1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 26, 2024

സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ മിക്ക ഭാഗങ്ങളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം. ചില പ്രദേശങ്ങളില്‍ മിതമായതോ കനത്തതോ ആയ മഴ ലഭിക്കും. പ്രതികൂല കാലാവസ്ഥ ഞായറാഴ്ച വരെ നീണ്ടുനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതര്‍ അറിയിച്ചു.
നാഷണല്‍ സെന്‍റര്‍ ഫോര്‍ മെറ്റീരിയോളജിയുടെ റിപ്പോര്‍ട്ട് പ്രകാരം റിയാദ് മേഖലയില്‍ (ഹവ്ത ബാനി തമീം, അല്‍-ഹാരിഖ്, അല്‍-മുസഹ്മിയ, അല്‍-ഖര്‍ജ്, റിയാദ്, ഹരേംല, ദിരിയ, ധര്‍മ) ഞായറാഴ്ച വരെ നേരിയതോ മിതമായതോ ആയ മഴ പെയ്യുമെന്ന് പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നു.

തലസ്ഥാന നഗരമായ റിയാദില്‍ മേഘാവൃതമായ കാലാവസ്ഥ അടുത്ത വാരാന്ത്യം വരെ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റ് പ്രതികൂല കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നല്‍കുകയും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തതായി വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സിവില്‍ ഡിഫന്‍സ് എല്ലാവരോടും മുന്‍കരുതലുകള്‍ എടുക്കാനും അപ്പപ്പോള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും ആഹ്വാനം ചെയ്തു. നിങ്ങളുടെ സഹകരണമാണ് ഞങ്ങളുടെ ലക്ഷ്യം, നിങ്ങളുടെ സുരക്ഷയാണ് ഞങ്ങളുടെ ലക്ഷ്യം- അധികൃതര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നല്‍കിയ പോസ്റ്റില്‍ അറിയിച്ചു. രാജ്യത്തെ ശരാശരി താപനില 17 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നു. അതേസമയം പരമാവധി താപനില 27 ഡിഗ്രിയാണ്. റിയാദില്‍ ശീതകാലത്തിന്‍റെ ആരംഭം അറിയിച്ചുകൊണ്ട് വ്യാഴാഴ്ച രാത്രിയും വേഗതയേറിയ തണുത്ത കാറ്റ് അടിച്ചുവീശി.

ജനങ്ങൾ മുന്‍കരുതലുകള്‍ എടുക്കാനും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങള്‍ ഒഴിവാക്കാനും വിവിധ മാധ്യമ ചാനലുകളിലൂടെ പ്രചരിപ്പിക്കുന്ന സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാനും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

മക്ക മേഖലയില്‍ ശക്തമായ കാറ്റിനൊപ്പം മിതമായതോ കനത്തതോ ആയ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടെ ആലിപ്പഴ വര്‍ഷം ഉണ്ടാവാനും സാധ്യതയുണ്ട്. നേരിയതോതില്‍ കനത്തതോ ആയ മഴ റിയാദ് മേഖലയെയും ബാധിക്കും. മദീന, ഖാസിം, വടക്കന്‍ അതിര്‍ത്തികള്‍, കിഴക്കന്‍ പ്രവിശ്യ, അല്‍-ബഹ, അസീര്‍, ജസാന്‍, നജ്റാന്‍ എന്നിവയാണ് കാര്യമായ മഴയെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്ന മറ്റ് പ്രദേശങ്ങള്‍.

തബൂക്കിലും ജൗഫിലും നേരിയ മഴ ലഭിച്ചേക്കാമെന്നും അധികൃതര്‍ അറിയിച്ചു. സിവില്‍ ഡിഫന്‍സ് എല്ലാ പൗരന്മാരോടും അവരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കാനും വിവിധ മാധ്യമ ചാനലുകള്‍ വഴി നല്‍കുന്ന അധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും അഭ്യര്‍ത്ഥിച്ചു. ”മഴ പെയ്യുമ്പോള്‍, നിര്‍ദ്ദേശങ്ങള്‍ പാലിക്കുക, താഴ്വരകളില്‍ നിന്നും വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ നിന്നും മാറി നില്‍ക്കുക,” സിവില്‍ ഡിഫന്‍സ് എക്സില്‍ പോസ്റ്റ് ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.