സ്വന്തം ലേഖകൻ: ദീപാവലി ദിനത്തില്‍ ന്യൂയോര്‍ക്ക് നഗരത്തിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ന്യൂയോര്‍ക്ക് നഗരത്തിലെ സ്‌കൂളുകള്‍ക്ക് ദീപാവലി ദിനത്തില്‍ അവധി പ്രഖ്യാപിക്കുന്നത്. ദീപാവലി ദിവസമായ നവംബര്‍ ഒന്ന് വെള്ളിയാഴ്ച സ്‌കൂളുകള്‍ക്ക് അവധി ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
വേള്‍ഡ് ട്രേഡ് സെന്ററിലും ദീപാവലിക്ക് മുന്‍പ് ആഘോഷങ്ങള്‍ തകൃതിയായി നടക്കുകയാണ്. വിവിധ വര്‍ണങ്ങള്‍ കൊണ്ട് വേള്‍ഡ് ട്രേഡ് സെന്റര്‍ കെട്ടിടം നിറഞ്ഞു. തിങ്കളാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷത്തിൽ പങ്കെടുത്തു. ഇന്ത്യന്‍ വംശജരായ അമേരിക്കകാരടക്കം അറുന്നൂറിലേറെ പേര്‍ ചടങ്ങില്‍ പങ്കെടുത്തു.
അധികാരത്തില്‍നിന്നിറങ്ങാന്‍ കുറച്ചുനാളുകള്‍മാത്രം ശേഷിക്കേ വൈറ്റ്ഹൗസിലെ അവസാന ദീപാവലിയാഘോഷം ഗംഭീരമാക്കി യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍. തിങ്കളാഴ്ച നടന്ന ആഘോഷച്ചടങ്ങില്‍ പാര്‍ലമെന്റംഗങ്ങളും വ്യവസായികളുമുള്‍പ്പെടെ 600-ലേറെ ഇന്ത്യന്‍വംശജര്‍ പങ്കെടുത്തു.
പ്രസിഡന്റെന്ന നിലയില്‍ വൈറ്റ്ഹൗസിലെ ഏറ്റവും വലിയ ദീപാവലി ആഘോഷത്തിന് ആതിഥ്യമരുളാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് ബൈഡന്‍ പറഞ്ഞു. വൈസ് പ്രസിഡന്റ് കമലാഹാരിസ് മുതല്‍ സര്‍ജന്‍ ജനറല്‍ ഡോ. വിവേക് എച്ച്. മൂര്‍ത്തിവരെ ദക്ഷിണേഷ്യന്‍ വംശജരാണ് തന്റെ ഉദ്യോഗസ്ഥവൃന്ദത്തിന്റെ ആണിക്കല്ലായി വര്‍ത്തിക്കുന്നതെന്ന് ബൈഡന്‍ പറഞ്ഞു.
പ്രചാരണത്തിരക്കിലായതിനാല്‍ പ്രഥമവനിത ജില്‍ ബൈഡനും കമലയും ആഘോഷത്തില്‍ പങ്കെടുത്തില്ല. ഇന്ത്യന്‍വംശജയായ നാസയുടെ ശാസ്ത്രജ്ഞ സുനിതാ വില്യംസ് അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍നിന്ന് ദീപാവലിസന്ദേശം റെക്കോഡ് ചെയ്തയച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല