സ്വന്തം ലേഖകൻ: വീസാ നിയമലംഘകരായി യു.എ.ഇ.യില്‍ തുടരുന്ന വിദേശികള്‍ എത്രയുംവേഗം പൊതുമാപ്പ് പ്രയോജനപ്പെടുത്തണമെന്ന് താമസക്കുടിയേറ്റ വകുപ്പ് (ജി.ഡി.ആര്.എഫ്.എ.) അധികൃതര്‍ ആവശ്യപ്പെട്ടു. അനധികൃത താമസക്കാര്‍ക്ക് ശിക്ഷകൂടാതെ രാജ്യംവിടാനോ രേഖകള്‍ ശരിയാക്കി രാജ്യത്തുതുടരാനോ അനുവദിക്കുന്ന പൊതുമാപ്പ് ഈ മാസം 31-ന് അവസാനിക്കാനിരിക്കെയാണ് അധികൃതരുടെ മുന്നറിയിപ്പ്.
അവസരം ഉപയോഗപ്പെടുത്തി കാലാവധിക്കുള്ളില്‍ രാജ്യംവിടുന്നവര്‍ക്ക് യു.എ.ഇ.യിലേക്ക് തിരിച്ചെത്തുന്നതില്‍ തടസ്സമില്ലെന്നും വകുപ്പ് വ്യക്തമാക്കി. സെപ്റ്റംബര്‍ ഒന്നിന് തുടങ്ങിയ പൊതുമാപ്പ് ഉപയോഗപ്പെടുത്തി ഇതിനകം ഒട്ടേറെപേരാണ് തങ്ങളുടെതാമസം നിയമവിധേയമാക്കിയത്. ആയിരക്കണക്കിനാളുകള്‍ പിഴയില്ലാതെ സ്വദേശത്തേക്ക് മടങ്ങുകയുംചെയ്തു.
പൊതുമാപ്പ് അവസാനിച്ചശേഷം അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ വലിയ ശിക്ഷാനടപടികള്‍ ഏറ്റുവാങ്ങേണ്ടിവരും. പൊതുമാപ്പ് നടപടികള്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് ദുബായിലുള്ളത്. എമിറേറ്റിലെ 86 ആമര്‍ സെന്ററുകളിലും അല്‍ അവീറിലെ നിയമലംഘകരുടെ സെറ്റില്‍മെന്റ് പരിഹാരകേന്ദ്രത്തിലും സേവനംലഭ്യമാണ്.
ദുബായ് വീസയിലുണ്ടായിരുന്നവര് നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ (എമിറേറ്റ്സ് ഐ.ഡി. ഇല്ലാത്തവര്‍) അല്‍ അവീര്‍ പൊതുമാപ്പ് കേന്ദ്രത്തിലെത്തണം. ഇവിടെനിന്ന് ആദ്യം ബയോമെട്രിക് രേഖകള്നല്കണം. പിന്നീട് അവീറിലെതന്നെ ആമര്കേന്ദ്രത്തില് പോയി ഔട്ട്പാസിന് അപേക്ഷ നല്‍കാം.
എന്നാല്‍, എമിറേറ്റ്സ് ഐ.ഡി കൈവശമുള്ള ആളുകള്‍ക്ക് നേരിട്ട് ദുബായിലെ ആമര്‍ കേന്ദ്രങ്ങളില്‍ പോയി ഔട്ട്പാസിന് അപേക്ഷിക്കാം. അതോടൊപ്പം വീസ നിയമലംഘകരായി കഴിയുന്നവര്‍ രാജ്യത്ത് വീണ്ടുംതുടരാന് ആഗ്രഹിക്കുന്നെങ്കില്‍ പുതിയൊരുജോലി കണ്ടത്തി, വര്‍ക്ക് പെര്‍മിറ്റ് നേടി ആമര്‍ കേന്ദ്രങ്ങളില്‍ പോയി പുതിയ വീസയ്ക്ക് അപേക്ഷിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല