1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 23, 2024

സ്വന്തം ലേഖകൻ: ഖത്തറില്‍ റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ടുമെന്റുകളുടെ ശരാശരി വാടക ഈ വര്‍ഷം ആദ്യ പാദത്തില്‍ വലിയ തോതില്‍ ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ഖത്തറിലെ പ്രധാന അയല്‍പക്കങ്ങളില്‍ ഈ വര്‍ധനവ് പ്രകടമാണെന്ന് ഓണ്‍ലൈന്‍ റിയല്‍റ്റി ഗവേഷണ പ്ലാറ്റ്ഫോമായ ഹപോണ്ടോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹപോണ്ടോയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, വെസ്റ്റ് ബേ ഏരിയയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ഒരു കിടപ്പുമുറിയുടെ ശരാശരി വാടക പ്രതിമാസം 7 ശതമാനം ഉയര്‍ന്ന് 9,760 റിയാലും ലുസൈല്‍ മറീന ഡിസ്ട്രിക്റ്റില്‍ 4.5 ശതമാനം ഉയര്‍ന്ന് 7,980 റിയാലുമായി മാറി. രണ്ട് ബെഡ്റൂം അപ്പാര്‍ട്ട്മെന്റ് വിഭാഗത്തിലും വെസ്റ്റ് ബേയിലും മറീനയിലും ത്രൈമാസ അടിസ്ഥാനത്തില്‍ വാടക നിരക്കില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. എന്നാല്‍, പേള്‍ ഖത്തറിലെ വാടക ഒരു ബെഡ്റൂം അപ്പാര്‍ട്ട്മെന്റുകള്‍ക്ക് പ്രതിമാസം 8,490 റിയാലും രണ്ട് ബെഡ്റൂം റെസിഡന്‍സികള്‍ക്ക് പ്രതിമാസം 11,500 റിയാലുമാണ് സ്ഥിരമായി തുടരുന്നതെന്ന് മാര്‍ക്കറ്റ് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

വര്‍ഷത്തിന്റെ രണ്ടാം പാദത്തിലെ വാടകയില്‍ വെസ്റ്റ് ബേയിലും മറീനയിലും കുറവുണ്ടായെങ്കിലും, അവസാന പാദത്തില്‍ അല്‍ സദ്ദിലും ഓള്‍ഡ് എയര്‍പോര്‍ട്ടിലും ഒറ്റമുറി അപ്പാര്‍ട്ട്മെന്റ് വാടകയില്‍ വലിയ വര്‍ധനവുണ്ടായി. അല്‍ സദ്ദില്‍ 6.6 ശതമാനവും ഓള്‍ഡ് എയര്‍പോര്‍ട്ട് ഏരിയയില്‍ മൂന്ന് ശതമാനവും വര്‍ധനവാണ് ഉണ്ടായത്. അതേസമയം, അല്‍ മന്‍സൂറ, ദോഹ ജദീദ്, നജ്മ തുടങ്ങി പ്രവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന നിരവധി മേഖലകളില്‍ അതിന്റെ മുന്‍ പാദങ്ങളെ അപേക്ഷിച്ച് ഇടിവ് രേഖപ്പെടുത്തി. ഈ സ്ഥലങ്ങളിലുടനീളമുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളുടെ ശരാശരി വാടക ഏകദേശം 8 ശതമാനം കുറഞ്ഞു.

ഇതിനിടയില്‍, മൂന്ന് മുതല്‍ അഞ്ച് വരെ കിടപ്പുമുറികളുള്ള ഇടത്തരം വില്ലകളുടെ സുപ്രധാന റെസിഡന്‍ഷ്യല്‍ ഏരിയകളിലെ ശരാശരി വാടക ഉയര്‍ന്നു. പേള്‍ ഖത്തറിലെ ശരാശരി വാടക പ്രതിമാസം 29,930 റിയാലില്‍ നിന്ന് 30,900 റിയാലായി വര്‍ദ്ധിച്ചു. വെസ്റ്റ് ബേ, അല്‍ ഹിലാല്‍, ഐന്‍ ഖാലിദ് തുടങ്ങിയ പൊതു പാര്‍പ്പിട മേഖലകളില്‍ ലിസ്റ്റുചെയ്ത ഇടത്തരം വില്ല പ്രോപ്പര്‍ട്ടികളുടെ ശരാശരി വാടക ഇരട്ടിയായി വര്‍ധിച്ചു. പ്രതിമാസം 500 റിയാലില്‍ നിന്ന് 1,000 റിയാലായാണ് ഉയര്‍ന്നത്. അതേസമയം അല്‍ മമൂറ, ഓള്‍ഡ് എയര്‍പോര്‍ട്ട്, അല്‍ വാബ് എന്നിവിടങ്ങളില്‍ വാടകയില്‍ വലിയ മാറ്റമില്ലാതെ തുടരുന്നു.

റെസിഡന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റ് വിപണിയുടെ വര്‍ദ്ധിച്ചുവരുന്ന ഡിമാന്‍ഡും അതിന്റെ വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യയുമാണ് വാടക കുതിച്ചുചാട്ടത്തിനുള്ള പ്രധാന കാരണമെന്ന് ഹപോണ്ടോ അധികൃതര്‍ അഭിപ്രായപ്പെട്ടു. ദേശീയ ആസൂത്രണ കൗണ്‍സിലിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഖത്തറിലെ ജനസംഖ്യ 2024 ജൂണില്‍ 2.8 ദശലക്ഷത്തില്‍ നിന്ന് ഓഗസ്റ്റില്‍ 3.05 ദശലക്ഷമായി വര്‍ദ്ധിച്ചു. ജനസംഖ്യയുടെ 48 ശതമാനത്തിലധികം പ്രവാസികളായ ഖത്തറില്‍ താമസ കെട്ടിട വാടകയിലുണ്ടായ വര്‍ധനവ് അവരെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയായാണ് വിലയിരുത്തപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.