സ്വന്തം ലേഖകൻ: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ തുറന്നു പിന്തുണച്ച് രംഗത്തു വരുന്നത് അമേരിക്കയിലെ മാധ്യമങ്ങളുടെ പരമ്പരാഗത ശീലമാണ്. ഇതനുസരിച്ച് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി കമല ഹാരിസിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിനും അമേരിക്കന്‍ മാധ്യമങ്ങള്‍ പിന്തുണ പ്രഖ്യാപിക്കുന്ന സീസണാണിത്.
ഇതില്‍ പ്രമുഖ പത്രം വാഷിംഗ്ടണ്‍ പോസ്റ്റിന്റെ നിലപാട് വന്‍ വിവാദമായി. ഇത്തവണ ആരെയും പിന്തുണയ്ക്കില്ലെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് പ്രഖ്യാപിച്ചു. ഇതില്‍ പ്രതിഷേധിച്ച് എഡിറ്റര്‍ ഇന്‍ ചാര്ജുമാരില് ഒരാളായ റോബര്‍ട്ട് കഗന് രാജിവച്ചു. 11 പത്രാധിപ സമിതിയംഗങ്ങള്‍ പരസ്യപ്രസ്താവന നടത്തി. കോളം എഴുത്തുകാരനും പുലിറ്റ്സര്‍ സമ്മാനജേതാവുമായ യൂജിന്‍ റോബിന്‍സണ്‍, മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍ റൂത്ത് മാര്‍ക്കസ് എന്നിവര്‍ അപലപിച്ചു രംഗത്തുവന്നു. പോസ്റ്റിന്റെയും ജീവനക്കാരുടെയും ഇ മെയില്‍ പ്രതിഷേധക്കുറിപ്പുകള്കൊണ്ട് നിറഞ്ഞു.
1976 മുതല്‍ തുടര്‍ച്ചയായി വാഷിംഗ്ടണ്‍ പോസ്റ്റ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയെ പിന്തുണച്ചിരുന്നു. ജിമ്മി കാര്‍ട്ടര്‍ മത്സരിച്ചപ്പോള്‍ തുടങ്ങിയ പതിവ്. 2016ല്‍ ഹിലാരി ക്ലിന്റെനെയും 2020ല്‍ ജോ ബൈഡനെയും പിന്തുണച്ചിരുന്നു. ആമസോണ്‍ ഉടമ ജെഫ് ബെസോസ് പത്രത്തിന്റെ ഉടമയായതിനെത്തുടർന്നാണ് ഇപ്പോള്‍ നിലപാട് മാറിയതെന്ന് രാജിവച്ചവര്‍ പറയുന്നു. ശതകോടീശ്വരനായ അദ്ദേഹത്തിന്റെ അനേകം ബിസിനസ് സംരംഭങ്ങള്‍ സംരക്ഷിക്കാനാണ് ഈ നിലപാടെന്നാണ് ആരോപണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല