സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്നെത്തുന്ന നഴ്സുമാർക്കു യുകെയിലെ ആരോഗ്യ സമ്പ്രദായങ്ങൾ പരിചയപ്പെടുത്തുന്നതിനായി പ്രത്യേക പരിശീലനം നൽകാൻ പദ്ധതി ആവിഷ്കരിക്കുമെന്നു ബ്രിട്ടിഷ് രാജാവ് ചാൾസ് പറഞ്ഞു. ഇക്കാര്യം യുകെ സർക്കാർ തലത്തിൽ ചർച്ച ചെയ്യാൻ രാജകുടുംബത്തിന്റെ പഴ്സനൽ ഡോക്ടർ മൈക്കൽ ഡിക്സനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പരമ്പരാഗത ആയുർവേദ, പ്രകൃതി ചികിത്സാ (ആയുഷ്) രീതികൾ പ്രചരിപ്പിക്കുന്നതിനുള്ള കേന്ദ്രം, ചാൾസ് രാജാവിന്റെ താൽപര്യപ്രകാരം 2 വർഷം മുൻപ് യുകെയിൽ പ്രവർത്തനം തുടങ്ങിയിരുന്നു. അത്തരം കേന്ദ്രങ്ങൾ മറ്റു കോമൺവെൽത്ത് രാജ്യങ്ങളിലേക്കു വ്യാപിപ്പിക്കുമെന്നും അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി, പ്രകൃതി ചികിത്സ, യോഗ സമ്പ്രദായങ്ങൾ സംയോജിപ്പിച്ചുള്ള സമഗ്ര ആരോഗ്യനയമാണ് ലോകത്തിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരു വൈറ്റ്ഫീൽഡ് സൗഖ്യ ഹോളിസ്റ്റിക് ആൻഡ് ഇന്റഗ്രേറ്റഡ് മെഡിക്കൽ സെന്ററിൽ ഏതാനും ദിവസമായി ചികിത്സയിലായിരുന്നു ചാൾസ് രാജാവ്. ലണ്ടനിലെ റോയൽ കോളജ് ഓഫ് മെഡിസിനുമായി സഹകരിച്ചു പ്രവർത്തിക്കുന്ന സൗഖ്യയിലെ ചികിത്സയുടെ ഭാഗമായി ഈ ദിവസങ്ങളിൽ ഒരു മണിക്കൂറോളം യോഗയും പരിശീലിച്ചു. ഇന്നലെ രാവിലെ രാജ്ഞി കാമിലയോടൊപ്പം യുകെയിലേക്കു മടങ്ങി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല