സ്വന്തം ലേഖകൻ: പലസ്തീൻ അഭയാർഥികളുടെ ദുരിതാശ്വാസത്തിനും മനുഷ്യവികസനത്തിനും പിന്തുണ നൽകുന്ന ഐക്യരാഷ്ട്രസഭാ ഏജൻസിയായ റിലീഫ് ആൻഡ് വർക്സ് ഏജൻസിക്ക് (യുഎൻആർഡബ്ല്യുഎ) നിരോധനം ഏർപ്പെടുത്തി ഇസ്രയേൽ. ഏജൻസിയിലെ ഏതാനും പേർ ഹമാസ് അംഗങ്ങളാണെന്നും ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ പങ്കുണ്ടെന്നും പറഞ്ഞാണ് രാജ്യത്ത് വിലക്ക് ഏർപ്പെടുത്തുന്ന നിയമം ഇസ്രയേൽ പാർലമെന്റിൽ പാസാക്കിയത്.
വടക്കൻ ഗസയിലെ ജനവാസ മേഖലയിലും അഭയാർഥി ക്യാമ്പിലും ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണത്തിൽ വ്യാപക നഷ്ടം റിപ്പോർട്ട് ചെയ്തതിന്റെ തൊട്ടടുത്ത ദിവസമാണ് യുഎൻ ഏജൻസിയെ വിലക്കിയത്. തിങ്കളാഴ്ചത്തെ ആക്രമണത്തെ തുടർന്ന് ഒരു ലക്ഷത്തോളം പലസ്തീനികളാണ് മേഖലയിൽ കുടുങ്ങിയിരിക്കുന്നതെന്നും 19 പേർ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടെന്നും അധികൃതർ അറിയിച്ചു. എന്നാൽ ഹമാസ് പുനഃസംഘടിക്കാതിരിക്കാനാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈനിക വൃത്തങ്ങൾ പറഞ്ഞു.
വടക്കൻ ഗസയില്‍ ഇസ്രയേൽ ആക്രമണം രൂക്ഷമായിരിക്കെ സഹായ ഏജൻസിക്ക് മൂന്ന് ആഴ്ചയായി പ്രദേശത്തേക്ക് കടക്കാൻ കഴിഞ്ഞിട്ടില്ല. ഭക്ഷണം, മരുന്ന് ഉൾപ്പെടെ അടിസ്ഥാന ആവശ്യങ്ങൾ പോലും ഇവിടെ ആളുകൾക്ക് ലഭിക്കുന്നില്ലെന്നാണ് വിവരം. ഇതിനിടെ ഇസ്രയേൽ, യു എൻ ഏജൻസിക്കുമേൽ ഏർപ്പെടുത്തിയ നിരോധനത്തിൽ എതിർപ്പ് അറിയിച്ച് യുകെ, ആസ്ട്രേലിയ, ബെൽജിയം ഉൾപ്പെടെ നിരവധി രാജ്യങ്ങൾ രംഗത്ത് വന്നിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല