപിച്ചു. യുഎസ്, ഇയു, യുകെ എന്നിവിടങ്ങളില്‍ നിന്നുള്ള സാധുവായ വീസ, റെസിഡന്‍സി അല്ലെങ്കില്‍ ഗ്രീന്‍ കാര്‍ഡ് എന്നിവയ്ക്കൊപ്പം സാധാരണ പാസ്പോര്‍ട്ടുകള്‍ കൈവശമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും 14 ദിവസത്തെ പ്രവേശന വീസയ്ക്കുള്ള ഫീസ് 100 ദിര്‍ഹം ആണ്.

യുഎഇയും ഇന്ത്യയും തമ്മിലുള്ള ദീര്‍ഘകാല തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഭാഗമാണ് കൂടുതല്‍ ഇന്ത്യന്‍ പൗരന്മാരിലേക്ക് ഈ വീസ ഓണ്‍ അറൈവല്‍ ഓപ്ഷന്‍ വിപുലീകരിക്കുന്നതെന്ന് ഐസിപി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ സയീദ് അല്‍ ഖൈലി പറഞ്ഞു. സാമ്പത്തിക, വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും നിക്ഷേപങ്ങളെയും സംരംഭകരെയും പ്രതിഭകളെയും ആകര്‍ഷിക്കുന്നതിനും ആഗോള വിനോദസഞ്ചാര, സാമ്പത്തിക കേന്ദ്രമെന്ന നിലയില്‍ യുഎഇയുടെ സ്ഥാനം വര്‍ധിപ്പിക്കുന്നതിനുമുള്ള നേതൃത്വത്തിന്റെ പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

അതിനിടെ, കൂടുതല്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് രാജ്യത്തേക്ക് വീസ ഓണ്‍ അറൈവല്‍ നല്‍കാനുള്ള ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റിയുടെ നീക്കത്തെ യുഎഇയിലെ ട്രാവല്‍ ഏജന്റുമാര്‍ സ്വാഗതം ചെയ്തു. ഇത് തങ്ങളുടെ ബിസിനസ്സ് കുറഞ്ഞത് 15 മുതല്‍ 17 ശതമാനം വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി ഈ മേഖലയിലുള്ളവര്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.