1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 24, 2024

സ്വന്തം ലേഖകൻ: ഖലിസ്താനി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ-കാനഡ നയതന്ത്രബന്ധം വഷളായതിന് പിന്നാലെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് നേരെ പാർട്ടിക്കുള്ളില്‍ നിന്ന് തന്നെ പടയൊരുക്കം. നാലാം തവണ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ട്രൂഡൊ മത്സരിക്കേണ്ടെന്നാണ് ലിബറല്‍ പാർട്ടി ഓഫ് കാനഡയുടെ ഒരുപറ്റം എംപിമാർ ആവശ്യപ്പെട്ടിരിക്കുന്നത്.

അന്തിമ തീരുമാനത്തിലെത്താൻ ഒക്ടോബർ 28 വരെ ട്രൂഡോയ്ക്ക് സമയവും അനുവദിച്ചിട്ടുണ്ട്. ഒഴിയാൻ തയാറായില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും എംപിമാരുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്.

എന്നാല്‍, ട്രൂഡൊ പുറംലോകത്തിന് നല്‍കുന്നത് മറ്റൊരു ചിത്രമാണ്. ലിബറല്‍ പാർട്ടി ശക്തമാണെന്നും ഒറ്റക്കെട്ടാണെന്നുമാണ് ട്രൂഡോയുടെ വാദം. അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പ്രചരിക്കുന്ന റിപ്പോർട്ടുകള്‍ പ്രകാരം ഇരുപതോളം എംപിമാർ ചേർന്ന് ട്രൂഡോയ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്. സ്ഥാനത്തുനിന്ന് ഒഴിയാൻ തയാറാകണമെന്നാണ് ആവശ്യം.

ട്രൂഡൊ ജനങ്ങളെ കേള്‍ക്കാൻ തായറാകണമെന്ന് ന്യൂഫൗണ്ട്‌ലാൻഡ് എം പി കെൻ മക്‌ഡൊണാള്‍ഡ് ആവശ്യപ്പെട്ടു. ലിബറല്‍ പാർട്ടിക്ക് ജനങ്ങള്‍ക്കിടയിലെ സ്വീകാര്യത ഇടിയുന്നുവെന്ന സൂചനകള്‍ക്ക് പിന്നാലെയാണ് എംപിമാരുടെ നീക്കം. അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ പലർക്കും ആശങ്കയുണ്ടെന്നും മക്‌ഡൊണാള്‍ഡ് പറയുന്നു.

ലിബറല്‍ പാർട്ടിയുടെ മീറ്റിങ്ങില്‍ ട്രൂഡോയെ കത്ത് വായിച്ചു കേള്‍പ്പിച്ചിട്ടുണ്ട്. ഏകദേശം മൂന്ന് മണിക്കൂറോളമാണ് ചർച്ച നീണ്ടത്. ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാൻ ട്രൂഡൊ തയാറായിട്ടില്ല. കഴിഞ്ഞ 100 വർഷത്തെ ചരിത്രത്തില്‍ ഒരു കനേഡിയൻ പ്രധാനമന്ത്രിക്കും നാല് തവണ അധികാരത്തില്‍ തുടരാനായിട്ടില്ല.

അടുത്തിടെ നടന്ന പ്രത്യേക തിരഞ്ഞെടുപ്പില്‍ ലിബറല്‍ പാർട്ടി കനത്ത തിരിച്ചടി നേടിയിരുന്നു. വർഷങ്ങളോളം പാർട്ടി കൈവശം വെച്ചിരുന്നു ജില്ലകളായ ടൊറന്റോ, മോണ്‍ട്രിയല്‍ എന്നിവ നഷ്ടമായി. ഇതും ട്രൂഡോയുടെ നേതൃത്വം ചോദ്യം ചെയ്യുന്നതിന് കാരണമായിട്ടുണ്ട്. ഏറ്റവും ഒടുവിലായി പുറത്തുവന്ന അഭിപ്രായ സർവേകള്‍ പ്രകാരം കണ്‍സർവേറ്റീവ് പാർട്ടിയേക്കാള്‍ ബഹുദൂരം പിന്നിലാണ് ലിബറല്‍ പാർട്ടി.

ഇന്ത്യ-കാനഡ നയതന്ത്രബന്ധം വഷളായതിന് പിന്നാലെയാണ് ട്രൂഡോയുടെ ലിബറല്‍ പാർട്ടിയും തിരിച്ചടി നേരിടുന്നത്. നിജ്ജർ വധത്തില്‍ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നായിരുന്നു ട്രൂഡോയുടെ വാദം. എന്നാല്‍, കാനഡയുടെ പക്കല്‍ കൃത്യമായ തെളിവുകളില്ലെന്നും ട്രൂഡൊ പറയുന്നു. ട്രൂഡോയുടെ ആരോപണങ്ങളെയെല്ലാം ഇന്ത്യ തള്ളിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിന്റെ കാരണം ട്രൂഡൊ മാത്രമാണെന്നും ഇന്ത്യ കുറ്റപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.