സ്വന്തം ലേഖകൻ: 2030-ഓടെ ദുബായ് വ്യോമയാനമേഖലയില്‍ സൃഷ്ടിക്കപ്പെടുന്നത് 1,85,000 പുതിയ തൊഴിലവസരങ്ങൾ. ഓക്‌സ്ഫഡ് ഇക്കണോമിക്‌സിന്റെ റിപ്പോര്‍ട്ടാണിത്. ദുബായിയുടെ സമ്പദ് വ്യവസ്ഥയില്‍ വ്യോമയാന മേഖലയുടെ സ്വാധീനത്തെക്കുറിച്ചാണ് ആഗോള ഗവേഷണസ്ഥാപനമായ ഓക്‌സ്ഫഡ് ഇക്കണോമിക്‌സ് പഠനം നടത്തിയത്.
റിപ്പോര്‍ട്ടുപ്രകാരം വ്യോമയാന മേഖലയില്‍ ജോലിചെയ്യുന്നവരുടെ ആകെ എണ്ണം 8,16,000 ആയി ഉയരും. നിലവില്‍ 6,31,000 പേര്‍ വ്യോമയാനസംബന്ധമായ ജോലികൾ ചെയ്യുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ദുബായില്‍ ജോലിചെയ്യുന്ന 1,03,000 ജീവനക്കാര്‍ക്ക് കഴിഞ്ഞവര്‍ഷം 23 ബില്യണ്‍ ദിര്‍ഹം വേതനം നല്‍കി.
വളര്‍ച്ചാപദ്ധതികള്‍ കൂടുതല്‍ വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങളുണ്ടാക്കുമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍ ആന്‍ഡ് ഗ്രൂപ്പ് ചെയര്‍മാനും ചീഫ് എക്‌സിക്യുട്ടീവും ദുബായ് എയര്‍പോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം പറഞ്ഞു. കോവിഡിനുശേഷം വ്യോമയാനമേഖല ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. കഴിഞ്ഞ നാലുവര്‍ഷമായി കൂടുതല്‍ പദ്ധതികള്‍ ചേര്‍ത്തത് വന്‍നേട്ടമുണ്ടാക്കി.
2030-ഓടെ ഏകദേശം 24,000 നേരിട്ടുള്ള പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് എമിറേറ്റ്സ്, ദുബായ് എയര്‍പോര്‍ട്ട്സ്, മറ്റ് വ്യോമയാന മേഖലാ സ്ഥാപനങ്ങള്‍ എന്നിവര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലുള്ളത്. വരുംവര്‍ഷങ്ങളില്‍ വ്യോമയാനമേഖല ഉന്നതനിലവാരം പുലര്‍ത്തുമെന്നും ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷം അവസാനത്തോടെ 1,03,000 പേര്‍ക്ക് തൊഴില്‍ നല്‍കി. ഇത് 2030 ആകുമ്പോഴേക്കും 1,27,000 ആയി വര്‍ധിക്കും. 23 ശതമാനത്തിലേറെയാണ് വര്‍ധന.
2023 അവസാനത്തോടെ 81,000 പേരെയാണ് എമിറേറ്റ്സ് പുതുതായി നേരിട്ട് നിയമിച്ചത്. ഇത് 2030-ഓടെ 1,04,000 ആകും. ദുബായ് എയര്‍പോര്‍ട്ടിലും വ്യോമയാന മേഖലയിലെ മറ്റ് സ്ഥാപനങ്ങളിലും 21,000 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിച്ചു. ഇത് 2030-ഓടെ 23,000 ആയി ഉയരും. ദുബായ് എയര്‍പോര്‍ട്ടിലും മറ്റ് വ്യോമയാന മേഖലാ സ്ഥാപനങ്ങളും ഇപ്പോൾ നൽകുന്ന മൊത്തത്തിലുള്ള ജോലിയുടെ എണ്ണം 3,96,000 ആണ്. 2030-ല്‍ ഇത് 5,16,000 ആയി വളരുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
തുറക്കാനിരിക്കുന്ന ദുബായ് വേള്‍ഡ് സെന്‍ട്രല്‍- അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം പൂര്‍ണ പ്രവര്‍ത്തനശേഷിയിലെത്തുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമാകും. ഇവിടെ കൂടുതല്‍ പുതിയ തൊഴിലവസരങ്ങളുണ്ടാകും. ദുബായ് വേള്‍ഡ് സെന്‍ട്രല്‍ – അല്‍ മക്തൂം അന്താരാഷ്ട്ര വി മാനത്താവളത്തിന്റെ വിപുലീകരണം പഠനറിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും ദുബായിയുടെ ജി.ഡി.പി.യിലേക്ക് 2030-ല്‍ 6.1 ബി ല്യണ്‍ ദിര്‍ഹം സംഭാവന ചെയ്യുമെന്നാണ് പ്ര തീക്ഷിക്കുന്നത്. 1,32,000 തൊഴിലവസരങ്ങളുമുണ്ടാകും.
128 ബില്യണ്‍ ദിര്‍ഹം ചെലവ് വരുന്ന പുതിയ വിമാനത്താവളം ദുബായ് അന്താരാഷ്ട വിമാനത്താവളത്തിന്റെ അഞ്ചിരട്ടി വലിപ്പമുള്ളതായിരിക്കും. ആദ്യഘട്ടം 10 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും. 400-ലേറെ എയര്‍ക്രാഫ്റ്റ് സ്റ്റാന്‍ഡുകള്‍ ഉള്‍ക്കൊള്ളുന്ന ദുബായ് വേള്‍ഡ് സെന്‍ട്രല്‍- അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം പ്രതിവര്‍ഷം 260 ദശലക്ഷം യാത്രക്കാര്‍ക്ക് സേവനം നല്‍കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല