1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 19, 2024

സ്വന്തം ലേഖകൻ: ശക്തിയേറിയ കാറ്റും കനത്ത മഴയുമായി ഇന്ന് രാത്രി ആഷ്‌ലി കൊടുങ്കാറ്റ് ബ്രിട്ടനിലെത്തും. അയര്‍ലന്‍ഡിലെ കാലാവസ്ഥാ കേന്ദ്രം നാമകരണം ചെയ്ത കൊടുങ്കാറ്റ് മനിക്കൂറില്‍ 80 മൈല്‍ വേഗത്തില്‍ വരെ ആഞ്ഞടിക്കും എന്നാണ് മുന്നറിയിപ്പ്. അതുകൊണ്ടു തന്നെ പറന്നുയരുന്ന മേല്‍കൂരകളും മറ്റു അവശിഷ്ടങ്ങളും മൂലം പരിക്കുകള്‍ക്കും മിറിവുകള്‍ക്കും ഇടയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. മൂന്ന് മുന്നറിയിപ്പുകളാണ് മെറ്റ് ഓഫീസ് പുറത്തു വിട്ടിരിക്കുന്നത്.

ഞായറാഴ്ച അതിരാവിലെ മൂന്നു മണി മുതല്‍ അര്‍ദ്ധരാത്രി വരെ സ്‌കോട്ട്‌ലാന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, വടക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ട്, പടിഞ്ഞാറന്‍ വെയ്ല്‍സ് എന്നിവിടങ്ങളില്‍ പ്രാബല്യത്തില്‍ വരുന്ന യെല്ലോ വാര്‍ണിംഗ് ആണ് അതിലൊന്ന്. ഞായറാഴ്ച രാവിലെ ഒന്‍പതു മണി മുതല്‍ അര്‍ദ്ധരാത്രിവരെ പടിഞ്ഞാറന്‍ സ്‌കോട്ട്‌ലാന്‍ഡില്‍ 18 മണിക്കൂര്‍ നിലവിലുണ്ടാകുന്ന ആംബര്‍ വാര്‍ണിംഗ് ആണ് രണ്ടാമത്തേത്. മൂന്നാമത്തേത്, തിങ്കളാഴ്ച രാവിലെ ഒന്‍പതു മണിവരെ വടക്കന്‍ സ്‌കോട്ട്‌ലാന്‍ഡില്‍ ഒന്‍പതു മണിക്കൂര്‍ നേരത്തേക്ക് പ്രാബല്യത്തില്‍ വരുന്ന യെല്ലോ വാര്‍ണിംഗും.

അറ്റ്‌ലാന്റിക് സമുദ്രത്തിലെ അത്യന്തം സ്‌ഫോടകാന്മകമായ സൈക്ലോജെനെസിസ് (കാലാവസ്ഥാ ബോംബ്) എന്ന പ്രതിഭാസത്തില്‍ നിന്നാണ് 2024/25 സീസണിലെ നാമകരണം ചെയ്ത ആദ്യ കൊടുങ്കാറ്റായ ആഷ്‌ലി എത്തുന്നത്. ന്യൂനമര്‍ദ്ദം രൂപം കൊള്ളുകയും അതിന്റെ കേന്ദ്രമര്‍ദ്ദം 24 മണിക്കൂറിനുള്ളില്‍ 24 മില്ലിബാര്‍ താഴുകയും ചെയ്യുന്ന പ്രതിഭാസമാണിത്. കൊടുങ്കാറ്റിന്റെ മുന്നറിയിപ്പ് വന്നതോടെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ലാണിലേയും സ്‌കോട്ട്‌ലാന്‍ഡിലെ കെറെയ്‌നിലേയും ഫെറി സര്‍വ്വീസുകള്‍ ഞായറാഴ്ച ഉണ്ടായിരിക്കില്ലെന്ന് പി ആന്‍ഡ് ഒ ഫെറീസ് അറിയിച്ചിട്ടുണ്ട്.

ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീഴുന്നതിനും കെട്ടിടാവശിഷ്ടങ്ങള്‍ നിലം പതിക്കുന്നതിനും ഇടയുള്ളതിനാല്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ വൈകാന്‍ ഇടയുണ്ടെന്ന് നാഷണല്‍ റെയിലും അറിയിക്കുന്നു. അതേസമയം, ചില ട്രെയിനുകള്‍ റദ്ദാക്കുവാനും ഇടയുണ്ട് എന്ന് ട്രാന്‍സ്‌പോര്‍ട്ട് സ്‌കോട്ട്‌ലാന്‍ഡും അറിയിക്കുന്നു. ഫെറി സര്‍വ്വീസുകളും റദ്ദ് ചെയ്തേക്കും. വൈദ്യുതി വിതരണവും മൊബൈല്‍ ഫൊണ്‍ കവറേജും തടസ്സപ്പെടാന്‍ ഇടയുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.