1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 25, 2024

സ്വന്തം ലേഖകൻ: ഇന്ത്യയും ജര്‍മനിയും തമ്മിലുള്ള സൗഹൃദം എല്ലാ മേഖലയിലും കൂടുതല്‍ ദൃഢമായിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം 25 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. അടുത്ത 25 വര്‍ഷങ്ങളില്‍ ഇത് പുതിയ ഉയരങ്ങള്‍ കീഴടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 18-ാമത് ഏഷ്യ-പെസഫിക് കോണ്‍ഫറന്‍സ് ഓഫ് ജര്‍മന്‍ ബിസിനസ് 2024 ല്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി മോദി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

തൊഴില്‍ വൈദഗ്ധ്യമുള്ള ഇന്ത്യക്കാര്‍ക്കനുവദിക്കുന്ന വീസകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ജര്‍മനിയുടെ തീരുമാനത്തെ അദ്ദേഹം സ്വാഗതംചെയ്തു. വിദഗ്ധ തൊഴില്‍ മേഖലകളിലേക്ക് വരുന്നവര്‍ക്ക് ജര്‍മനി പ്രതിവര്‍ഷം അനുവദിക്കുന്ന വീസകളുടെ എണ്ണം 20,000ത്തില്‍നിന്ന് 90,000 മായി ഉയര്‍ത്താന്‍ ജര്‍മനി തീരുമാനിച്ചിട്ടുണ്ട്. ജര്‍മനിയുടെ വികസനത്തില്‍ ഈ തീരുമാനം മുതല്‍ക്കൂട്ടാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

നിലവില്‍ നൂറുകണക്കിന് ജര്‍മന്‍ കമ്പനികള്‍ ഇന്ത്യയിലുണ്ട്. അതേസമയം ജര്‍മനിയില്‍ ഇന്ത്യന്‍ കമ്പനികളുടെ എണ്ണം അനുദിനം വര്‍ധിച്ചുവരികയാണ്. ഉത്പാദനത്തിന്റെയും വ്യാപാരത്തിന്റെയും ആഗോള ഹബ്ബായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്. മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദി വേള്‍ഡ് എന്ന സങ്കല്‍പ്പത്തിന് അനുയോജ്യമായ സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

വരുന്ന 25 വര്‍ഷങ്ങള്‍ മുന്നില്‍ക്കണ്ട് ഇന്ത്യയുടെ വികസനത്തിനുള്ള കൃത്യമായ രൂപരേഖ തയ്യാറാക്കിക്കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ – ജര്‍മനി സഹകരണം സംബന്ധിച്ച ഫോക്കസ് ഓണ്‍ ഇന്ത്യ നയരേഖ ജര്‍മന്‍ കാബിനറ്റ് ചര്‍ച്ചചെയ്തതിനെ പ്രധാനമന്ത്രി മോദി സ്വാഗതംചെയ്തു. ലോകത്തെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങള്‍ക്ക് ലോകനന്മയ്ക്കുവേണ്ടി എങ്ങനെ കൈകോര്‍ക്കാം എന്നതിന്റെ രൂപരേഖയാണതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

തൊഴില്‍ വൈദഗ്ധ്യമുള്ള ഇന്ത്യക്കാരില്‍ ജര്‍മനി അര്‍പ്പിക്കുന്ന വിശ്വാസം അതിരില്ലാതക്തതാണെന്നും പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി. ഇന്ത്യ സന്ദര്‍ശിക്കുന്ന ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.