1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 2, 2024

സ്വന്തം ലേഖകൻ: സൗദി അറേബ്യയുടെ ദി ലൈന്‍ നഗര നിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടെ തൊഴിലാളികളുടെ സുരക്ഷയ്ക്ക് വിലകല്‍പ്പിക്കപ്പെടുന്നില്ലെന്നും തൊഴിലാളികളുടെ മരണ നിരക്ക് വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്നും ആരോപണം. വാള്‍സ്ട്രീറ്റ് ജേണല്‍, ബിബിസി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചത്. സൗദി തൊഴില്‍ രംഗത്ത് മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ സൗദിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും തൊഴില്‍ സുരക്ഷയുടെ കാര്യത്തില്‍ അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ പ്രശംസ നേടിയ രാജ്യമാണ് സൗദിയെന്നും സൗദി അധികൃതര്‍ വ്യക്തമാക്കി.

100 മൈല്‍ നീളമുള്ള അത്യാധുനിക നഗരമായ ദ ലൈനിന്‍റെ നിർമാണത്തില്‍ മനുഷ്യത്വരഹിതമായ തൊഴില്‍ സമ്പ്രദായങ്ങള്‍, തൊഴിലാളികളുടെ മരണങ്ങള്‍ എന്നിവ നടക്കുന്നതായാണ് ചില മാധ്യമങ്ങളുടെ ആരോപണം. പദ്ധതിക്കായി സമീപത്തെ ആയിരക്കണക്കിന് ഗ്രാമീണരെ നിര്‍ബന്ധമായി കുടിയൊഴിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ച്ചയായി 16 മണിക്കൂര്‍ നീളുന്ന ഷിഫ്റ്റുകളില്‍ തൊഴിലാളികള്‍ ജോലി ചെയ്യേണ്ടിവരുന്നതിനാല്‍ അത് ആരോദ്യ പ്രശ്‌നങ്ങള്‍ക്കും തൊഴിലപകടങ്ങള്‍ക്കും മരണങ്ങള്‍ക്കും വരെ കാരണമാവുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

വാള്‍സ്ട്രീറ്റ് ജേണല്‍ പ്രസിദ്ധീകരിച്ച ഒരു അന്വേഷണ റിപ്പോര്‍ട്ടില്‍ സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് സംഭവിച്ച തൊഴിലാളികളുടെ മരണത്തെ കുറിച്ച് പറയുന്നുണ്ട്. 6,000-ത്തിലധികം ഗ്രാമീണര്‍ ദ ലൈന്‍ നിര്‍മാണ സൈറ്റിന് സമീപമുള്ള വീടുകളില്‍ നിന്ന് നിര്‍ബന്ധിത കുടിയൊഴിപ്പിക്കലിന് വിധേയരായതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ച ഡസന്‍ കണക്കിന് ആളുകള്‍ക്ക് 15 മുതല്‍ 50 വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചിട്ടുണ്ടെന്നും കുറഞ്ഞത് അഞ്ച് പ്രതിഷേധക്കാര്‍ക്ക് വധശിക്ഷ നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ രാജ്യത്തെ മോശം തൊഴില്‍ സാഹചര്യങ്ങള്‍ കാരണം തൊഴിലാളികളുടെ മരണനിരക്ക് വര്‍ദ്ധിക്കുന്നതായി വിവിധ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ സൗദി അറേബ്യയിലെ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഒക്യുപേഷണല്‍ സേഫ്റ്റി ആന്‍ഡ് ഹെല്‍ത്ത് ശക്തമായി നിഷേധിച്ചു. നാഷനല്‍ കൗണ്‍സില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍, സൗദി അറേബ്യയിലെ തൊഴില്‍ സംബന്ധമായ മരണനിരക്ക് 100,000 തൊഴിലാളികള്‍ക്ക് 1.12 ആണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇത് ആഗോളതലത്തില്‍ തൊഴില്‍ സംബന്ധമായ മരണങ്ങളുടെ ഏറ്റവും കുറഞ്ഞ നിരക്കുള്ള രാജ്യങ്ങളുടെ പട്ടികയില്‍ സൗദിക്ക് ഇടം നല്‍കി.

