1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 25, 2024

സ്വന്തം ലേഖകൻ: യുകെയിലെ പുതുതലമുറ ദൈവവിശ്വാസത്തോടു പുറംതിരിഞ്ഞു നില്‍ക്കുകയാണ്. കുറെ വര്‍ഷങ്ങളായി ഇത് കൂടി വരുകയാണ്. മലയാളികളടങ്ങുന്ന പ്രവാസികളാണ് അവിടെ പള്ളികളില്‍ കൂടുതലായി എത്താറുള്ളത്. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ആണ് വിശ്വാസികളുടെ കുറവുമൂലം ഭീഷണി നേരിടുന്നത്.

പള്ളികളില്‍ പ്രാര്‍ത്ഥനാ ചടങ്ങുകളിലെത്തുന്ന വിശ്വാസികളുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞു വരുന്നതാണ് ആശങ്കയ്ക്ക് കാരണമാകുന്നത്. ചെംസ്ഫഡ് ബിഷപ്പ് ആയ ഗലി ഫ്രാന്‍സിസ് – ദെഹ്ഖാനിയാണ് ഈ ആശങ്ക ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. 2019 ല്‍ കോവിഡ് പൂര്‍വ്വകാലത്ത് എത്തിയിരുന്ന അത്രയും വിശ്വാസികളെങ്കിലും എത്തിയാല്‍ മതിയായിരുന്നു എന്നായിരുന്നു സഭ അധികൃതര്‍ ആഗ്രഹിച്ചത്.

കോവിഡ് പൂര്‍വ്വകാലത്ത് വിവിധ പള്ളികളിലായി എല്ലാ ആഴ്ചയിലും ഏകദേശം 8,54,000 വിശ്വാസികള്‍ കുര്‍ബാനയ്ക്കും മറ്റുമായി എത്താറുണ്ടായിരുന്നെങ്കില്‍ 2023 ല്‍ അത് 6,85,000 ആയി കുറഞ്ഞു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ പ്രതിവാര അനുഷ്ഠാനങ്ങള്‍ക്കായി എത്താറുണ്ടായിരുന്ന 1,69,000 വിശ്വാസികള്‍ അപ്രത്യക്ഷരായി. ഇന്ന്, മോസ്‌കുകളില്‍ പോകുന്നവരേക്കാള്‍, അല്ലെങ്കില്‍ കത്തോലിക്ക പള്ളികളില്‍ പോകുന്ന വിശ്വാസികളെക്കാള്‍ കുറവാണ് ആംഗ്ലിക്കന്‍ സഭയുടെ പള്ളികളില്‍ പോകുന്നവരുടെ എണ്ണം.

വളര്‍ച്ചക്കുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത് നിര്‍ത്തിവെച്ച് ദൈവത്തോട് പ്രാര്‍ത്ഥിക്കുവാനാണ് ഇപ്പോള്‍ ബിഷപ്പുമാര്‍ സഭ അധികൃതരോട് പറയുന്നത്. വിശ്വാസികളുടെ എണ്ണത്തില്‍ ഉണ്ടായിട്ടുള്ള കുറവ്. ഇത്രയധികം കുറവ് എങ്ങനെയുണ്ടാകുന്നു എന്നതാണ് സഭ അധികൃതരെ വലയ്ക്കുന്ന ചോദ്യം. ഉപയോഗിക്കാതെ കാടുകയറി കിടക്കുന്ന പള്ളികളുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. ഇംഗ്ലണ്ടിലെ മൊത്തം 16,000 പള്ളികളില്‍ 12,500 പള്ളികള്‍ ചരിത്ര പ്രാധാന്യമുള്ള ഇടങ്ങളായാണ് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ഇംഗ്ലണ്ടിലുള്ള ഇവയുടെ പകുതി പള്ളികള്‍ക്ക് ഗ്രേഡ് വണ്‍ സ്റ്റാറ്റസുമുണ്ട്. അതായത്, ഇവയ്ക്ക് ചരിത്രത്തില്‍ ഉള്ള പ്രാധാന്യം വളരെ കൂടുതലാണെന്നര്‍ത്ഥം.

ഏറ്റവും പുതിയ കണക്കനുസരിച്ച് 3000 മുതല്‍ 5000 വരെ പാരിഷ് പള്ളികള്‍ അടച്ചുപൂട്ടുകയോ, വല്ലപ്പോഴും മാത്രം ഉപയോഗിക്കുകയോ അതല്ലെങ്കില്‍ സ്വന്തമായി ഒരു വികാരി ഇല്ലാത്തവയോ ആണ്. അതേസമയം, ഈ പള്ളികള്‍ എല്ലാം തന്നെ അറ്റകുറ്റപണികള്‍ നടത്തി പരിപാലിക്കാന്‍ ഏകദേശം 1 ബില്യണ്‍ പൗണ്ട് ചെലവും വരുന്നുണ്ട്. ഇത് സഭയ്ക്ക് താങ്ങാനാവുന്നതിനും അപ്പുറമാണ്. ഇത്തരം അടച്ചുപൂട്ടപ്പെട്ട പള്ളികള്‍ പ്രാദേശിക കൗണ്‍സിലുകളെ ഏല്‍പ്പിക്കണമെന്നും, അവ മറ്റ് കാര്യങ്ങള്‍ക്ക് ഉപയോഗിക്കണം എന്നുമുള്ള ആവശ്യങ്ങള്‍ ശക്തമായിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.