സ്വന്തം ലേഖകൻ: മാര്‍ച്ച് മാസത്തിലെ അവസാന ഞായറാഴ്ച ഒരു മണിക്കൂര്‍ മുന്പോട്ട് പോയ ബ്രിട്ടനിലെ ക്ലോക്കുകള്‍, ഒക്ടോബര്‍ മാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന് ഒരു മണിക്കൂര്‍ പിറകോട്ട് പോകും. ബ്രിട്ടനിലെ വിന്റര്‍ ടൈം അഥവാ ഗ്രീന്‍വിച്ച് മീന്‍ ടൈം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. അതോടെ രാത്രിയുടെ ദൈര്‍ഘ്യം വര്‍ദ്ധിക്കുകയും നിങ്ങള്‍ക്ക് ഉറങ്ങാന്‍ ഒരു മണിക്കൂര്‍ അധികം ലഭിക്കുകയും ചെയ്യും. പകല്‍ വെളിച്ചം പരമാവധി ഉപയോഗിക്കുന്നതിനായിട്ടാണ് വേനല്‍ക്കാലത്തും ശൈത്യകാലത്തും സമയമാറ്റം നടത്തുന്നത്.
ബ്രിട്ടനില്‍ ജനിച്ച ന്യൂസിലന്‍ഡുകാരനായ ജോര്‍ജ്ജ് വെര്‍നോണ്‍ എന്ന ശാസ്ത്രജ്ഞനായിരുന്നു സമയമാറ്റം എന്ന നിര്‍ദ്ദേശം ആദ്യമായി വെച്ചത്. പകല്‍ നേരത്തെ ആരംഭിക്കുന്ന വേനല്‍ക്കാലങ്ങളില്‍ പകല്‍ വെളിച്ചം പരമാവധി ഉപയോഗിക്കുവാന്‍ പ്രവര്‍ത്തനങ്ങള്‍ നേരത്തെ ആരംഭിക്കുക എന്നതായിരുന്നു ഇതിനു പിന്നിലുള്ള ഉദ്ദേശ്യം. എന്നാല്‍, ഈ നിര്‍ദ്ദേശം നിരാകരിക്കപ്പെടുകയായിരുന്നു. പിന്നീട് 1907 ല്‍ ബിസിനസ്സുകാരനായ വില്യം വില്ലെറ്റ് എന്ന വ്യക്തിയാണ് ഈ ആശയം പൊടിതട്ടിയെടുത്ത് ഗൗരവകരമായ ചര്‍ച്ചയാക്കിയത്.
പിന്നീട് 1916 ല്‍ ഊര്‍ജ്ജം ലാഭിക്കുന്നതിനായി ജര്‍മ്മനി സമയമാറ്റം ആരംഭിച്ചതോടെയാണ് ബ്രിട്ടനും ഇക്കാര്യം ഗൗരവമായി എടുത്തത്. 1916 ലെ സമ്മര്‍ ടൈം ആക്റ്റ് വഴി അത് പ്രാബല്യത്തില്‍ വരുത്തുകയും ചെയ്തു. എന്നാല്‍, ഇപ്പോള്‍ ഇത് ബ്രിട്ടനിലും ജര്‍മ്മനിയിലും മാത്രമായി ഒതുങ്ങി നില്ക്കുന്ന ഒന്നല്ല. ലോകത്തിലെ എഴുപതോളം രാജ്യങ്ങള്‍ ഇത് പിന്തുടരുന്നുണ്ട്. ഒട്ടുമിക്ക യൂറോപ്യന്‍ രാജ്യങ്ങളും മാര്‍ച്ച് അവസാനവും ഒക്ടോബര്‍ അവസാനവുമാണ് സമയമാറ്റം പ്രാബല്യത്തില്‍ വരുത്തുന്നത്. ഐസ്ലാന്‍ഡ്, തുര്‍ക്കി, ബെലാറൂസ്, റഷ്യ എന്നീ യൂറോപ്യന്‍ രാജ്യങ്ങളില്‍ മാത്രമാണ് സമയമാറ്റം ഇല്ലാത്തത്. അതുപോലെ അര്‍മീനിയ, അസര്ബൈജാന്, ജോര്‍ജിയ തുടങ്ങിയ രാജ്യങ്ങളിലും ഈ പതിവില്ല.
അമേരിക്ക, കാനഡ, ആസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളും ഈ നയം പിന്തുടരുന്നുണ്ട്. അതേസമയം ഇന്ത്യ, ചൈന, ജപ്പാന് തുടങ്ങിയ രാജ്യങ്ങലും മദ്ധ്യ പൂര്‍വ്വ രാജ്യങ്ങളും പകല്‍ വെളിച്ചം കൂടുതലായി ഉപയോഗിക്കാന്‍ സഹായിക്കുന്ന സമയമാറ്റം എന്ന നയം സ്വീകരിച്ചിര്ട്ടില്ല. ഇറാനിലും ജോര്‍ദ്ദാനിലും ഈ പതിവുണ്ടായിരുന്നെങ്കിലും പിന്നീട് അവര്‍ അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഈജിപ്ത് ഈ പതിവ് നിര്‍ത്തലാക്കിയെങ്കിലും 2023 മുതല്‍ വീണ്ടും ആരംഭിച്ചു.
അതേസമയം, സമയമാറ്റം നിറുത്തലാക്കണമെന്ന് ഒരു കൂട്ടം ശാസ്ത്രജ്ഞരും ഡോക്ടര്‍മാരും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇത് ആളുകളുടെ ഉറക്കശീലത്തെ പ്രതികൂലമായി ബാധിക്കും എന്നാണ് അവര്‍ കാരണമായി പറയുന്നത്. സുഖ നിദ്രക്ക് അതിരാവിലെയുള്ള വെളിച്ചം അനുകൂലമാണെന്നാണ് ബ്രിട്ടീഷ് സ്ലീപ് സോസൈറ്റി പറയുന്നത്. അതുകൊണ്ടു തന്നെ സമയം പിന്നോട്ടാക്കുന്നത് വിപരീതഫലം ചെയ്യുമെന്നും അവര്‍ പറയുന്നു. ഹൃദയ താളത്തെയും ശാരീരികവും മാനസികവുമായ ആരോഗ്യത്തെയും അത് ബാധിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല