സ്വന്തം ലേഖകൻ: പ്രമുഖ മലയാളി വ്യവസായി എം.എ. യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു റീട്ടെയില്‍ ഹോള്‍ഡിങ്സിന്റെ പ്രഥമ ഓഹരി വില്‍പ്പന (ഐ.പി.ഒ.) യ്ക്ക് തിങ്കളാഴ്ച തുടക്കമായി. വില്‍പ്പനയുടെ ആദ്യ മണിക്കൂറില്‍ തന്നെ ഓഹരികള്‍ പൂര്‍ണമായി സബ്സ്‌ക്രൈബ് ചെയ്യപ്പെട്ടു. നവംബര്‍ അഞ്ചുവരെ നീളുന്ന മൂന്നുഘട്ട ഐ.പി.ഒ.യിലൂടെ കമ്പനിയുടെ 25 ശതമാനം ഓഹരികളാണ് വിറ്റഴിക്കുന്നത്. അതായത്, 258.2 കോടി ഓഹരികള്‍.
1.94 ദിര്‍ഹം മുതല്‍ 2.04 ദിര്‍ഹം വരെയാണ് (46.60 രൂപ വരെ) ഓഹരികളുടെ സൂചിത വില (പ്രൈസ് ബാന്‍ഡ്). വിപണി പ്രതീക്ഷിച്ചിരുന്നതിനെക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് ഓഹരികള്‍ ലഭ്യമാക്കുന്നത്. അതുകൊണ്ടുതന്നെ ഓഹരികള്‍ക്ക് ഡിമാന്‍ഡ് കൂടുതലാണ്.
നേരത്തേ 15,000 കോടി രൂപ വരെ സമാഹരിക്കുമെന്നായിരുന്നു കരുതിയിരുന്നതെങ്കിലും, ഇപ്പോഴത്തെ വിലനിലവാരം അനുസരിച്ച് ഏതാണ്ട് 12,000 കോടി രൂപ വരെയാകും സമാഹരിക്കുക. യു .എ.ഇ.യില്‍ ഈ വര്‍ഷം നടക്കുന്ന ഏറ്റവും വലിയ ഐ.പി.ഒ. എന്ന പ്രത്യേകത ലുലു റീട്ടെയിലിനുണ്ട്. വിപണിമൂല്യം 48,000 കോടി രൂപയ്ക്കു മേലെയുണ്ടാകുമെന്നാണ് കരുതുന്നത്.
നവംബര്‍ 12-ന് റീട്ടെയില്‍ നിക്ഷേപകര്‍ക്ക് അലോട്ട്മെന്റ് സംബന്ധിച്ച എസ്.എം.എസ്. ലഭിക്കും. ഓഹരികള്‍ നവംബര്‍ 14-ന് അബുദാബി സ്റ്റോക് എക്‌സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത് വ്യാപാരം തുടങ്ങും.
ലുലു ഗ്രൂപ്പിന്റെ ഗള്‍ഫ് രാജ്യങ്ങളിലെ ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയാണ് ലുലു റീട്ടെയില്‍ ഹോള്‍ഡിങ് എന്ന കമ്പനിയുടെ കീഴിലുള്ളത്. യു.എ.ഇ., സൗദി അറേബ്യ എന്നിവയുള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലായി 240 സ്റ്റോറുകളാണ് കമ്പനിക്കുള്ളത്.
അബുദാബി സ്റ്റോക് എക്‌സ്ചേഞ്ചില്‍നിന്ന് ഡിമാറ്റ് അക്കൗണ്ടിന് സമാനമായ നാഷണല്‍ ഇന്‍വെസ്റ്റര്‍ നമ്പരും (എന്‍.ഐ.എന്‍.) യു.എ.ഇ.യില്‍ ബാങ്ക് അക്കൗണ്ടും ഉള്ളവര്‍ക്ക് ഓഹരികള്‍ക്കായി അപേക്ഷിക്കാം. ഇത് രണ്ടും ഉണ്ടെങ്കില്‍ ഇന്ത്യയിലിരുന്നുപോലും ഓഹരികള്‍ക്കായി അപേക്ഷ സമര്‍പ്പിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല