1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 2, 2024

സ്വന്തം ലേഖകൻ: കുവൈത്തിലെ ഏഴരലക്ഷത്തോളം പ്രവാസികള്‍ ബയോമെട്രിക് വിരലടയാളം രജിസ്റ്റര്‍ ചെയ്യാന്‍ ഇനിയും ബാക്കിയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം. ഈ വർഷം അവസാനം രജിസ്‌ട്രേഷനുള്ള സമയപരിധി അവസാനിക്കാനിരിക്കെ രജിസ്‌ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് മന്ത്രാലയം അറിയിച്ചു. 2024 ഡിസംബര്‍ 31 വരെയാണ് പ്രവാസികള്‍ക്ക് ബയോമെട്രിക് രജിസ്റ്റര്‍ ചെയ്യാന്‍ മന്ത്രാലയം അനുവദിച്ചിരിക്കുന്ന സമയം.

ഇതുവരെ 3,032,971 വ്യക്തികള്‍ ബയോമെട്രിക് ഫിംഗര്‍ പ്രിന്റ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 754,852 പ്രവാസികള്‍ ഇനിയും രജിസ്റ്റര്‍ ചെയ്യാന്‍ ബാക്കിയുണ്ട്. കുവൈത്ത് പൗരന്മാര്‍ക്ക് രജിസ്‌ട്രേഷന് അനുവദിച്ച നമയപരിധി സെപ്റ്റംബര്‍ അവസാനം വരെയായിരുന്നു. എന്നാല്‍ പ്രവാസികളുടെ എണ്ണക്കൂടുതല്‍ പരിഗണിച്ച് മന്ത്രാലയം അവര്‍ക്ക് ഡിസംബര്‍ 31വരെ സമയം നീട്ടിനല്‍കുകയായിരുന്നു.

രാജ്യത്തെ മുഴുവന്‍ പ്രവാസികളും ഈ സമയപരിധി അവസാനിക്കുന്നതിന് മുൻപ് ബയോമെട്രിക് കേന്ദ്രങ്ങളിലെത്തി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പേഴ്സണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള ലെഫ്റ്റനന്റ് കേണല്‍ താമര്‍ ദഖിന്‍ അല്‍ മുതൈരി പറഞ്ഞു.

ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ എവിഡന്‍സ്, പേഴ്‌സണല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്, ഹവല്ലി, ഫര്‍വാനിയ, അഹമ്മദി, മുബാറക് അല്‍ കബീര്‍, ജഹ്റ എന്നീ ഗവര്‍ണറേറ്റുകളിലെ സെക്യൂരിറ്റി ഡയറക്ടറേറ്റുകള്‍, അലി സബാഹ് അല്‍ സാലിം, ജഹ്റ ഏരിയ എന്നിവിടങ്ങളിലെ കോര്‍പറേറ്റ് വിരലടയാളത്തിനുള്ള പേഴ്‌സണല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവിടങ്ങളില്‍ എവിടെ എത്തിയാലും രജിസ്‌ട്രേഷന് സൗകര്യമുണ്ടായിരിക്കുമെന്നും ലെഫ്റ്റനന്റ് കേണല്‍ താമര്‍ ദഖിന്‍ അല്‍ മുതൈരി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.