1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 24, 2024

സ്വന്തം ലേഖകൻ: ഭീകരാക്രമണവും അനിയന്ത്രിതമായ കുടിയേറ്റവും ഭയന്ന് ജര്‍മ്മനി അതിര്‍ത്തികള്‍ അടച്ചിട്ടതുപോലെ തങ്ങളുടെ യൂറോപ്യന്‍ അയല്‍ക്കാരുമായുള്ള അതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കുകയാണ് ഫ്രാന്‍സും. ഷെന്‍ഗെന്‍ രാജ്യങ്ങളായ ബെല്‍ജിയം, ജര്‍മ്മനി, ഇറ്റലി, ലക്സംബര്‍ഗ്, സ്പെയിന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ ആറ് രാജ്യങ്ങളുമായുള്ള തങ്ങളുടെ അതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയാണെന്ന് ഫ്രാന്‍സ് ഭരണകൂടം യൂറോപ്യന്‍ കമ്മീഷനെ അറിയിച്ചു. നവംബര്‍ ഒന്നു മുതല്‍ ആയിരിക്കും ഇത് പ്രാബല്യത്തില്‍ വരിക. അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

കര, കടല്‍, വ്യോമമാര്‍ഗ്ഗം ഫ്രാന്‍സില്‍ എത്തുന്നവര്‍ക്കെല്ലാം ഈ നിയന്ത്രണങ്ങള്‍ ബാധകമാകും. ഈ ആറ് രാജ്യങ്ങളില്‍ നിന്നുള്ള വ്യോമ പാതകള്‍ 2025 ഏപ്രില്‍ ഒന്നു മുതല്‍ കാലഹരണപ്പെടുകയാണെങ്കിലും അവയുടെ കാലാവധി നീട്ടിനല്‍കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പൊതു നയത്തിനും, ക്രമസമാധാനത്തിനും, ആഭ്യന്തര സുരക്ഷക്കും കനത്ത വെല്ലുവിളികള്‍ ഉള്ളതിനാലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. ക്രിമിനല്‍ സംഘങ്ങള്‍ കള്ളക്കടത്തും അനധികൃത കുടിയേറ്റവുമായി കൊഴുക്കുകയാണ്. മാത്രമല്ല, അഭയാര്‍ത്ഥി പ്രവാഹത്തിന്റെ മറവില്‍ തീവ്രവാദികള്‍ രാജ്യത്ത് പ്രവേശിക്കുന്നതിനുള്ള സാധ്യതയും കൂടുതലാണ്.

കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം ഫ്രാന്‍സ് ഇതാദ്യമായാണ് ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. അനധികൃത കുടിയേറ്റക്കാരെയും, അനര്‍ഹരായ അഭയാര്‍ത്ഥികളെയും, അനുവാദമില്ലാത്ത സന്ദര്‍ശകരെയും അതിര്‍ത്തിയില്‍ നിന്നു തന്നെ തിരിച്ചയയ്ക്കും. ഏതെങ്കിലും തരത്തിലുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ സംശയിക്കപ്പെടുന്നവരാണെങ്കില്‍ അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യുകയും ചെയ്യും. ഷെന്‍ഗെന്‍ കരാറിന് കീഴില്‍ 29 യൂറോപ്യന്‍ രാജ്യങ്ങള്‍ തങ്ങള്‍ക്കിടയിലെ അതിര്‍ത്തികള്‍ തുറന്നിടാന്‍ തീരുമാനിച്ചിരുന്നു. ഭൂഖണ്ഡത്തിലാകെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പ് വരുത്തുക എന്നതായിരുന്നു ഇതിന്റെ ഉദ്ദേശ്യം.

യൂറോപ്യന്‍ യൂണിയനിലെ 27 അംഗരാജ്യങ്ങളില്‍ 25 പേരും പിന്നെ ഐസ്ലാന്‍ഡ്, ലിക്റ്റന്‍സ്‌റ്റൈന്‍, നോര്‍വെ, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളും ഈ കരാറിന്റെ ഭാഗമാണ്. സഞ്ചാര സ്വാതന്ത്ര്യം ഉറപ്പ് വരുത്തുന്നുണ്ടെങ്കിലും, രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷക്കോ സമാധാനത്തിനോ ഏതെങ്കിലും തരത്തിലുള്ള ഭീഷണി ഉണ്ടെന്ന് സംശയം തോന്നിയാല്‍ പരിശോധന നടത്തുന്നതിനും ഷെന്‍ഗെന്‍ കരാര്‍ അംഗരാജ്യങ്ങള്‍ക്ക് അനുമതി നല്‍കുന്നുണ്ട്. ഇത്തരത്തിലുള്ള താത്ക്കാലിക പരിശോധനകള്‍ ആറ് മാസം വരെ നീണ്ടു നിന്നേക്കാം. എന്നാല്‍, ഭീഷണി നിലനില്‍ക്കുന്ന സമയത്ത് പരിശോധന കാലാവധി നീട്ടുകയും ചെയ്യാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.