സ്വന്തം ലേഖകൻ: വംശീയ പരാമർശങ്ങളും കുടിയേറ്റ, സ്ത്രീ വിരുദ്ധ മുദ്രാവാക്യങ്ങളും അപകടകരമായ ഭീഷണികളും കൊണ്ട് നിറഞ്ഞ് ഡൊണാൾഡ് ട്രംപിന്റെ ന്യൂയോർക്ക് റാലി. തിരഞ്ഞെടുപ്പിന് ഒൻപത് ദിവസം മാത്രം ബാക്കി നിൽക്കെയാണ് മാഡിസൺ സ്‌ക്വയർ ഗാർഡനിൽ നടന്ന റാലിയിൽ ട്രംപ് വിദ്വേഷവും വെറുപ്പും കൊണ്ട് വേദി നിറച്ചത്. തിരഞ്ഞെടുക്കപ്പെട്ടാൽ താൻ അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ പരിപാടി ആരംഭിക്കുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തു.
മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ (MAGA) റാലിയിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിനെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ ചൊരിയാനും ട്രംപും റിപ്പബ്ലിക്കൻ നേതാക്കളും മറന്നില്ല. രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് കാരണം കമലയാണെന്ന് പറഞ്ഞ ട്രംപ്, കമല ബുദ്ധിശൂന്യയാണെന്നും, പ്രസിഡന്റ് സ്ഥാനത്തിരുന്ന് പ്രവർത്തിക്കാൻ യോഗ്യയല്ലെന്നും കുറ്റപ്പെടുത്തി.
“നിങ്ങൾ ഞങ്ങളുടെ രാജ്യത്തെ നശിപ്പിച്ചു,” നിലവിലെ വൈസ് പ്രസിഡന്റ് കമലയെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു. കമലയെ പിശാച് എന്നാണ് വേദിയിൽ വെച്ച് ഒരു റിപ്പബ്ലിക്കൻ നേതാവ് വിളിച്ചത്. വംശീയവും സ്ത്രീവിരുദ്ധവുമായ പരാമർശങ്ങൾ കൊണ്ട് അനുയായികളെ സന്തോഷിപ്പിക്കാനാണ് ട്രംപും റിപ്പബ്ലിക്കൻ കക്ഷികളും ശ്രമിച്ചത്.
മുൻ പ്രോ ഗുസ്തി താരം ഹൾക്ക് ഹോഗൻ മുതൽ മുൻ ന്യൂയോർക്ക് സിറ്റി മേയർ റൂഡി ഗിയൂലിയാനി, ട്രംപിൻ്റെ മക്കളായ എറിക്, ഡോൺ ജൂനിയർ വരെ വേദിയിൽ സംസാരിച്ചിരുന്നു. ഇമിഗ്രേഷൻ നിയമങ്ങൾ നടപ്പിലാക്കുന്നതിൽ ഫെഡറൽ ഗവൺമെൻ്റുമായി സഹകരിക്കാൻ വീസമ്മതിക്കുന്ന സന്കടയറി നഗരങ്ങളെ നിരോധിക്കുമെന്നും ക്രിമിനൽ രേഖകളുള്ള കുടിയേറ്റക്കാരെ നാടുകടത്തുന്നതിന് 1798 ഏലിയൻ എനിമീസ് ആക്ട് നിയമം നടപ്പിലാക്കുമെന്നും ട്രംപ് പറഞ്ഞു.
ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിൽ കമല ഭീകരരുടെ പക്ഷത്തായിരുന്നു എന്ന് ട്രംപിൻ്റെ മുൻ സ്വകാര്യ അഭിഭാഷകൻ ഗ്യുലിയാനി വേദിയിൽ അവകാശപ്പെട്ടു. ഹാസ്യനടൻ ടോണി ഹിഞ്ച്ക്ലിഫ് ലാറ്റിൻ അമേരിക്കക്കാർ “കുഞ്ഞുങ്ങളെ ഉണ്ടാക്കാൻ ഇഷ്ടപ്പെടുന്നു” എന്ന് അവഹേളിക്കുകയും, കരീബിയൻ യുഎസ് മേഖലയായ പ്യൂർട്ടോറിക്കോയെ “മാലിന്യങ്ങൾ പൊങ്ങിക്കിടക്കുന്ന ദ്വീപ്” എന്നും വിശേഷിപ്പിക്കുകയും ചെയ്തു. പ്യൂർട്ടോറിക്കക്കാർ യുഎസ് പൗരന്മാരാണെങ്കിലും, ദ്വീപിലെ നിവാസികൾക്ക് യുഎസ് പൊതുതെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ കഴിയില്ല.
എന്നിരുന്നാലും, യുണൈറ്റഡ് സ്റ്റേറ്റ്സിലെക്ക് പലായനം ചെയ്തിട്ടുള്ള ലക്ഷകണക്കിന് പ്യൂർട്ടോറിക്കക്കാർക്ക് വോട്ടുചെയ്യാനാകും. ട്രംപും കമലയും സമാസമം നിലക്കുന്ന പെൻസിൽവാനിയയിൽ വലിയ വിഭാഗം പ്യൂർട്ടോറിക്കക്കാർ താമസിക്കുന്നുണ്ട്.
നവംബർ 5 നാണ് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ട്രംപും കമലയും അവസാന ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണ്. ജോർജിയ, നോർത്ത് കരോലിന, പെൻസിൽവാനിയ എന്നിവയുൾപ്പെടെ ഏഴ് നിർണായക ഇടങ്ങളാണ് യുഎസ് തിരഞ്ഞെടുപ്പിന്റെ വിധി എഴുതുക. ഫ്ലോറിഡ യൂണിവേഴ്‌സിറ്റിയിലെ ഇലക്ഷൻ ലാബിൻ്റെ കണക്കനുസരിച്ച്, 4.1 കോടിയിലധികം അമേരിക്കക്കാർ വ്യക്തിഗത വോട്ടിംഗിലോ മെയിൽ-ഇൻ ബാലറ്റുകൾ വഴിയോ ഞായറാഴ്ച ഉച്ചയോടെ വോട്ട് ചെയ്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല