1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 27, 2024

സ്വന്തം ലേഖകൻ: വിമാനങ്ങൾക്കുനേരേ തുടർച്ചയായുണ്ടാകുന്ന ബോംബ് ഭീഷണി സന്ദേശങ്ങൾ തടയാൻ സാമൂഹികമാധ്യമകമ്പനികൾക്ക് കേന്ദ്ര ഇലക്‌ട്രോണിക്സ് ഐ.ടി. മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസികൾ ആവശ്യപ്പെടുന്ന വിവരങ്ങൾ 72 മണിക്കൂറുകൾക്കുള്ളിൽ കൈമാറണമെന്നാണ് നിർദേശം.

ഇല്ലെങ്കിൽ ഐ.ടി. നിയമത്തിലെ 79-ാംവകുപ്പ് പ്രകാരമുള്ള സംരക്ഷണമുണ്ടാകില്ലെന്നും വിവരങ്ങൾ കൈമാറാൻ സാമൂഹിക മാധ്യമങ്ങൾക്ക് ബാധ്യതയുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. നിശ്ചിത സമയപരിധിക്കുള്ളിൽ വിവരങ്ങൾ അന്വേഷണ ഏജൻസികൾക്ക് കൈമാറണം. മെറ്റയും, എക്സുംപോലുള്ള സാമൂഹികമാധ്യമങ്ങൾ അന്വേഷണത്തോട് സഹകരിക്കണം.

രാജ്യത്തെ വിവിധ വിമാനക്കമ്പനികൾക്ക് 12 ദിവസംകൊണ്ട് 275-ലധികം വ്യാജ ഭീഷണികളാണ് ലഭിച്ചത്. ഇതിൽ ഭൂരിഭാഗം ഭീഷണികളും സാമൂഹികമാധ്യമങ്ങൾ വഴി. കൂടുതലും ‘എക്സ്’ അക്കൗണ്ടുകളിൽനിന്ന്‌. പത്തിലധികം അക്കൗണ്ടുകളാണ് സസ്പെൻഡ് ചെയ്തത്. ഇ-മെയിൽ വഴിയും ശുചിമുറിയിൽ കത്തായും ഭീഷണികൾ

ഇതുവരെ ഒൻപത്‌ ഇന്ത്യൻ വിമാന കമ്പനികൾക്കുള്ള നഷ്ടം 1000കോടി രൂപയ്ക്കടുത്ത്. സർവീസ് തടസ്സപ്പെട്ടാൽ ഓരോ വിമാനസർവീസിനും വിവിധ കാരണങ്ങളാൽ മൂന്നരക്കോടിയുടെ നഷ്ടം. വ്യാജ ബോംബ് ഭീഷണികൾ തടയുന്നതിന് ‘എക്സ്’ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് വ്യോമയാന മന്ത്രാലയം. അക്കൗണ്ടുകളുടെ യൂസർ ഐ.ഡി, ഡൊമെയ്ൻ വിവരങ്ങൾ പങ്കിടുന്നതിൽ ‘എക്സ്’ വീഴ്ച വരുത്തിയതിന് സാമൂഹികമാധ്യമ പ്രതിനിധികളെ കേന്ദ്രം ചോദ്യംചെയ്തു.

വ്യാജബോംബ് ഭീഷണികൾ ഗുരുതര കുറ്റകൃത്യമാക്കാൻ വ്യോമയാന ചട്ടങ്ങളിൽ ഭേദഗതികൾ കൊണ്ടുവരാൻ സർക്കാർ നീക്കം തുടങ്ങി. സാമൂഹികമാധ്യമങ്ങളിൽ വിവരങ്ങൾ പോസ്റ്റ് ചെയ്താൽ അതിന്റെ ഉത്തരവാദിത്വം പ്ലാറ്റ്‌ഫോമുകൾക്കുണ്ടാകില്ല. പോസ്റ്റ് ചെയ്യുന്ന വ്യക്തിക്കായിരിക്കും.

ഇപ്പോൾ സാമൂഹികമാധ്യമങ്ങളുടെ തലയിൽ പഴിചാരി രക്ഷപ്പെടാനാണ് കേന്ദ്രനീക്കമെന്ന് ആരോപണമുയർന്നു. സാമ്പത്തിക കുറ്റകൃത്യത്തിന്റെ പരിധിയിൽ ഇത് കൊണ്ടുവരാനാകാത്തതും വീഴ്ചയാണ്. സന്ദേശത്തിന്റെ കൃത്യമായ ഉറവിടങ്ങളും കണ്ടെത്താനായില്ല.

ഇതുവരെ രണ്ടുപേരാണ് അറസ്റ്റിലായത്. സുരക്ഷാ വിഷയങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ചുമതലയിലായതിനാൽ ഭീഷണിയുടെ ഉറവിടം കണ്ടെത്തലും അന്വേഷണങ്ങളും നടപടികളും വ്യോമയാന മന്ത്രാലയത്തിന്റെ അധികാര പരിധിയിലല്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.