ഈ പുരോഗതി ഇന്‍റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ (ഐഎല്‍ഒ) അംഗീകരിച്ചിട്ടുണ്ട്. തൊഴില്‍ സുരക്ഷയിലും ആരോഗ്യത്തിലും സൗദി അറേബ്യ കൈവരിച്ച ശ്രദ്ധേയമായ മുന്നേറ്റങ്ങളെ ഐഎല്‍ഒ അതിന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ അഭിനന്ദിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ഇന്‍റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസ്‌ക് ആന്‍ഡ് സേഫ്റ്റി മാനേജ്മെന്‍റ്, ബ്രിട്ടീഷ് സേഫ്റ്റി കൗണ്‍സില്‍ എന്നിവയുള്‍പ്പെടെയുള്ള മറ്റ് പ്രശസ്തമായ സംഘടനകളും സൗദിയുടെ ഈ നേട്ടത്തെ അംഗീകരിച്ചിട്ടുണ്ട്. സൗദി ചട്ടങ്ങളില്‍ തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവുമാണ് അടിസ്ഥാന മുന്‍ഗണനകളെന്ന് കൗണ്‍സില്‍ വ്യക്തമാക്കി.

സൗദി വിഷന്‍ 2030 ചട്ടക്കൂടിന് കീഴിലുള്ള സംരംഭങ്ങള്‍, പ്രത്യേകിച്ച് തൊഴില്‍ സുരക്ഷയ്ക്കും ആരോഗ്യത്തിനുമുള്ള ദേശീയ സ്ട്രാറ്റജിക് പ്രോഗ്രാം, വികസന പദ്ധതികളില്‍ മനുഷ്യക്ഷേമത്തിന് മുന്‍ഗണന നല്‍കുന്നു. 2017ല്‍ ആരംഭിച്ച ഈ പ്രോഗ്രാം ജോലിസ്ഥലത്തെ സുരക്ഷാ മാനദണ്ഡങ്ങള്‍, പ്രോട്ടോക്കോളുകള്‍, നിയമനിര്‍മ്മാണം എന്നിവ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്നവയാണെന്നും അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

സൗദി തൊഴില്‍ നിയമങ്ങള്‍ പ്രതിരോധ, ചികിത്സാ, ആരോഗ്യ സംരക്ഷണ സേവനങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമഗ്രമായ ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കണമെന്ന് തൊഴിലുടമകളോട് ആവശ്യപ്പെടുന്നുണ്ട്. കൂടാതെ, ആരോഗ്യപരമായ അപകടസാധ്യതകള്‍ ലഘൂകരിക്കുന്നതിനും പ്രസക്തമായ ഐഎല്‍ഒയുടെ ഉടമ്പടികളുമായി യോജിപ്പിച്ച് ജോലി സമയം അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും വേനല്‍ക്കാലത്ത് ചൂടേറിയ സമയങ്ങളില്‍ ഔട്ട്‌ഡോര്‍ ജോലികള്‍ നിയന്ത്രണങ്ങള്‍ പരിമിതപ്പെടുത്തിവരുന്നുണ്ട്.

മാധ്യമ റിപ്പോര്‍ട്ടിങ്ങിലെ വിശ്വാസ്യത പ്രാധാനമാണെന്നും വിവരങ്ങള്‍ക്കായി ശരിയായ ഉറവിടങ്ങളെ മാത്രം ആശ്രയിക്കണമെന്നും മാധ്യമ സ്ഥാപനങ്ങളോടും പൊതുജനങ്ങളോടും കൗണ്‍സില്‍ അഭ്യർഥിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.