1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 22, 2024

സ്വന്തം ലേഖകൻ: ബെയ്‌റൂത്തിലെ ആശുപത്രിക്ക് താഴെ ഹിസ്ബുള്ളയുടെ രഹസ്യ സാമ്പത്തിക കേന്ദ്രമുണ്ടെന്ന അവകാശവാദവുമായി ഇസ്രയേല്‍. പണമായും സ്വര്‍ണമായും കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സമ്പത്താണ് ബങ്കറിലുള്ളതെന്നും ഇത് ഹിസ്ബുള്ളയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നും ഇസ്രയേലിന്റെ ഡിഫന്‍സ് ഫോഴ്‌സ് അവകാശപ്പെട്ടു.

ഹിസ്ബുള്ളയുടെ സാമ്പത്തിക സ്രോതസുകള്‍ ലക്ഷ്യമിട്ട് ഞായറാഴ്ച്ച രാത്രി ഇസ്രയേല്‍ വ്യോമസേന നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് ഐഡിഎഫിന്റെ വെളിപ്പെടുത്തല്‍. ഹിസ്ബുള്ള മേധാവിയായിരുന്ന സയ്യിദ് ഹസന്‍ നസ്‌റുള്ളയുടെ, ബെയ്‌റൂത്തിലെ അല്‍ സഹല്‍ ആശുപത്രിക്ക് താഴെയുള്ള ബങ്കറിലാണ് ഇത്രയും പണമുള്ളതെന്നും ഐഡിഎഫിന്റെ വക്താവ് ഡാനിയല്‍ ഹഗാരി വ്യക്തമാക്കുന്നു.

‘കണക്കുകള്‍ പ്രകാരം പണമായി 50 കോടി ഡോളറും (ഏകദേശം 4200 കോടി രൂപ) കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വര്‍ണവും ബങ്കറില്‍ സൂക്ഷിച്ചിട്ടുണ്ട്. ഈ പണം ലെബനന്റെ പുനര്‍നിര്‍മാണത്തിന് ഉപയോഗിക്കാനാകും’-ഹഗാരി വ്യക്തമാക്കുന്നു.

ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട സാമ്പത്തിക സ്ഥാപനമായ അല്‍-ഖര്‍ദ് അല്‍-ഹസ്സന്‍ (എക്യുഎഎച്ച്) ഉള്‍പ്പെടെ മുപ്പതോളം സ്ഥലങ്ങളിലാണ് ഞാറാഴ്ച്ച രാത്രി ഇസ്രയേല്‍ വ്യോമാക്രമണം ലക്ഷ്യമിട്ടത്. സന്നദ്ധ സംഘടനയായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള എക്യുഎഎച്ച് ഹിസ്ബുള്ളയുടെ ഒരു നിര്‍ണായക സാമ്പത്തിക സ്രോതസാണൈന്നാണ് അമേരിക്കയും ഇസ്രയേലും ആരോപിക്കുന്നത്. ഹിസ്ബുള്ളയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വര്‍ണവും പണവും സൂക്ഷിക്കുന്നതും എക്യുഎഎച്ച് ആണെന്നുമാണ് ഇരുരാജ്യങ്ങളുടേയും ആരോപണം.

അതേസമയം വ്യോമാക്രമണത്തിനുശേഷമുള്ള ബങ്കറിന്റെ അവസ്ഥയെ കുറിച്ച് ഹഗാരി വ്യക്തത വരുത്തിയിട്ടില്ല. ഹിസ്ബുള്ളയുടെ മറ്റ് സാമ്പത്തിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് കൂടുതല്‍ വ്യോമാക്രമണങ്ങള്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹിസ്ബുള്ളയുടെ സാമ്പത്തിക സ്രോതസുകളെ തകര്‍ക്കാനുള്ള ഇസ്രയേലിന്റെ തീവ്രശ്രമങ്ങളുടെ ഭാഗമായാണ് പുതിയ ആക്രമണം. ലെബനനിലെ ജനങ്ങളും ഇറാന്‍ ഭരണകൂടവുമാണ് ഹിസ്ബുള്ളയുടെ വരുമാന സ്രോതസുകളാണെന്നും ഹഗാരി അവകാശപ്പെടുന്നു. സിറിയ വഴിയുള്ള പണമിടപാടുകളും ഇറാന്‍ വഴിയുള്ള സ്വര്‍ണ കള്ളക്കടക്കത്തുമാണ് ഹിസ്ബുള്ളയുടെ സാമ്പത്തിക സ്രോതസുകളെന്നും ലെബനന്‍, സിറിയ, യെമന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ ഹിസ്ബുള്ള നടത്തുന്ന ഫാക്ടറികളും തീവ്രവാദ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി വരുമാനം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നുവെന്നും ഇസ്രയേലിന്റെ ഡിഫന്‍സ് ഫോഴ്‌സിന്റെ ഇന്റലിജന്‍സ് വിഭാഗം ആരോപിക്കുന്നു.

അതേസമയം ഇസ്രയേല്‍ തെറ്റായതും അപകീര്‍ത്തികരവുമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും ആശുപത്രിയിലെത്തി തെളിവുകള്‍ കാണിക്കാന്‍ സൈന്യത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അല്‍ സഹല്‍ ആശുപത്രി ഡയറക്ടര്‍ റോയിട്ടേഴ്‌സിനോട് പ്രതികരിച്ചു. ആശുപത്രി ഒഴിപ്പിക്കാന്‍ പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാൽ ഇസ്രയേല്‍ ഈ ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.