സ്വന്തം ലേഖകൻ: യുഎഇ പ്രഖ്യാപിച്ച പുതിയ ട്രാഫിക് നിയമത്തിലെ നിയമ പരിഷ്ക്കാരങ്ങള്‍ക്കൊപ്പം നിയമലംഘകര്‍ക്കുള്ള പിഴ വലിയ തോതില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. അനധികൃത സ്ഥലങ്ങളില്‍ റോഡ് മുറിച്ചുകടക്കല്‍ അപകടമുണ്ടാക്കിയ ശേഷം വാഹനം നിര്‍ത്താതെ പോവല്, മദ്യപിച്ച് വാഹനമോടിക്കല്‍ തുടങ്ങി നിരവധി നിയമലംഘനങ്ങള്‍ക്ക് ജയില്‍ ശിക്ഷയും ഉയര്‍ന്ന പിഴയും ഉള്‍പ്പെടെയാണ് പുതിയ ട്രാഫിക് നിയമം വ്യവസ്ഥ ചെയ്യുന്നത്.
യുഎഇ അധികൃതര്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ച പുതിയ നിയമഭേദഗതി പ്രകാരം കാല്‍നട യാത്രക്കാര്‍ക്ക് മുറിച്ചു കടക്കാന്‍ അനുവാദമില്ലാത്ത റോഡ് മുറിച്ചുകടക്കുന്നത് ഒരു ട്രാഫിക് അപകടത്തില്‍ കലാശിച്ചാല്‍ മൂന്ന് മാസത്തില്‍ കുറയാത്ത തടവും 5,000 ദിര്‍ഹത്തില്‍ കുറയാത്തതും 10,000 ദിര്‍ഹത്തില്‍ കൂടാത്തതുമായ പിഴയും അല്ലെങ്കില്‍ ഈ രണ്ട് പിഴകളില്‍ ഒന്നും ശിക്ഷയായി ലഭിക്കും. 80 കിലോമീറ്ററോ അതില്‍ കൂടുതലോ വേഗപരിധിയുള്ള പ്രദേശങ്ങളില്‍ നിന്ന് കടക്കുന്ന ഏതൊരു വ്യക്തിക്കും ഇത് ബാധകമാണ്. നിലവില്‍ ഈ നിയമ ലംഘനത്തിന് 400 ദിര്‍ഹം പിഴയാണ് ശിക്ഷ.
ലൈസന്‍സ് പ്ലേറ്റുകള്‍ ദുരുപയോഗം ചെയ്താല്‍ തടവും 20,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയും അല്ലെങ്കില്‍ ഈ രണ്ടിലൊന്നുമാണ് ശിക്ഷ. പിഴയും, മദ്യപിച്ച് വാഹനമോടിക്കാന്‍ ശ്രമിച്ചാല്‍ തടവും പിഴയും 20,000 ദിര്‍ഹത്തില്‍ കുറയാത്തതും 100,000 ദിര്‍ഹത്തില്‍ കൂടാത്തതുമായ പിഴയും മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ചാല്‍ 30,000 ദിര്‍ഹത്തില്‍ കുറയാത്തതും 200,000 ദിര്‍ഹത്തില്‍ കൂടാത്തതുമായ പിഴയും തടവും അല്ലെങ്കില്‍ ഇവയില്‍ ഏതെങ്കിലും ഒന്നുമാണ് ശിക്ഷയായി വ്യവസ്ഥ ചെയ്തിരിക്കുന്നത്.
ഈ നിയമ ലംഘനം ആദ്യ വട്ടം പിടിക്കപ്പെട്ടാല്‍ ഡ്രൈവിങ് ലൈസന്‍സും ആറ് മാസത്തില്‍ കുറയാത്ത കാലയളവിലേക്ക് സസ്പെന്‍ഡ് ചെയ്യപ്പെടാനും സാധ്യതയുണ്ട്. രണ്ടാം തവണ ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്യും. മൂന്നാം തവണയും ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കപ്പെടും.
സസ്പെന്‍ഡ് ചെയ്യപ്പെട്ട ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കുന്നവര്‍ക്ക് മൂന്നു മാസത്തില്‍ കൂടാത്ത തടവും 10,000 ദിര്‍ഹം പിഴയും അല്ലെങ്കില്‍ ഈ രണ്ട് പിഴകളില്‍ ഒന്നും ശിക്ഷയായി ലഭിക്കും. വാഹനാപകടം ഉണ്ടാക്കിയ ശേഷം അപകടസ്ഥലത്ത് നിന്ന് ഓടിപ്പോകുകയും ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാതിരിക്കുകയും ചെയ്യുന്നത് ഒരു വര്‍ഷത്തില്‍ കൂടാത്ത തടവും 50,000 ദിര്‍ഹത്തില്‍ കുറയാത്തതും 100,000 ദിര്‍ഹത്തില്‍ കൂടാത്തതുമായ പിഴയോ അല്ലെങ്കില്‍ ഇവയിലൊന്നോ ആയിരിക്കും ശിക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല